വടക്കേക്കാട്ട് റാഗിങ്: കാഴ്ചക്കുറവുള്ള വിദ്യാർഥിക്ക് മർദനം
text_fieldsവടക്കേക്കാട്: തിരുവളയന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ റാഗിങ്ങിന്റെ മറവിൽ ആക്രമണം. കാഴ്ചക്കുറവുള്ള വിദ്യാർഥിയെയാണ് കണ്ണട മാറ്റാനാവശ്യപ്പെട്ട് സീനിയർ വിദ്യാർഥികൾ വളഞ്ഞിട്ട് ക്രൂരമായി ആക്രമിച്ചത്.
പരിക്കേറ്റ പത്താം ക്ലാസ് വിദ്യാർഥി വടക്കേക്കാട് പുത്തൻപുള്ളി രാജേന്ദ്രന്റെ മകൻ ജ്യോതിഷിനെ ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്‌ധ പരിശോധനക്ക് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവത്തിന്റെ തുടക്കം. കാഴ്ചക്കുറവുള്ള ജ്യോതിഷ് ക്ലാസിലേക്ക് കയറും മുമ്പ് പ്ലസ് ടുവിൽ പഠിക്കുന്ന ഒമ്പതോളം വിദ്യാർഥികൾ കണ്ണട അഴിച്ച് ക്ലാസിൽ കയറിയാൽ മതിയെന്നും ഷൂസ് ധരിക്കരുതെന്നും ആവശ്യപ്പെട്ടു. പ്ലസ്ടു ക്ലാസ് വിട്ട ശേഷവും അക്രമികൾ വീട്ടിൽ പോകാതെ വൈകുന്നേരം വരെ സ്കൂളിൽ കാത്തുനിന്നു.
വൈകുന്നേരം ജ്യോതിഷ് ക്ലാസ് വിട്ട് പുറത്തിറങ്ങിയപ്പോൾ വിദ്യാർഥി സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നെന്ന് ബന്ധുക്കൾ അറിയിച്ചു.
ബഹളം കേട്ട് അധ്യാപകരെത്തിയപ്പോഴാണ് സംഘം ഓടി മറഞ്ഞത്. സംഭവം രക്ഷിതാക്കളെ വിളിച്ചറിയിക്കാൻ ഫോൺ ആവശ്യപ്പെട്ടെങ്കിലും ഒരു അധ്യാപിക നൽകിയില്ലെന്ന് ആക്ഷേപമുണ്ട്. കൂടാതെ തിങ്കളാഴ്ച രാത്രി മറ്റൊരധ്യാപിക വിളിച്ച് സംഭവം പൊലീസ് കേസാക്കരുതെന്ന് ആവശ്യപ്പെട്ടതായും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.