റാഗിങ്: രണ്ടുപേർക്ക് സസ്പെൻഷൻ; പ്രിൻസിപ്പലിനും അസിസ്റ്റൻറ് വാർഡനും ഗുരുതര വീഴ്ച
text_fieldsഗാന്ധിനഗർ (കോട്ടയം): ഗവ. നഴ്സിങ് കോളജ് ഹോസ്റ്റലിൽ വിദ്യാർഥികൾ റാഗിങ്ങിനിരയായ സംഭവത്തിൽ പ്രിൻസിപ്പൽ പ്രഫ. എ.ടി. സുലേഖ, അസിസ്റ്റൻറ് വാർഡന്‍റെ ചുമതലയുള്ള അസി. പ്രഫസർ അജീഷ് പി. മാണി എന്നിവർ ഗുരുതര വീഴ്ച വരുത്തിയെന്ന് കണ്ടെത്തൽ. പ്രത്യേക അന്വേഷണസംഘം നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇരുവരെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്ത് വെള്ളിയാഴ്ച ഉത്തരവിറക്കിയിരുന്നു. ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെയും അടിയന്തരമായി നീക്കി.
ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്‍റെ നിര്‍ദേശപ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. പ്രത്യേക അന്വേഷണസംഘം വെള്ളിയാഴ്ചതന്നെ കോളജിൽ എത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിലെ ജോയന്‍റ് ഡയറക്ടർ (നഴ്സിങ്) ഡോ. ടി. പ്രേമലത, തിരുവനന്തപുരം മെഡിക്കൽ കോളജ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം അസി. പ്രഫസർ ഡോ. എ. ഷാനവാസ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ അഡ്മിനിസ്ട്രേറ്റിവ് അസി. എൽ.ആർ. ചിത്ര എന്നിവരാണ് എത്തിയത്. രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിരുന്നതെങ്കിലും വൈകീട്ടുതന്നെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ആരോഗ്യ വകുപ്പ് അധികൃതർക്ക് കൈമാറുകയും രാത്രിയോടെ അഡീഷനൽ ചീഫ് സെക്രട്ടറി സസ്പെൻഷൻ ഉത്തരവ് ഇറക്കുകയുമായിരുന്നു.
അന്വേഷണത്തിൽ കണ്ടെത്തിയ വീഴ്ചകൾ
- അധ്യാപകർക്ക് 2024 നവംബർ നാലുമുതൽ ഡിസംബർ 12 വരെ മാത്രമേ ആൻറി റാഗിങ് ഡ്യൂട്ടി നൽകിയിട്ടുള്ളൂ.
- അസിസ്റ്റൻറ് വാർഡൻ ഒഴികെ മറ്റ് അധ്യാപകരാരും ഡ്യൂട്ടി ഷെഡ്യൂൾ പ്രകാരം ഹോസ്റ്റൽ സന്ദർശിച്ചിട്ടില്ല.
- ബന്ധപ്പെട്ട രജിസ്റ്ററുകൾ കൃത്യമായി സൂക്ഷിക്കുന്നില്ല.
- നവംബർ 29നുശേഷം ആന്‍റി റാഗിങ് കമ്മിറ്റി ചേർന്നിട്ടില്ല.
- ആന്‍റി റാഗിങ് സ്ക്വാഡ് സംബന്ധിച്ച് രേഖകൾ ഒന്നും സൂക്ഷിച്ചില്ല.
- ഹൗസ് കീപ്പർ കം സെക്യൂരിറ്റി ആയിരുന്ന 70 കാരനായ ജീവനക്കാരൻ ഹോസ്റ്റലിൽതന്നെ താമസിച്ചിട്ടും റാഗിങ് റിപ്പോർട്ട് ചെയ്യുന്നതിലും തടയുന്നതിലും പരാജയപ്പെട്ടു.
- ക്ലാസുകളും മുന്നറിയിപ്പും നൽകിയതൊഴിച്ചാൽ റാഗിങ് തടയുന്നതിനുള്ള മുൻകരുതലുകളെടുക്കുന്നതിൽ കോളജ് അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.