'നീ ഒറ്റക്കല്ലെന്ന് അറിയുക'; ശ്രുതിയെ ആശ്വസിപ്പിച്ച് രാഹുൽ ഗാന്ധി
text_fieldsഉറ്റവരെ മുഴുവൻ ഉരുളെടുത്തപ്പോൾ വലിയ ആശ്വാസമായിരുന്ന പ്രിയപ്പെട്ടവനെ കൂടി മരണം കവർന്നപ്പോൾ തനിച്ചായിപ്പോയ ശ്രുതിക്ക് ആശ്വാസം പകർന്ന് പ്രതിപക്ഷ നേതാവും വയനാട് മുൻ എം.പിയുമായിരുന്ന രാഹുൽ ഗാന്ധി. ശ്രുതി ഒറ്റക്കല്ലെന്ന് ഓർമപ്പെടുത്തിയാണ് രാഹുൽ എക്സിൽ ആശ്വാസ വാക്കുകൾ കുറിച്ചത്.
''മേപ്പാടി ക്യാമ്പ് സന്ദർശിച്ചപ്പോൾ പ്രിയങ്കയും ഞാനും ശ്രുതിയെ കുറിച്ചും അവളുടെ സഹന ശക്തിയെ കുറിച്ചും മനസിലാക്കിയിരുന്നു. വിനാശകരമായ നഷ്ടത്തിലും ഞങ്ങളോട് പറഞ്ഞതു പോലെ അവർ ധൈര്യം കൈവിടാതെ നിന്നു. ഇന്ന് അവൾ മറ്റൊരു ഹൃദയഭേദകമായ ദുരന്തത്തെ അതിജീവിക്കുകയാണ്. വളരെ ദുഃഖം തോന്നുന്നു. അവളുടെ പ്രതിശ്രുത വരൻ ജെൻസനാണ് ഇല്ലാതായത്. ദുഷ്‍കരമായ ഈ സമയത്ത് നീ തനിച്ചല്ലെന്ന് അറിയുക. അതേ അചഞ്ചലമായ ചൈതന്യത്തോടെ മുന്നോട്ട് പോകാനുള്ള ശക്തിയും ധൈര്യവും ഉണ്ടാകട്ടെ.''-എന്നാണ് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചത്.
വയനാട് ഉരുള്‍പ്പൊട്ടലില്‍ അച്ഛന്‍ ശിവണ്ണന്‍, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരെ കൂടാതെ ശ്രുതിയുടെ കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ചിരുന്നു. അതിൽ പിന്നെ ശ്രുതിക്ക് താങ്ങും തണലുമായി നിന്നത് ജെൻസൻ ആയിരുന്നു. ആ തണലാണ് എന്നേക്കുമായി ഇല്ലാതായത്.
ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ ജെൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിച്ചങ്കിലും ബുധനാഴ്ച രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. അമ്പലവയൽ സ്വദേശിയാണ് ജെൻസൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.