ബി.ജെ.പിക്കെതിരെ തുറന്നടിച്ച് രാഹുൽ, ഇടതുപക്ഷത്തിനെതിരെ മൗനം
text_fieldsനിലമ്പൂർ: കന്യാകുമാരി മുതൽ മലപ്പുറം നിലമ്പൂർ വരെ 490 കിലോമീറ്റർ പിന്നിട്ട ഭാരത് ജോഡോ യാത്രയിൽ ഉടനീളം ബി.ജെ.പിയുടെ വിഭജന ഭരണത്തിനെതിരെ തുറന്നടിച്ചാണ് രാഹുൽ കേരളത്തിലെ യാത്ര അവസാനിപ്പിച്ചത്. മോദി ഭരണത്തിൽ സ്ത്രീകൾക്ക് രക്ഷയില്ലെന്ന് പറഞ്ഞ രാഹുൽ, ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട അങ്കിതക്ക് വേണ്ടി മൗനം ആചരിക്കാനും മറന്നില്ല.
വെറുപ്പ് പ്രചരിപ്പിക്കുകയും മറ്റുള്ളവരെ അപമാനിക്കുകയുമാണ് ബി.ജെ.പി കാലങ്ങളായി ചെയ്തുക്കൊണ്ടിരിക്കുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തി. ഇന്ത്യൻ ജനതയെ ജാതീയമായി വിഭജിക്കാൻ അനുവദിക്കില്ല. മോദി വിഭജിച്ച രാജ്യത്തെ ജനതയെ ഒരുമിപ്പിക്കുകയാണ് ഭാരത് ജോഡോ യാത്രകൊണ്ട് തന്റെ ലക്ഷ്യമെന്നും രാഹുൽ വിശദീകരിച്ചു.
അതേസമയം, പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്ന ഇടതുപക്ഷത്തിനെതിരെ രാഹുൽ മൗനം പാലിച്ചു. എവിടെയും ഇടതുപക്ഷത്തെ വിമർശിക്കാൻ അദ്ദേഹം തയാറായില്ല. എന്നാൽ രാഹുലിന്റെ കൂടെ ജോഡോ യാത്രയിൽ പങ്കെടുത്ത കേരളത്തിലെ കോൺഗ്രസ് നേതാക്കൾ സി.പി.എമ്മിനെ ശക്തമായാണ് വിമർശിച്ചത്.
സർക്കാറിന്റെ നയങ്ങളെ വെല്ലുവിളിച്ച കേരള ഗവർണർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് തവണ വാർത്ത സമ്മേളനം വിളിച്ചപ്പോൾ, രാഹുലിന്റെ യാത്രക്കെതിരെ നാലു തവണയാണ് വാർത്തസമ്മേളനം വിളിച്ചതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. കേരളത്തിലെ കോൺഗ്രസിന് പുതിയ ഉണർവ് നൽകാൻ യാത്രക്ക് കഴിഞ്ഞുവെന്ന് കോൺഗ്രസ് നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.