റാഗിങ്: നാലു ദിവസമായിട്ടും നടപടിയില്ല; കോട്ടണ്‍ഹില്‍ സ്‌കൂളില്‍ രക്ഷിതാക്കളുടെ പ്രതിഷേധം
text_fieldsതിരുവനന്തപുരം: പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോട്ടൺഹിൽ സ്കൂളിലെ റാഗിങ് പരാതിയിൽ നാലു ദിവസം കഴിഞ്ഞിട്ടും സ്കൂള്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് രക്ഷാകർത്താക്കള്‍ സ്കൂള്‍ കവാടത്തിനു മുന്നില്‍ പ്രതിഷേധിച്ചു. ഞായറാഴ്ച രക്ഷാകർത്താക്കളുടെ യോഗം ചേർന്ന് കുറ്റക്കാരായവർക്കെതിരെ ഉടൻ നടപടിയെടുക്കുമെന്ന് സ്കൂൾ അധികൃതർ ഉറപ്പു നൽകിയിരുന്നെങ്കിലും പാലിക്കാത്തതിനെ തുടർന്നാണ് മാതാപിതാക്കൾ തിങ്കളാഴ്ച രാവിലെ സ്കൂളിലെത്തിയത്. എന്നാൽ, രക്ഷാകർത്താക്കളെ കാണാൻ പ്രിൻസിപ്പൽ തയാറാകാത്തതോടെയാണ് സ്കൂളിന് പുറത്ത് അമ്മമാരടക്കമുള്ളവർ പ്രതിഷേധം ആരംഭിച്ചത്.
റാഗിങ് നടത്തിയ കുട്ടികളെ കൗൺസലിങ് നൽകിയ ശേഷം ടി.സി നൽകി പറഞ്ഞയക്കുക, സംഭവത്തെ തുടർന്ന് മാനസികമായി തകർന്ന കുട്ടികൾക്ക് കൗൺസലിങ് നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് രക്ഷാകർത്താക്കൾ മുന്നോട്ടുവെച്ചത്. എന്നാൽ, റാഗിങ്ങിന്‍റെ പേരിൽ കുട്ടികൾക്ക് ടി.സി നൽകാൻ കഴിയില്ലെന്ന് സ്കൂൾ അധികൃതർ നിലപാടെടുത്തതോടെ പ്രതിഷേധം കൂടുതൽ ശക്തമാകുകയായിരുന്നു. ഇതിനിടയിൽ സ്കൂളിൽ മറ്റൊരു പരിപാടിക്കെത്തിയ സ്ഥലം എം.എൽ.എയും മന്ത്രിയുമായ ആന്‍റണി രാജുവിനെയും പ്രതിഷേധക്കാർ തടഞ്ഞു. റാഗിങ് പരാതിയിൽ അടിയന്തര നടപടി വേണമെന്ന് ഇവർ ആവശ്യപ്പെട്ടു.
ഉചിതമായ നടപടി സ്വീകരിക്കുമെന്നും കുട്ടികളുടെ സുരക്ഷക്കായി സ്കൂളിൽ സി.സി ടി.വി സ്ഥാപിക്കാനുള്ള തുക എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിക്കാമെന്നും മന്ത്രി ഉറപ്പുനൽകിയതോടെയാണ് രക്ഷാകർത്താക്കൾ ശാന്തരായത്. ചൊവ്വാഴ്ച രാവിലെയും പ്രിൻസിപ്പലിനെ കാണാനെത്തുമെന്നും അതിനു കൂട്ടാക്കാത്ത പക്ഷം പ്രിൻസിപ്പലിനെ സ്കൂളിന് പുറത്തുപോകാൻ സമ്മതിക്കില്ലെന്നും രക്ഷാകർത്താക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
പ്രൈമറി ക്ലാസുകളിലെ കുട്ടികളെ സീനിയർ ക്ലാസുകളിലെ ചില കുട്ടികള്‍ റാഗ് ചെയ്തെന്നാണ് രക്ഷാകർത്താക്കളുടെ പരാതി. വ്യാഴാഴ്ച ഉച്ചഭക്ഷണത്തിനു ശേഷം മൂത്രപ്പുരയിലേക്കു പോയ അഞ്ച്, ആറ് ക്ലാസുകളിലെ കുട്ടികളെ അതിനുള്ളിൽ വെച്ച് മുതിർന്ന കുട്ടികൾ തടഞ്ഞുനിർത്തി കൈയിലെ ഞരമ്പ് മുറിക്കുമെന്നും കെട്ടിടത്തിന്‍റെ മുകളിൽനിന്ന് തള്ളിയിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും കൈയിൽ പിടിച്ച് ബലമായി അമർത്തിയെന്നുമാണ് കുട്ടികൾ അധ്യാപകരോട് പറഞ്ഞത്.
അധ്യാപകർ ക്ലാസുകളിൽ കുട്ടികളുമായി എത്തിയെങ്കിലും അക്രമം നടത്തിയവരെ കണ്ടെത്താനായില്ല. തുടർന്നാണ് ഒരു കുട്ടിയുടെ രക്ഷാകർത്താവ് മ്യൂസിയം പൊലീസിൽ പരാതി നൽകിയത്.
സ്കൂളിനെ തകർക്കാനുള്ള നീക്കമെന്ന് അധികൃതർ
തിരുവനന്തപുരം: പ്രതിഷേധങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സ്കൂളിനെ തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും സ്കൂൾ അധികൃതർ ആരോപിച്ചു. ഒറ്റപ്പെട്ട സംഭവത്തെ പെരുപ്പിച്ച് കാട്ടി ഒരു വിഭാഗം രക്ഷാകർത്താക്കൾ സ്കൂളിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് മാനേജിങ് കമ്മിറ്റി ചെയർമാനും സി.പി.എം നേതാവുമായ ആർ. പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഉപ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിനു ശേഷമാകും തുടർനടപടി. രക്ഷാകർത്താവ് നൽകിയ പരാതിയിൽ അക്രമം നടത്തിയ കുട്ടികളെ കണ്ടെത്താൻ തിങ്കളാഴ്ച സ്കൂളിൽ തിരിച്ചറിയൽ പരേഡ് നടത്താൻ മ്യൂസിയം പൊലീസ് തീരുമാനിച്ചിരുന്നു. ഉന്നതതല ഇടപെടലിനെ തുടർന്ന് ആ നീക്കം മരവിപ്പിച്ചു. സ്കൂളിനുള്ളിൽ പൊലീസ് കയറേണ്ടതില്ലെന്നും വിദ്യാഭ്യാസ വകുപ്പിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മാത്രം തുടർനടപടി സ്വീകരിച്ചാൽ മതിയെന്നുമാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.