പൊലീസിനെ വെട്ടിലാക്കി രാഹുൽ ഗാന്ധിയുടെ മിന്നൽയാത്ര
text_fieldsകോട്ടക്കൽ: ആയുർവേദ ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിതയാത്ര സുരക്ഷ ഉദ്യോഗസ്ഥെരയും പൊലീസിനെയും വെട്ടിലാക്കി. സുരക്ഷവാഹനം രാഹുൽ സഞ്ചരിച്ച വാഹനത്തിന് മുന്നിലേക്ക് ഓടിയെത്തിയത് കിലോമീറ്ററുകൾ സഞ്ചരിച്ച ശേഷം. ഞായറാഴ്ച വൈകീട്ട് 5.50 നായിരുന്നു ഇന്നോവ കാറിൽ ആര്യവൈദ്യശാലയിൽനിന്ന് രാഹുലിന്റെ യാത്ര. ഡ്രൈവറെ കൂടാതെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും എ.പി. അനിൽകുമാർ എം.എൽ.എയുമാണ് വാഹനത്തിലുണ്ടായിരുന്നത്. എന്നാൽ, യാത്രയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നില്ല. ഇതോടെ പൊലീസടക്കമുള്ളവർ പരിഭ്രാന്തിയിലായി.
മിനിറ്റുകൾക്കകം രാഹുലിന്റെ വാഹനം കോട്ടപ്പടി ഭാഗത്തേക്ക് കുതിച്ചു. പിന്നാലെ സുരക്ഷ വാഹനവും. മുന്നിൽ പോയിരുന്ന വാഹനം ഉദ്യാനപാതയുടെ പ്രധാന കവാടത്തിന് മുന്നിലാണ് നിന്നത്. സായാഹ്നസവാരിക്കാരുടെ ഇഷ്ടപാതയായതിനാൽ രാഹുലിന്റെ യാത്ര ഇവിടേക്കാണെന്ന് ഉദ്യോഗസ്ഥർ മനസ്സിലാക്കി.
ഇതിനിടെ, നേതാവിനെ കണ്ടവർ സെൽഫിയെടുക്കാനുള്ള ശ്രമവും ആരംഭിച്ചു. എന്നാൽ, ശക്തമായ മഴ പെയ്തതോടെ ഇവിടെയിറങ്ങാനുള്ള ശ്രമം ഉപേക്ഷിച്ചു. ഗതാഗതതടസ്സവുമുണ്ടായതോടെ വാഹനം ചിനക്കൽ ബൈപാസിലേക്ക് കുതിച്ചു. പിന്നാലെ പൊലീസ് പടയും. ചിനക്കൽ ബൈപാസിലൂടെ മുന്നോട്ടു പോയ വാഹനം നായാടിപ്പാറ വഴി വീണ്ടും കോട്ടക്കലിലേക്ക്. ഒരുതരത്തിലും രാഹുൽ ഗാന്ധി സഞ്ചരിക്കുന്ന വാഹനത്തെ മറികടക്കാൻ കഴിയാത്ത ഗതികേടിലായി ഉദ്യോഗസ്ഥർ.
ചികിത്സകേന്ദ്രത്തിന് മുന്നിലെത്തിയ വാഹനം നഗരത്തിലേക്ക് കടക്കുകയാണെന്നറിഞ്ഞതോടെ പൊലീസ് പരിഭ്രാന്തിയിലായി. സൈറൺ മുഴക്കിയായിരുന്നു മറ്റ് വാഹനങ്ങളുടെ യാത്ര. ടൗണിൽ പ്രവേശിച്ച വാഹനം മലപ്പുറം ഭാഗത്തേക്കാണ് തിരിച്ചത്. ഇവിടെനിന്ന് ഏഴ് കിലോമീറ്ററോളം താണ്ടിയാണ് പൊലീസിന് മുന്നിലെത്താൻ കഴിഞ്ഞത്.
എന്നാൽ, ലക്ഷ്യം മനസ്സിലാക്കാനായില്ല. ഏകദേശം മലപ്പുറത്തേക്കാണ് യാത്രയെന്ന സ്ഥിതി വന്നതോടെ മറ്റ് ഉദ്യോഗസ്ഥർക്കും വിവരം നൽകി. എന്നാൽ, ഇവരെയെല്ലാം അമ്പരിപ്പിച്ച് വടക്കേമണ്ണയിലെത്തി രാഹുൽ കോട്ടക്കലിലേക്കുതന്നെ തിരിച്ചു. രാഹുൽ ഗാന്ധി വരുന്നതറിഞ്ഞ് വൻ സുരക്ഷയാണ് ആയുർവേദ നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. ചികിത്സയായതിനാൽ ഇത്തരം പതിവ് യാത്രകൾ ഉണ്ടാകില്ലെന്നായിരുന്നു ഉദ്യോഗസ്ഥർ കരുതിയിരുന്നത്. ഉണ്ടെങ്കിൽതന്നെ വ്യക്തമായ വിവരം ലഭിക്കുമെന്ന പ്രതീക്ഷ തെറ്റിച്ചതാണ് പൊലീസിനെ കുഴക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.