രാഹുലിനുള്ള പിന്തുണ തിരിച്ചടിയാകുമോ?; സി.പി.എമ്മിൽ ആശയക്കുഴപ്പം
text_fieldsതിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ അയോഗ്യതക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ സി.പി.എമ്മിൽ ആശയക്കുഴപ്പം. തുടക്കത്തിൽ രാഹുലിന് ശക്തമായ പിന്തുണയുമായി രംഗത്തുവന്ന സി.പി.എം പതിയെ നിലപാട് മയപ്പെടുത്തുകയാണ്. രാഹുലിനെ പിന്തുണക്കുകയല്ല, ബി.ജെ.പി സർക്കാറിന്റെ ജനാധിപത്യവിരുദ്ധ നിലപാടിനെ എതിർക്കുകയാണ് സി.പി.എം ചെയ്യുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിശദീകരിച്ചത് അതിന്റെ ഭാഗമാണ്.
അയോഗ്യത പ്രഖ്യാപനത്തിന്റെ ആദ്യ മണിക്കൂറിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സി.പി.എം നേതാക്കൾ രാഹുലിനായി രംഗത്തുവന്നിരുന്നു.കോൺഗ്രസ് കേന്ദ്രങ്ങളിൽ പോലും അമ്പരപ്പ് സൃഷ്ടിച്ച ആ നിലപാടിൽനിന്ന് പാർട്ടി പിന്നാക്കം വലിയുന്നതിന്റെ സൂചനകളാണ് എം.വി. ഗോവിന്ദന്റെ വാക്കുകൾ. അയോഗ്യത വിവാദത്തിൽ രാഹുൽ ഗാന്ധിക്ക് കിട്ടുന്ന പിന്തുണ വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസിന് നേട്ടമായി മാറിയേക്കുമെന്ന ആശങ്കയാണ് സി.പി.എമ്മിനെ പിന്നോട്ട് വലിക്കുന്നത്.
രാഹുൽ അപ്രതീക്ഷിതമായി വയനാട്ടിൽ മത്സരിക്കാനെത്തിയതാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റെന്ന നേട്ടത്തിലേക്ക് യു.ഡി.എഫിനെ നയിച്ചത്. കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ മത്സരത്തിനുവന്ന രാഹുൽ ഗാന്ധിയും കോൺഗ്രസും മതേതര ചേരിയെ ദുർബലപ്പെടുത്തുകയാണെന്ന വിമർശനം ഉന്നയിക്കുന്ന സി.പി.എം ഇക്കാര്യത്തിൽ രാഹുലിനോട് പൊറുത്തിട്ടില്ല.
സംസ്ഥാന രാഷ്ട്രീയ വിഷയങ്ങളിൽനിന്ന് കൃത്യമായി അകലം പാലിച്ചുനിന്നിട്ടും രാഹുലിന് നേരെ കടുത്ത വിമർശനങ്ങളാണ് സി.പി.എമ്മിൽ നിന്നുണ്ടായത്. ഭാരത് ജോഡോ യാത്രക്കുനേരെ കണ്ടെയ്നർ യാത്ര, പൊറോട്ടയല്ല, പോരാട്ടമാണ് ബദൽ തുടങ്ങിയ ആക്ഷേപങ്ങൾ ഉയർത്തിയത് ഇടതുനേതാക്കളാണ്.
സാമൂഹിക മാധ്യമങ്ങളിലെ ഇടത് ഗ്രൂപ്പുകൾ അത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. രാഹുൽ വയനാട്ടിൽ വീണ്ടും മത്സരിച്ചാൽ ഇടതുചേരിക്കുണ്ടാകാനിടയുള്ള പരിക്ക് പരമാവധി കുറച്ചെടുക്കാനുള്ള മുന്നൊരുക്കമായിരുന്നു ഈ കടന്നാക്രമണങ്ങൾ. എന്നാൽ, ജോഡോ യാത്രയുടെ വിജയം രാഹുലിൽ പുതിയ പ്രതീക്ഷകൾ പകരുന്നതാണ് കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.