രാഹുൽ ഗാന്ധി ആര്യാടന്‍റെ നിലമ്പൂരിലെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു
text_fieldsനിലമ്പൂർ: ആര്യാടൻ മുഹമ്മദിന് ആദരാഞ്ജലി അർപ്പിക്കാൻ രാഹുൽഗാന്ധിയെത്തി. തൃശൂരിൽ ഭാരത് ജോഡോ യാത്രയിലായിരുന്ന രാഹുൽ അവിടെ നിന്ന് റോഡ് മാർഗമാണ് ഞായറാഴ്ച രാവിലെ 11.45ഓടെ നിലമ്പൂരിൽ ആര്യാടന്‍റെ വസതിയിലെത്തിയത്. അദ്ദേഹം എത്തിയതോടെ പൊതുജനങ്ങൾ അന്തിമോചാരമർപ്പിക്കുന്നത് നിർത്തിവെച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവരും ഒപ്പമുണ്ടായിരുന്നു. അര മണിക്കൂറോളം ഇവിടെ ചെലവഴിച്ച രാഹുൽ പിന്നീട് ഹെലികോപ്റ്റർ മാർഗം ഉച്ചക്ക് വടക്കാഞ്ചേരിയിലേക്ക് പോയി.
അടിത്തട്ടില്‍ നിന്ന് വളര്‍ന്നുവന്ന് കോണ്‍ഗ്രസിന്റെ നെടുംതൂണായ നേതാവായിരുന്നു ആര്യാടന്‍ മുഹമ്മദെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നിയമസഭ നടപടിക്രമങ്ങളില്‍ അഗാധമായ അറിവായിരുന്നു ഉണ്ടായിരുന്നത്. പ്രവർത്തകരുടെ മനസറിയുകയും അവർക്കൊപ്പം നിൽക്കുകയും ചെയ്ത മനുഷ്യസ്നേഹിയായ മികച്ച രാഷ്ട്രീയനേതാവിനേയും നല്ലൊരു മനുഷ്യനെയുമാണ് നാടിന് നഷ്ടമായതെന്നും ഈ വിയോഗം തനിക്കും പാര്‍ട്ടിക്കും തീരാനഷ്ടമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.