രഹ്ന ഫാത്തിമ ഹൈകോടതിയിൽ മുൻകൂർ ജാമ്യഹരജി നൽകി
text_fieldsകൊച്ചി: നഗ്നശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച കേസിൽ വിവാദ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ ഹൈകോടതിയിൽ മുൻകൂർ ജാമ്യഹരജി നൽകി. തനിക്കെതിരായ കുറ്റങ്ങൾ നിലനിൽക്കുന്നതല്ല. വ്യക്തി സ്വാതന്ത്ര്യത്തിൽ ഉൾപ്പെടുന്ന പ്രവൃത്തിയാണുണ്ടായതെന്നും ജാമ്യഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിൽ ഇവർക്കെതിരെ പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. പോക്സോ സെക്ഷൻ 13, 14, 15 വകുപ്പുകൾ കൂടാതെ ജാമ്യമില്ലാ വകുപ്പുകളായ സെക്ഷൻ 67, 75,120 (ഒ) എന്നിവ കൂടി ചുമത്തിയിട്ടുണ്ട്.
വ്യാഴാഴ്ച രഹ്ന ഫാത്തിമയുടെ പനമ്പള്ളിനഗർ ബി.എസ്.എൻ.എൽ ക്വാർട്ടേഴ്സിൽ റെയ്ഡ് നടത്തിയ പൊലീസ് ലാപ്ടോപ്, രഹ്നയുെട മൊബൈൽ, കുട്ടികളുടെ പെയിൻറിങ് ബ്രഷ്, ചായങ്ങൾ എന്നിവ പിടിച്ചെടുത്തിരുന്നു. എറണാകുളം സൗത്ത് സി.ഐ കെ.ജി. അനീഷിെൻറ നേതൃത്വത്തിലായിരുന്നു പരിശോധന.
വിഡിയോ പ്രചരിപ്പിച്ച സംഭവം എറണാകുളം സൈബർ ഡോം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ചോദ്യംചെയ്യാനും തുടർനടപടിക്കുമാണ് പൊലീസ് വീട്ടിലെത്തിയത്. എന്നാൽ, രഹ്ന വീട്ടിൽ ഉണ്ടായിരുന്നില്ല.
കുട്ടികളെ ഉപയോഗിച്ച് വിഡിയോ എടുത്ത് പ്രചരിപ്പിച്ച സംഭവത്തിൽ ഇവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ ബാലാവകാശ കമീഷൻ ഉത്തരവിട്ടിരുന്നു. തിരുവല്ല പൊലീസ് പോക്സോ, ഐ.ടി വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.