'ഹൈദരലി തങ്ങളുടെ ജീവിതത്തിൽനിന്ന് പലതും പഠിക്കാനുണ്ട്'; ആശ്വാസവാക്കുകളുമായി രാഹുല്‍ ഗാന്ധി പാണക്കാട്ട്
text_fieldsമലപ്പുറം: ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചനമറിയിച്ചും കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പാണക്കാട്ടെത്തി. രാഷ്ട്രീയ-സാമുദായിക രംഗത്ത് ഒരുപോലെ തിളങ്ങിനിന്നിരുന്ന അപൂര്‍വം ചില നേതാക്കളില്‍ ഒരാളായിരുന്നു ഹൈദരലി തങ്ങളെന്നും അദ്ദേഹത്തിന്റെ ജീവിതത്തില്‍നിന്ന് പലതും പഠിക്കാനുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മതേതരത്വം ഉയര്‍ത്തിപ്പിച്ചാണ് തങ്ങൾ പ്രവര്‍ത്തിച്ചത്. വിയോഗത്തില്‍ ഏറെ ദുഃഖമുണ്ട്. രാഷ്ട്രീയ രംഗത്തും മതരംഗത്തും മികച്ച പ്രവര്‍ത്തനം നടത്താന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. തങ്ങളെ സ്‌നേഹിക്കുന്നവര്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചിരുന്ന മൂല്യങ്ങള്‍ പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുല്‍ ഗാന്ധി വിശദീകരിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് തിരക്കിനിടയിലും രാഹുല്‍ ഗാന്ധി എത്തിയതില്‍ പ്രത്യേക നന്ദിയുണ്ടെന്നും ഇത് ഹൈദരലി തങ്ങളോടുള്ള സ്‌നേഹത്തെ സൂചിപ്പിക്കുന്നുണ്ടെന്നും പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് രാഹുല്‍ ഗാന്ധി എത്തിയത്.
കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍, ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. പാണക്കാട് സാദിഖലി തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, ബഷീറലി തങ്ങള്‍, പി. ഉബൈദുല്ല എം.എല്‍.എ തുടങ്ങിയവരും പ്രവര്‍ത്തകരും സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.