താറാവ് മുട്ടയിടുന്നത് പോലെ കാണിക്കണമെന്ന് റാഗിങ്; കണ്ണൂരിൽ കോളജിലും സ്കൂളിലുമായി ഒമ്പത് കുട്ടികൾക്കെതിരെ കേസ്
text_fieldsകണ്ണൂർ: നവാഗതരായ വിദ്യാർഥികൾ എത്തിത്തുടങ്ങിയതോടെ ജില്ലയിലെ സ്കൂളുകളിലും കോളജുകളിലും റാഗിങ് ശക്തമാകുന്നു. ജില്ലയിൽ വ്യാഴാഴ്ച ചക്കരക്കല്ല്, കണ്ണൂർ ടൗൺ സ്റ്റേഷനുകളിലായി രണ്ട് റാഗിങ് കേസുകൾ റിപ്പോർട്ട് ചെയ്തു.
അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിൽ ആലപ്പുഴ സ്വദേശിനിയായ ഒന്നാംവർഷ ബി.ഡി.എസ് വിദ്യാർഥിനിയെ റാഗ് ചെയ്ത സംഭവത്തിൽ ആറു സീനിയർ വിദ്യാർഥികൾക്കെതിരെയാണ് ചക്കരക്കല്ല് പൊലീസ് കേസെടുത്തത്. മേയ് അവസാനവും ജൂണിലുമാണ് മാസ്ക് ധരിച്ചെത്തിയ വിദ്യാർഥികൾ പെൺകുട്ടിയെ ഉപദ്രവിച്ചത്. മേയ് ആദ്യവാരം ഉച്ച ഭക്ഷണം കഴിക്കാന്‍ ഹോസ്റ്റലിലേക്ക് പോകവെ ബോയ്‌സ് ഹോസ്റ്റലിന് മുന്നില്‍ വെച്ച് നാലുപേര്‍ തടഞ്ഞുനിര്‍ത്തി താറാവ് മുട്ടയിടുന്നത് എങ്ങനെയെന്നു കാണിച്ചുകൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഭീഷണിക്ക് വഴങ്ങി പ്രതികള്‍ പറഞ്ഞപ്രകാരം ചെയ്തു. പ്രതികളിലൊരാള്‍ പിറകില്‍ നിന്ന് പരാതിക്കാരിയുടെ ചുരിദാര്‍ ടോപ്പിന്‍റെ അറ്റം പൊക്കി സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു. ദൃശ്യം പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.
ജൂണ്‍ 15ന് ക്ലാസിലേക്ക് പോകുന്ന സമയത്ത് ഹോസ്റ്റല്‍ ഗ്രൗണ്ടിനടുത്തുള്ള കാടുമൂടിയ സ്ഥലത്ത് വെച്ച് പ്രതികള്‍ ഭീഷണിപ്പെടുത്തി. നീ അന്ന് ചെയ്ത മുട്ടയിടുന്ന വീഡിയോ ഞങ്ങളുടെ ഫോണിലുണ്ടെന്നും അത് മറ്റുള്ളവരെ കാണിക്കുമെന്നും പറഞ്ഞ് ബ്ലാക്മെയിൽ ചെയ്യുകയായിരുനു. തുടര്‍ന്ന് കൈയ്യില്‍ കയറി പിടിച്ചതോടെ വിദ്യാര്‍ഥിനി പ്രതികളിലൊരാളെ കൈകൊണ്ട് അടിച്ചു. ഇതിനിടെ കൂട്ടത്തിലൊരാള്‍ വലതുകൈ പിറകോട്ട് പിടിച്ച് ലൈംഗിക ഉദ്ദേശത്തോടെ പരാതിക്കാരിയുടെ പിന്‍ഭാഗത്ത് പിടിച്ചമര്‍ത്തുകയും മറ്റുള്ളവര്‍ ചേര്‍ന്ന് അഞ്ച് വര്‍ഷം ഇവിടെ പഠിക്കേണ്ടതാണെന്ന കാര്യം മറക്കേണ്ടെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
വിദ്യാര്‍ഥിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും 1998 ലെ റാഗിങ്ങ് നിരോധന നിയമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചേര്‍ത്താണ് ചക്കരക്കല്‍ പൊലീസ് കേസെടുത്തത്. റാഗ് ചെയ്ത വിദ്യാർഥികളെ തിരിച്ചറിഞ്ഞിട്ടില്ല. ഫാർമസി കോളജിലെ യൂനിഫോം ധരിച്ചെത്തിയ വിദ്യാർഥികളാണ് ആക്രമിച്ചത്. അവധിയിൽ തുടർന്ന പെൺകുട്ടിയോട് രക്ഷിതാക്കൾ അന്വേഷിച്ചപ്പോഴാണ് റാഗിങ് വിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ ദിവസം രക്ഷിതാക്കൾക്കൊപ്പമെത്തി കോളജിൽ നൽകിയ പരാതി പ്രിൻസിപ്പൽ ചക്കരക്കല്ല് പൊലീസിന് കൈമാറുകയായിരുന്നു.
ചൊവ്വ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ റാഗ് ചെയ്ത സംഭവത്തിൽ മൂന്നുപേർക്കെതിരെയാണ് ടൗൺ പൊലീസ് കേസെടുത്തത്. കക്കാട് പാലക്കാട് സ്വാമിമഠം സ്വദേശിയായ 16കാരനെ ടീ ഷർട്ട് ധരിച്ചത് ചോദ്യം ചെയ്ത് സീനിയർ വിദ്യാർഥികൾ മർദിക്കുകയായിരുന്നു. കുട്ടിയുടെ മൂക്കിന് ഇടിച്ചതായും പരാതിയിൽ പറയുന്നു. ബുധനാഴ്ചയാണ് സംഭവം. വിദ്യാർഥിയുടെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു.
സ്കൂളുകളിലും കോളജുകളിലും റാഗിങ് തടയാൻ റാഗിങ് വിരുദ്ധ കമ്മിറ്റികളുണ്ടെങ്കിലും പലയിടത്തും നിർജീവമാണെന്ന് പരാതിയുണ്ട്. സ്ഥാപനത്തിന് ചീത്തപ്പേരുണ്ടാകുമെന്ന് കരുതി പല മാനേജ്മെന്റുകളും റാഗിങ് കേസുകൾ ഒതുക്കിത്തീർക്കുകയാണെന്നും പരാതിയുണ്ട്.
ചുഴലി ഗവ. ഹയർ സെക്കൻഡറിയിൽ വിദ്യാർഥികൾ ജനൽചില്ലുകൾ തകർത്തു; അധ്യാപകർക്കു നേരെയും കൈയേറ്റ ശ്രമം
ശ്രീകണ്ഠപുരം: പ്ലസ് വൺ ക്ലാസുകൾ തുടങ്ങിയതോടെ ചുഴലി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒരു കൂട്ടം പ്ലസ്ടു വിദ്യാർഥികളുടെ അഴിഞ്ഞാട്ടം. ഒന്നാം വർഷ വിദ്യാർഥികളെയും പത്താം ക്ലാസുകാരെയും റാഗിങ്ങിനും കൈയേറ്റത്തിനും ശ്രമിച്ച ചില പ്ലസ് ടു വിദ്യാർഥികൾ, പ്രശ്നത്തിലിടപ്പെട്ട അധ്യാപകരെയും കൈയേറ്റം ചെയ്തു. ബുധനാഴ്ചയാണ് സംഭവം. പ്ലസ് വൺ വിദ്യാർഥിയെ ആക്രമിക്കുന്നത് കണ്ട് പിടിച്ചുമാറ്റാൻ ചെന്ന രണ്ട് അധ്യാപകരെ പ്ലസ് ടു കോമേഴ്സിലെ ചില വിദ്യാർഥികൾ പിടിച്ചു തള്ളുകയും കൈയേറ്റം ചെയ്യുകയുമാണുണ്ടായതത്രെ.
ഭീഷണി മുഴക്കികൊണ്ടാണ് ഒരു അധ്യാപകനെ പിടിച്ചുതള്ളിയത്. മറ്റ് അധ്യാപകർ കൂടി പ്രശ്നത്തിലിടപെട്ടെങ്കിലും വിദ്യാർഥികൾ ഭീതി പരത്തി. വൈകീട്ടോടെ സ്കൂളിലെ എട്ട് ജനൽചില്ലുകളും അടിച്ചുതകർത്തു. തുടർന്ന് സ്കൂൾ അധികൃതർ ശ്രീകണ്ഠപുരം പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തുമ്പോഴേക്കും പരാക്രമം കാട്ടിയ വിദ്യാർഥികൾ സ്ഥലംവിട്ടു. സംഭവമറിഞ്ഞ് നാട്ടുകാരൊന്നടങ്കം പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
വ്യാഴാഴ്ച വൈകീട്ട് പ്ലസ് ടു കോമേഴ്സ് ബാച്ച് വിദ്യാർഥികളുടെ രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിപ്പിക്കുകയും കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളിനും അധ്യാപകർക്കും മറ്റ് വിദ്യാർഥികൾക്കും തലവേദന സൃഷ്ടിക്കുന്ന ചില വിദ്യാർഥികൾക്കെതിരെ കർശന നടപടിയെടുക്കാനും ആലോചനയുണ്ട്.
പുറമെനിന്ന് വരുന്ന ചില വിദ്യാർഥികളാണ് പ്രശ്നങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. പ്ലസ്ടുവിലെ ചില കുട്ടികളുടെ പെരുമാറ്റം കാരണം മറ്റ് കുട്ടികൾക്ക് പോലും പഠിക്കാൻ കഴിയാത്ത അവസ്ഥയാണിവിടെയുള്ളതെന്ന് രക്ഷിതാക്കളും പറഞ്ഞു. തുടർന്ന് സ്കൂൾ ജാഗ്രതാ സമിതിയും രൂപവത്കരിച്ചിട്ടുണ്ട്. കൈയാങ്കളിയും റാഗിങ്ങും ഉണ്ടായാൽ കേസെടുക്കാനാണ് പൊലീസ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.