രാഹുൽ ഗാന്ധിക്ക് കരിപ്പൂരിൽ ഉജ്ജ്വല സ്വീകരണം
text_fieldsമലപ്പുറം: ഭാരത് ജോഡോ യാത്ര പൂർത്തിയാക്കിയ ശേഷം ആദ്യമായി കേരളത്തിലെത്തിയ രാഹുൽ ഗാന്ധിക്ക് കോഴിക്കോട് വിമാനത്താളത്തിൽ ഉജ്ജ്വല സ്വീകരണം. ഞായറാഴ്ച രാത്രി എട്ടോടെ ഡൽഹിയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് രാഹുൽ കരിപ്പൂരിലെത്തിയത്. അദ്ദേഹത്തെ സ്വീകരിക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധി പ്രവർത്തകർ നേരത്തെ തന്നെ വിമാനത്താവളത്തിലെത്തിയിരുന്നു.
ആഭ്യന്തര ടെര്‍മിനലിലൂടെ പുറത്തിറങ്ങിയ രാഹുലിനെ ആരവങ്ങൾ മുഴക്കിയാണ് പ്രവർത്തകർ സ്വീകരിച്ചത്. ടെര്‍മിനലിന് പുറത്ത് ബാൻഡ്, ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ത്രിവര്‍ണ പതാക ഏന്തിയ സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. പ്രവര്‍ത്തകരെ കൈവീശി കാണിച്ച് രാഹുല്‍ ഹസ്തദാനം നല്‍കാനും മറന്നില്ല. റൂഫ് ടോപ് വാഹനത്തില്‍ പ്രവര്‍ത്തകരുടെ ഇടയിലൂടെ നീങ്ങിയതോടെ മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകരും സ്വീകരണം ഉജ്ജ്വലമാക്കി. വിമാനത്താവളം മുതല്‍ നുഹ്മാന്‍ ജങ്ഷന്‍ വരെ പ്രവര്‍ത്തകര്‍ തിങ്ങിനിറഞ്ഞിരുന്നു. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. പിന്നീട് കാറിൽ രാഹുൽ കൽപറ്റയിലേക്ക് പോയി.
എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, താരിഖ് അന്‍വര്‍, കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി, വി.വി. വിശ്വനാഥ പെരുമാള്‍, എം.കെ. രാഘവന്‍ എം.പി, എ.പി. അനില്‍കുമാര്‍ എം.എല്‍.എ, മലപ്പുറം, കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റുമാരായ വി.എസ്. ജോയി, കെ. പ്രവീണ്‍കുമാര്‍, കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയവര്‍ ചേര്‍ന്നാണ് രാഹുലിനെ സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.