പൊരിവെയിലിൽ കൂളായി രാഹുൽ; ആവേശസ്വീകരണവുമായി പ്രവർത്തകർ
text_fieldsകൊച്ചി/ആലപ്പുഴ: നിശ്ചയിച്ചപോലെ എല്ലാം നടക്കണമെന്നില്ലല്ലോ. പ്രത്യേകിച്ച് കോൺഗ്രസിൽ. രാഹുൽ ഗാന്ധി തിങ്കളാഴ്ച രാവിലെ 11ന് കൊച്ചി നാവികസേന വിമാനത്താവളത്തിൽ ഇറങ്ങുമെന്നായിരുന്നു അറിയിപ്പ്. പേക്ഷ, വന്നത് നെടുമ്പാശ്ശേരിയിൽ. അവിടെനിന്ന് പുറത്തിറങ്ങി ആലുവ പിന്നിട്ടതോടെ ദേശീയ പാതയിൽ 'തിങ്കളാഴ്ച കുരുക്ക്'. വഴിനീളെ നിന്ന് പൊലീസുകാർ വണ്ടികൾ തടഞ്ഞും വഴിമാറ്റിവിട്ടും യത്നിച്ചെങ്കിലും രാഹുലിെൻറ വാഹനവ്യൂഹം 11.15ന് എത്തേണ്ട എറണാകുളം സെൻറ് തെരേസാസ് കോളജിൽ എത്തിയപ്പോൾ നട്ടുച്ച 12 മണി.
കാത്തുനിന്ന് മുഷിഞ്ഞ പ്രിൻസിപ്പൽ ഡോ. ലിസി മാത്യുവും മാനേജർ സിസ്റ്റർ വിനീതയുമൊക്കെ രാഹുലിനെ കണ്ടതോടെ ഉഷാറായി. വിദ്യാർഥിനികളുമായി സംവാദമാണ് ആദ്യപരിപാടി. ഓഡിറ്റോറിയത്തിനു നടുവിൽ ചുവപ്പ് പരവതാനി വിരിച്ച റാംപിന് ഇരുവശവുമായി തിങ്ങിനിറഞ്ഞ വിദ്യാർഥിനികൾ.
താളംപിടിച്ച് വിദ്യാർഥിനികൾ
ഇളംനീല ഷർട്ടും കാക്കി പാൻറും ധരിച്ച് നിറചിരിയുമായി എത്തിയ രാഹുലിന് ആദ്യത്തെ സ്വീകരണം കൈകളിൽ അൽപം സാനിെറ്റെസർ തളിച്ച്. ഹൈബി ഈഡൻ എം.പി, കോൺഗ്രസ് നേതാവ് താരിഖ് അൻവർ, സ്ഥാനാർഥി ടി.ജെ. വിനോദ്, കോളജ് യൂനിയൻ ചെയർപേഴ്സൻ നിരഞ്ജന തുടങ്ങിയവരുടെ അകമ്പടി. കോളജ് വിദ്യാർഥിനികളുടെ നൃത്തമായിരുന്നു ആദ്യം. 'ഉഡി ഉഡി ജായി...' ബോളിവുഡ് ഈണം ഉയർന്നതോടെ കാത്തിരിപ്പിെൻറ മുഷിപ്പിൽനിന്ന് ഉണർന്ന് താളംപിടിച്ച് വിദ്യാർഥിനികൾ.
ആദ്യചോദ്യവുമായി റോഷ ജോൺസൻ
ഒന്നാം വർഷ ബി.എ ഇക്കണോമിക്സുകാരി റോഷ ജോൺസനാണ് ആദ്യചോദ്യം ഉതിർത്തത്. അതും രാഷ്ട്രീയത്തിലെ തത്ത്വങ്ങളെ കുറിച്ച്. 'ഭൂരിപക്ഷത്തിെൻറ വീക്ഷണത്തിനാണ് ജനാധിപത്യത്തിൽ മേൽെക്കെ എങ്കിലും തത്ത്വങ്ങളെ പിൻപറ്റി വേണം രാജ്യത്തെ നയിക്കേണ്ടത്. തത്ത്വാധിഷ്ഠിതമല്ലാത്ത രാഷ്ട്രീയത്തിന് നിലനിൽപില്ല' -രാഹുലിെൻറ മറുപടി. തുടർന്ന് കോൺഗ്രസും ഇന്ധനവിലയും ഒക്കെയായി ചോദ്യങ്ങളും ഉത്തരങ്ങളുമായി മുക്കാൽ മണിക്കൂർ നീണ്ടു സംവാദം.
പാലങ്ങൾ കടന്ന് വൈപ്പിനിലേക്ക്
പിന്നീട്, ഗോശ്രീ പാലങ്ങൾ കടന്ന് വൈപ്പിൻ നിയോജക മണ്ഡലത്തിലേക്ക്. ഗോശ്രീ ജങ്ഷനിലെ തീവെയിലിൽ കാത്തുനിന്നത് നൂറുകണക്കിന് േപർ. സ്ഥാനാർഥി ദീപക് ജോയിയുടെ ചിത്രം പതിച്ച തൊപ്പികൾ നിറഞ്ഞ കവല. പൊരിവെയിലത്തുതന്നെ സജ്ജീകരിച്ച വേദിയിലേക്ക് കയറിയ രാഹുൽ പ്രസംഗം തുടങ്ങി. പരിഭാഷകനായി ഹൈബി ഈഡൻ എം.പി. മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച് അമേരിക്കൻ കമ്പനിയുമായി രഹസ്യകരാർ ഒപ്പിട്ട എൽ.ഡി.എഫ് സർക്കാറിെൻറ കള്ളത്തരം പിടിക്കപ്പെട്ടുവെന്ന് രാഹുൽ പറഞ്ഞതോടെ ചൂടിനെ തളർത്തുന്ന കൈയടിയും ആരവവും.
ജങ്കാറിലൂടെ കൊച്ചിയിലേക്ക്; സെൽഫിയെടുക്കാൻ തിരക്ക്
വൈപ്പിൻ-ഫോർട്ട്കൊച്ചി ജങ്കാറിലൂടെ കൊച്ചി മണ്ഡലത്തിലേക്ക് അടുത്ത യാത്ര. ജങ്കാർ വിട്ടതോടെ കാറിൽനിന്നിറങ്ങി കായൽ സൗന്ദര്യത്തിലേക്ക് രാഹുൽ മിഴിനട്ടു. അതോടെ ചുറ്റുംകൂടി ജങ്കാർ ജീവനക്കാർ. സെൽഫിയെടുക്കാൻ തിരക്ക്. എല്ലാവർക്കും നിന്ന് പടമെടുത്തതോടെ ഫോർട്ട്കൊച്ചി കടവിൽ എത്തി. കരനീളെ കൊടികളുമായി കാത്തുനിന്ന യു.ഡി.എഫ് പ്രവർത്തകർ രാഹുലിനെ കണ്ടതോടെ കടലിരമ്പംപോലെ ആരവമുയർത്തി. എല്ലാവർക്കും കൈവീശി അഭിവാദ്യം നേർന്ന് തൊട്ടടുത്ത ഹോട്ടലിലേക്ക് ഉച്ചഭക്ഷണം കഴിക്കാൻ രാഹുലും സംഘവും നീങ്ങി.
പ്രസംഗത്തിൽ ആഴക്കടൽ മത്സ്യക്കരാറും ന്യായ് പദ്ധതിയും
ഉച്ചക്ക് രണ്ടരയോടെ ഫോർട്ട്കൊച്ചി വെളി മൈതാനിക്ക് സമീപത്തെ വാകമരങ്ങളുടെ തണലിടത്ത് നിർത്തിയ കാറിെൻറ സൺ റൂഫ് നീക്കി നിന്നായിരുന്നു പ്രസംഗം. ആഴക്കടൽ മത്സ്യക്കരാറും ന്യായ് പദ്ധതിയുമൊക്കെ എടുത്തുപറഞ്ഞ പ്രസംഗത്തിന് ഒടുവിൽ രാഹുൽ കാറിെൻറ പുറത്തേക്ക് ചാടിയതോടെ പ്രവർത്തകർ വളഞ്ഞു. അതിനിടെയിലൂടെ ഒരു കുട്ടി നീട്ടിയ ചോക്ലറ്റ് എത്തിപ്പിടിച്ചു വാങ്ങി. കുട്ടിക്കും അടക്കാനാകാത്ത സന്തോഷം. തുടർന്ന് വാഹനവ്യൂഹം പള്ളുരുത്തി കച്ചേരിപ്പടിയിലേക്ക്. വഴിനീളെ കാത്തുനിന്നവരെ കൈകൾനീട്ടി അഭിവാദ്യം. കച്ചേരിപ്പടിയിൽ എത്തിയതോടെ കാറിെൻറ സൺറൂഫിൽനിന്ന് ആദ്യം പുറത്തുവന്നത് സ്ഥാനാർഥി കെ. ബാബു.
പിന്നാലെ രാഹുലും. നിലക്കാത്ത കരഘോഷവും മുദ്രാവാക്യം വിളികളും. ആഴക്കടൽ വിവാദംതന്നെ പ്രധാന പ്രസംഗ വിഷയമായി. ഇതിനിടെ പ്രസംഗം പരിഭാഷപ്പെടുത്തിയിരുന്ന ഹൈബി ഈഡന് വാക്കുകൾ കിട്ടാതായപ്പോൾ രാഹുലിെൻറ 'റിലാക്സ് ഹൈബീ' സാന്ത്വനം. അതും പരിഭാഷപ്പെടുത്തി മൈക്കിലൂടെ വിളിച്ചുപറഞ്ഞ് ഹൈബിയുടെ കൗണ്ടർ. ചുറ്റും ചിരിമേളം. യാത്രപറഞ്ഞ് രാഹുൽ വീണ്ടും കാറിനുള്ളിലേക്ക്. ആലപ്പുഴ ജില്ല അതിർത്തിയായ അരൂരിലേക്ക്.
കായലരികത്ത് 'വോട്ട് വലയെറിഞ്ഞ്'...
ആലപ്പുഴയുടെ വിപ്ലവ മണ്ണിൽ രാഹുൽ എത്തിയത് ആവേശം വിതറി. വേമ്പനാട്ടുകായൽ അതിരിടുന്ന അരൂരിൽ കാത്തുനിന്നവരെ കൈയിലെടുത്ത് വൈകീട്ട് നാലോടെ തുടക്കം. കൊച്ചിയിലെ പ്രചാരണത്തിനുശേഷമെത്തിയിട്ടും പ്രസരിപ്പും 'രാഹുൽ ടച്ചും' കാത്ത് അദ്ദേഹം വോട്ടിനായി 'വലയെറിഞ്ഞു', നാടിെൻറ മനസ്സറിഞ്ഞ്.
മുതിർന്ന നേതാക്കളായ എ.കെ. ആൻറണിയും വയലാർ രവിയും പയറ്റിത്തെളിഞ്ഞ ചേർത്തലയിലെയും അരൂരിെലയും സ്ഥാനാർഥികൾക്കായി വോട്ടുചോദ്യം. തീരദേശ മണ്ഡലങ്ങളിൽ ദേശീയപാതയിലൂടെ കായംകുളം വരെയായിരുന്നു റോഡ് ഷോ.
അരൂരിൽ കാത്തുനിന്നവർക്കിടയിലേക്ക് കൈകൂപ്പിയിറങ്ങിയ രാഹുൽ ആദ്യം പോയത്സ്ഥാനാർഥി ഷാനിമോൾ ഉസ്മാനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂറിനും മറ്റുമൊപ്പം തൊട്ടടുത്ത ബേക്കറിയിലേക്ക്. ജനം തിക്കിത്തിരക്കിയതോടെ പൊലീസിന് ഇവിടെ ബലം പ്രയോഗിക്കേണ്ടിവന്നു. പറഞ്ഞിരുന്നതിലും അൽപം നേരത്തേ എത്തിയ രാഹുൽ ഇവിടെ നിന്ന് മധുര പലഹാരങ്ങളും ചായയും കഴിച്ചു. 20 മിനിറ്റ് ഇവിടെ ചെലവിട്ടതിനിടെ മുല്ലപ്പള്ളിയും കെ.സി. വേണുഗോപാലും അടക്കമുള്ളവരുമായി സാധ്യതകളും ചോദിച്ചറിഞ്ഞു. വോട്ടർപട്ടികയിലെ കൃത്രിമം സംബന്ധിച്ച് രമേശ് കാര്യങ്ങൾ വിശദീകരിച്ചു.
ഇവിടെനിന്ന് തുറന്ന വാഹനത്തിൽ രാഹുൽ ചേർത്തലയിലേക്ക്. വഴിയിലുടനീളം രാഹുലിെൻറയും സ്ഥാനാർഥികളുടെയും പ്ലക്കാർഡുകളുമായി കാത്തുനിന്നവർക്ക് കൈവീശിയും കൂപ്പിയും അഭിവാദ്യം. വയലാർ കവലയിൽ കാത്തുനിന്ന സ്ഥാനാർഥി ശരത്തിനും അരൂരിലെ സ്ഥാനാർഥി ഷാനിമോൾക്കുമൊപ്പം പൊതുയോഗത്തിൽ. ദേശീയരാഷ്ട്രീയം മുതൽ സംസ്ഥാന രാഷ്ട്രീയ സാഹചര്യംവരെ കുറഞ്ഞ വാക്കിൽ. ഇത്തവണത്തെ സ്ഥാനാർഥി നിർണയത്തിെൻറ പ്രത്യേകതയും മഹത്ത്വവും പറഞ്ഞാണ് രാഹുൽ പ്രസംഗം അവസാനിപ്പിച്ചത്. അതിനിടെ, താൻ ഏഴുവർഷം മുമ്പ് പദയാത്രക്കെത്തിയപ്പോൾ പോളിയോ തുള്ളിമരുന്ന് നൽകിയ ആദി ആദിത്യദേവ് എന്ന കുട്ടിയുമായി മുത്തശ്ശി സ്റ്റേജിൽ. കുശലം പറഞ്ഞ് കവിളിൽ തട്ടി പുറത്തേക്ക്. പൊന്നാംെവളിയിലെ കയർ സഹകരണ സംഘത്തിൽ തൊഴിലാളികളുമായി നിശ്ചയിച്ച കൂടിക്കാഴ്ച എസ്.പി.ജി പട്ടികയിൽ ഉൾപ്പെട്ടില്ലെന്ന കാരണം പറഞ്ഞ് ഒഴിവാക്കിയത് എ.എ. ഷുക്കൂർ ശ്രദ്ധയിൽപെടുത്തിയതോടെ സ്ഥാനാർഥിക്കും നേതാക്കൾക്കുമൊപ്പം അവരെ കാണാൻ തിരികെ അങ്ങോട്ട്. അവിടെ 10 മിനിറ്റെടുത്ത് വനിത തൊഴിലാളികളുമായി സംവദിച്ച് വരുേമ്പാഴേക്കും അരമണിക്കൂറിലേറെ വൈകി.
ആലപ്പുഴ കൊമ്മാടിയിൽ ഡോ. മനോജിെൻറയും അമ്പലപ്പുഴ സ്ഥാനാർഥി എം. ലിജുവിെൻറയും പ്രചാരണയോഗത്തിൽ താരിഖ് അൻവർ, ഐവാൻ ഡിസൂസ അടക്കം നേതാക്കൾ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കായംകുളം സ്ഥാനാർഥി അരിത ബാബുവിെൻറയും തെരഞ്ഞെടുപ്പ് പ്രചാരണാർഥം ചേപ്പാട് ഒന്നര മണിക്കൂർ വൈകി നടന്ന യോഗത്തോടെ തിങ്കളാഴ്ചത്തെ പരിപാടികൾക്ക് തിരശ്ശീല. എൻ.ടി.പി.സി െഗസ്റ്റ് ഹൗസിൽ താമസിക്കുന്ന രാഹുൽ ചൊവ്വാഴ്ച കോട്ടയം ജില്ലയിൽ വിവിധ ഇടങ്ങളിൽ പര്യടനം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.