'ഞാനെന്തുപറഞ്ഞാണ് നിങ്ങളെ സമാധാനിപ്പിക്കുക?, ആ പിതാവിന്‍റെ വേദനയെ ഹൃദയത്തോട് ചേർത്ത് രാഹുൽ ഗാന്ധി
text_fieldsമാനന്തവാടി (വയനാട്): ആശുപത്രിയിലെ മോർച്ചറിക്കു പുറത്ത് മനസ്സു തകർന്നിരിക്കുന്ന ആ പിതാവിനെ ചേർത്തുനിർത്തി രാഹുൽ പറഞ്ഞു. 'എനിക്ക് മനസ്സിലാക്കാനാവും, എത്രമാത്രം തകർന്നിരിക്കുകയാണ് നിങ്ങളെന്ന്. നിങ്ങളുടെ വേദന താങ്ങാനാവാത്തതാണ്. ഞാനെന്തുപറഞ്ഞാണ് നിങ്ങളെ സമാധാനിപ്പിക്കുക?' തോളിൽ കൈചേർത്ത് രാഹുൽ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് തലപ്പുഴ ടൗണിനരികെ പുഴയിൽ മുങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാർഥി ആനന്ദിന്‍റെ പിതാവ് സദാനന്ദനെയാണ് ആശുപത്രിയിലെത്തി രാഹുൽ സാന്ത്വനിപ്പിച്ചത്.
തലപ്പുഴ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ കണ്ണോത്ത് മല കൈതകെട്ടിൽ സദാനന്ദന്‍റെ മകൻ ആനന്ദ് (15) തലപ്പുഴ കമ്പി പാലം നല്ല കണ്ടി മുജീബിന്‍റെ മകൻ മുബസിൽ (15) എന്നിവരാണ് ബുധനാഴ്ച ഉച്ചക്ക് മുങ്ങി മരിച്ചത്. പരീക്ഷ ഹാൾ ടിക്കറ്റ് വാങ്ങിയതിന് ശേഷം കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം.
യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ജയലക്ഷ്മിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വ്യാഴാഴ്ച മാനന്തവാടിയിലെത്തിയ രാഹുൽ ആശുപത്രിയിലെത്തി ഇരുവിദ്യാർഥികളുടെയും പിതാക്കന്മാരെ ആശ്വസിക്കാൻ സമയം കണ്ടെത്തുകയായിരുന്നു. രാഹുലിന്‍റെ സമാശ്വാസ വചനങ്ങൾക്കിടയിലും സദാനന്ദന്‍റെ വാക്കുകൾ പലപ്പോഴും തൊണ്ടയിൽ കുരുങ്ങി. മകനെക്കുറിച്ചുള്ള രാഹുലിന്‍റെ ചോദ്യങ്ങൾക്ക് മുമ്പിൽ കണ്ണീരോടെയായിരുന്നു പിതാവിന്‍റെ മറുപടി.
മാനന്തവാടി മെഡിക്കൽ കോളജിൽ സൂക്ഷിച്ച മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്തിക്കൊണ്ടു പോകാനാണ് ഇരുവരുടെ പിതാക്കൾ മോർച്ചറിക്ക് മുന്നിൽ എത്തിയത്. സ്ഥാനാർഥി ജയലക്ഷ്മി, കെ.സി. വേണുഗോപാൽ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.