രാഹുലും പ്രിയങ്കയും പ്രചാരണത്തിൽ സജീവമാകും
text_fieldsകോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടാക്കിയ 'ഓളം' ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിൽ മുൻ എ.ഐ.സി.സി അധ്യക്ഷൻ രാഹുൽ ഗാന്ധി എം.പിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും. ലോക്ഡൗണും കോവിഡ് മാനദണ്ഡങ്ങളും കാരണം സ്വന്തം മണ്ഡലമായ വയനാട്ടിലേക്ക് രാഹുൽ അപൂർവമായാണെത്തിയിരുന്നത്. രാഹുലിെൻറ വരവ് വൈകുന്നതിനെതിരെ സി.പി.എം നേതൃത്വത്തിൽ പ്രചാരണം നടക്കുന്നുമുണ്ട്. ഇതിനെയെല്ലാം മറികടക്കാൻ രാഹുൽ നേരത്തേ തന്നെ കേരളത്തിലെത്തി സജീവമാകും.
പൊങ്കൽ ദിനമായ വ്യാഴാഴ്ച തമിഴ്നാട്ടിലെത്തുന്ന രാഹുൽ ഗാന്ധി ജെല്ലിക്കെട്ടിന് സാക്ഷിയാകുന്നുണ്ട്. കോൺഗ്രസ് ജല്ലിക്കെട്ടിന് എതിരാണെങ്കിലും തമിഴെൻറ വികാരത്തിനൊപ്പം നിൽക്കുകയെന്ന തന്ത്രമാണ് രാഹുൽ പയറ്റുന്നത്. വ്യാഴാഴ്ച തന്നെ മടങ്ങുന്ന രാഹുൽ ഈ മാസം തന്നെ വയനാട് മണ്ഡലത്തിലെത്തും. രാഹുൽ നിയമസഭ തെരഞ്ഞെടുപ്പിൽ സജീവമായാലും സംസ്ഥാന സർക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ എന്തു പറയുമെന്നതും രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാറിനെതിരെ ഒരക്ഷരം മിണ്ടാതെയാണ് പ്രിയങ്കയും രാഹുലും വേദികളിൽനിന്ന് വേദികളിലേക്ക് പ്രയാണം നടത്തിയത്. ദേശീയ രാഷ്ട്രീയത്തിലെ സൗഹൃദത്തിന് കോട്ടം തട്ടരുത് എന്ന നിലപാടിലായിരുന്നു കോൺഗ്രസ് ഹൈകമാൻഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.