മോദി സർക്കാറിന്റെ പൗരത്വ ഭേദഗതി ബില്ലിനെ എതിർക്കും -രാഹുൽ ഗാന്ധി
text_fieldsകോഴിക്കോട്: കേന്ദ്രസർക്കാറിന്റെ പൗരത്വ ഭേദഗതി ബില്ലിനെ കോൺഗ്രസ് എതിർക്കുമെന്ന് മുൻ അധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി. എല്ലാ തരത്തിലുമുള്ള വിവേചനത്തെയും അനുകൂലിക്കില്ല. മോദിയുടെ ഭരണത്തിൽ ജനങ്ങൾ ആശങ്കാകുലരാണെന്നും രാഹുൽ പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദർശനത്തിന് എത്തിയ രാഹുൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഇന്ത്യ എല്ലാ വിഭാഗങ്ങൾക്കും എല്ലാ സംസ്കാരങ്ങൾക്കും എല്ലാ മതങ്ങൾക്കും വേണ്ടിയുള്ളതാണ്. ജനങ്ങളോട് ബന്ധമില്ലാത്ത ലോകത്താണ് മോദിയും അമിത് ഷായും ജീവിക്കുന്നത്. അതാണ് രാജ്യത്ത് പ്രതിസന്ധി ഉണ്ടാവാൻ കാരണം. ജനങ്ങളെ ശ്രദ്ധിച്ചിരുന്നുവെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്നും രാഹുൽ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ 10ന് കരുവാരകുണ്ടിലാണ് രാഹുലിന്റെ മലപ്പുറം ജില്ലയിലെ ആദ്യ പരിപാടി. ഗവ. ഹൈസ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യും. പിന്നീട് വാണിയമ്പലത്ത് വണ്ടൂർ നിയോജക മണ്ഡലം യു.ഡി.എഫ് നേതൃയോഗത്തിൽ സംബന്ധിക്കും.
ഉച്ചക്ക് 12ന് എടക്കരയിൽ ഇന്ദിരാഗാന്ധി മെമോറിയൽ ബസ്സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യും. രണ്ടിന് നിലമ്പൂരിൽ നേതൃയോഗത്തിൽ പങ്കെടുത്ത് തിരുവമ്പാടിയിലേക്ക് പോകും. അവിടെ നിന്ന് കൽപറ്റയിലെത്തുന്ന രാഹുൽ ആറ്, ഏഴ് തീയതികളിൽ വയനാട്ടിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.
വയനാട് മീനങ്ങാടി ചോലയിൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന എം.ഐ. ഷാനവാസ് അനുസ്മരണ സമ്മേളനം, സർവജന സ്കൂൾ വിദ്യാർഥിനി ഷെഹ്ല ഷെറിെൻറ വീട് സന്ദർശനം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ. ഏഴിന് രാത്രി കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഡൽഹിയിലേക്ക് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.