'ആ ഗോപിയല്ല ഈ ഗോപിയെന്ന് മനസ്സിലാക്കുക'; സുരേഷ് ഗോപിക്ക് വേണ്ടി പല വി.ഐ.പികളും കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് മകൻ
text_fieldsതൃശൂർ: തൃശൂർ ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിക്ക് വേണ്ടി പല വി.ഐ.പികളും കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് മകൻ. ഫേസ്ബുക് പോസ്റ്റിലൂടെ മകൻ രഘുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആ ഗോപിയല്ല ഈ ഗോപിയെന്ന് മനസ്സിലാക്കുക. അനുഗ്രഹം തേടി വീട്ടിലേക്ക് വരാനുള്ള നീക്കത്തെ എതിര്‍ത്തപ്പോള്‍, 'പത്മഭൂഷണ്‍ കിട്ടണ്ടേ' എന്ന് പ്രമുഖ ഡോക്ടര്‍ ചോദിച്ചതായും രഘു പോസ്റ്റിൽ പറഞ്ഞു.
സുരേഷ് ഗോപിക്ക് വേണ്ടി പല വി.ഐ.പികളും അച്ഛനെ സ്വാധീനിക്കാൻ നോക്കുന്നു. ആ ഗോപിയല്ല ഈ ഗോപി എന്ന് മാത്രം മനസിലാക്കുക. വെറുതെ ഉള്ള സ്നേഹവും ബഹുമാനവും കളയരുത്. പലരും സ്നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്ക് മനസിലായത്. എല്ലാവർക്കും രാഷ്ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല. അത് നെഞ്ചിൽ അഴ്ന്നിറങ്ങിയതാണെന്നും കുറിപ്പിൽ പറയുന്നു.
നിങ്ങളോടുള്ള ബഹുമാനം മുതലാക്കാൻ നോക്കരുത്. പ്രശസ്തനായ ഒരു ഡോക്ടർ അച്ഛനെ വിളിച്ചിട്ട് പറയുന്നു നാളെ അങ്ങോട്ടു വരുന്നുന്നുണ്ട് സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന്.അച്ഛന് മറുത്തൊന്നും പറയാൻ പറ്റാത്ത ഡോക്ടറായിരുന്നു വിളിച്ചത്. അച്ഛൻ എന്നോട് പറഞ്ഞോളാൻ പറഞ്ഞു ഞാൻ സാറെ വിളിച്ചു പറഞ്ഞു. എന്നോട് നിങ്ങളാരാ പറയാൻ അസുഖം വന്നപ്പോൾ ഞാനെ ഉണ്ടായുള്ളൂ എന്നായിരുന്നു ഡോക്ടറുടെ മറുപടി. ഞാൻ പറഞ്ഞു അത് മുതലെടുക്കാൻ വരരുതെന്ന്. അത് ആശാൻ പറയട്ടെന്നായിരുന്നു ഡോക്ടറുടെ മറുപടി. അവസാനം അച്ഛൻ വിളിച്ചു പറഞ്ഞു വരണ്ടെന്ന്. അപ്പോൾ ഡോക്ടർ ആശാന് പത്മഭൂഷൺ കിട്ടേണ്ടന്ന് തിരിച്ചു ചോദിച്ചു. അങ്ങനെ എനിക്ക് കിട്ടണ്ടെന്ന് അച്ഛൻ മറുപടി നൽകിയെന്നുമാണ് കുറിപ്പിലുള്ളത്. ഇനിയും ആരും ബി.ജെ.പിക്കും, കോൺഗ്രസിനും വേണ്ടി ഈ വീട്ടിൽ കേറി സഹായിക്കേണ്ട ഇത് ഒരു അപേക്ഷയായി കൂട്ടണമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
പോസ്റ്റ് ചർച്ചയായതിന് പിന്നാലെ രഘു ഇത് സമൂഹമാധ്യമങ്ങളിൽ നിന്ന് പിൻവലിച്ചു. 'ഇന്നലെ ഞാൻ ഇട്ട പോസ്റ്റ് എല്ലാവരും ചർച്ചയാക്കിരിരുന്നു. സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാൻ വേണ്ടി മാത്രമാണ്. ഈ ചർച്ച അവസാനിപ്പിക്കാം. നന്ദി' -മറ്റൊരു പോസ്റ്റിൽ രഘു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.