'ഹിന്ദുക്കളുടെ പ്രത്യുൽപ്പാദന നിരക്ക് കുറയുകയാണ്; വിവാഹപ്രായം കൂട്ടരുത്'; മോദിയോട് രാഹുൽ ഈശ്വർ
text_fieldsകോഴിക്കോട്: സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം പുനർനിശ്ചയിക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രിയോട് വർഗീയ പരാമർശം നിറഞ്ഞ അഭ്യർഥനയുമായി രാഹുൽ ഈശ്വർ. ഹിന്ദുക്കളുടെ പ്രത്യുൽപ്പാദന നിരക്ക് കുറയുകയാണെന്നും അതിനാൽ വിവാഹപ്രായം കൂട്ടരുതെന്നും രാഹുൽ ഈശ്വർ ട്വീറ്റിൽ അഭ്യർഥിച്ചു. വിവാഹപ്രായം കൂട്ടുന്നത് ഹിന്ദുക്കൾക്ക് ആത്മഹത്യാപരമാണെന്നും പറയുന്നുണ്ട്.
'മോദി ജി, ദൈവത്തെ കരുതിയും ഹിന്ദുക്കളെ കരുതിയും പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തരുത്. ഹിന്ദുക്കളുടെ പ്രത്യുൽപാദന നിരക്ക് ഇപ്പോൾ തന്നെ കുറയുകയാണ്. മുസ്ലിം വ്യക്തിനിയമപ്രകാരം പെൺകുട്ടിക്ക് 16 വയസിൽ കല്യാണം കഴിക്കാം. ഹിന്ദു ജനസംഖ്യ വീണ്ടും കുറയും' -രാഹുൽ ഈശ്വർ ട്വീറ്റിൽ പറഞ്ഞു.
രാജ്യത്തെ നിയമപ്രകാരം എല്ലാ വിഭാഗക്കാർക്കും സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 18 ആയിരിക്കെയാണ് വസ്തുതാവിരുദ്ധമായ പ്രസ്താവന രാഹുൽ നടത്തിയത്.
പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് ഹിന്ദുക്കൾക്ക് ആത്മഹത്യാപരം ആണെന്നും രാഹുൽ അടുത്ത ട്വീറ്റിൽ പറയുന്നു. മൂന്ന് പോയിന്‍റുകളാണ് ഇതുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാട്ടുന്നത്. ഹിന്ദു പ്രത്യുൽപാദന നിരക്ക് വീണ്ടും കുറയും, മുസ്ലിം വിവാഹപ്രായം വ്യക്തിനിയമ ബോർഡ് തീരുമാനിക്കുന്നു, നിയമ കമീഷൻ മുന്നോട്ടുവെച്ച നിർദേശം സ്ത്രീക്കും പുരുഷനും 18 വയസ് എന്നാണ് -രാഹുൽ പറയുന്നു.
ഇതിന് പിന്നാലെ മോദിയെ പ്രകീർത്തിച്ചു കൊണ്ടുള്ള ട്വീറ്റുകളുമുണ്ട്.
മുസ്ലിം പ്രത്യുൽപാദനം വർധിക്കുന്നതിലല്ല, ഹിന്ദു പ്രത്യുൽപാദനം കുറയുന്നതിലാണ് ആശങ്കയെന്ന് മറ്റൊരു ട്വീറ്റിൽ പറയുന്നു. കഴിഞ്ഞ 50 വർഷത്തിനിടെ ഹിന്ദു ജനസംഖ്യ 10 ശതമാനം വരെ കുറഞ്ഞുവെന്നാണ് രാഹുൽ അവകാശപ്പെടുന്നത്. വൈകിയുള്ള വിവാഹവും ഇതിന്‍റെ കാരണങ്ങളിലൊന്നായി എടുത്തുപറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.