രാഹുലും ആനിരാജയും വിസിറ്റിങ് വിസക്കാര്‍, എന്റേത് സ്ഥിരംവിസ; അമേത്തിയിലെ ജനങ്ങൾ ചെയ്തത് ഇത്തവണ വയനാട്ടിലെ ജനങ്ങൾ ചെയ്യും -കെ. സുരേന്ദ്രന്‍
text_fieldsതിരുവനന്തപുരം: രാഹുല്‍ ഗാന്ധിയും ആനിരാജയും വയനാട്ടിലെ വിസിറ്റിങ് വിസക്കാരാണെന്നും താന്‍ അവിടത്തെ സ്ഥിരം വിസക്കാരനാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റും മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ കെ. സുരേന്ദ്രന്‍. സ്ഥാനാര്‍ഥി പ്രഖ്യാപത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ പോരാട്ടം കാഴ്ചവെക്കും. മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു ഞാൻ. എന്നാല്‍, കഴിഞ്ഞദിവസം കേന്ദ്രനേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് രാഹുല്‍ ഗാന്ധിക്കെതിരേ മത്സരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരേ ശക്തമായ പോരാട്ടം വേണം എന്ന പാര്‍ട്ടിയുടെ നിര്‍ദേശം പരിഗണിച്ച് അച്ചടക്കമുള്ള പ്രവർത്തകനെന്ന നിലയിലാണ് സ്ഥാനാര്‍ഥിത്വം ഏറ്റെടുത്തത്. വളരെ ഭാരിച്ച ഉത്തരവാദിത്തമാണിത്. ഞാന്‍ പൂര്‍ണ സന്തോഷത്തോടെ അത് ഏറ്റെടുക്കുകയാണ്.
ഇത്തവണ വയനാട്ടില്‍ കനത്ത പോരാട്ടം പ്രതീക്ഷിക്കാം. കഴിഞ്ഞ തവണ അമേത്തിയിലെ ജനങ്ങൾ എന്താണോ ചെയ്തത് ഇത്തവണ വയനാട്ടിലെ ജനങ്ങൾ അത് ചെയ്യുമെന്ന പ്രതീക്ഷയോടെയാണ് ഞങ്ങൾ ഇറങ്ങുന്നത്. രാഹുല്‍ ഗാന്ധിയുടെ വികസനവിരുദ്ധ രാഷ്ട്രീയത്തിനെതിരെ ഉജ്വല പോരാട്ടം കാഴ്ചവെക്കാന്‍ അവസരം തന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവരോട് നന്ദി അറിയിക്കുന്നു.
വയനാട് വ്യക്തിപരമായി ഏറെ ബന്ധമുള്ള മണ്ഡലമാണ്. വയനാട് ജില്ലയില്‍ യുവമോര്‍ച്ച പ്രസിഡന്റായാണ് രാഷ്ട്രീയജീവിതം ആരംഭിച്ചത്. തീർച്ചയായും ഇതെന്റെ മണ്ണാണ്. ബാക്കി രണ്ട് സ്ഥാനാര്‍ഥികളും ടൂറിസ്റ്റ് വിസയില്‍ വന്നവരാണ്. എനിക്ക് ഇവിടെ പെര്‍മെനന്റ് വിസയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം രാഹുല്‍ ഗാന്ധി ഒരു വിസിറ്റിങ് എം.പിയായാണ് വയനാട്ടില്‍ പ്രവര്‍ത്തിച്ചത്. വയനാടിന്റെ വികസനത്തിന് വേണ്ടി രാഹുൽ ഗാന്ധി ഒരു ചെറുവിരൽ പോലും അനക്കിയില്ലെന്നും മോദിജി ഒരുപാട് കാര്യങ്ങള്‍ ചെയ്‌തെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.