സുപ്രധാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും -രാഹുൽ ഗാന്ധി
text_fieldsകല്പറ്റ: വയനാട് അഭിമുഖീകരിക്കുന്ന സുപ്രധാന വിഷയങ്ങള്‍ക്ക് പരിഹാരം കാണാന്‍ എല്ലാവിധ ശ്രമങ്ങളും നടത്തുമെന്ന് രാഹുൽ ഗാന്ധി. നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയുടെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ-വന്യമൃഗ സംഘര്‍ഷം, രാത്രിയാത്രാ നിരോധനം, മെഡിക്കല്‍ കോളജ് എന്നീ മൂന്ന് സുപ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള പോരാട്ടത്തില്‍ വയനാട്ടിലെ ജനങ്ങളോടൊപ്പമുണ്ടാകും. വയനാടിന്റെ ഇത്തരം വിഷയങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി നിരന്തരമായി കേന്ദ്ര-കേരള സര്‍ക്കാറുകളില്‍ സമ്മർദം ചെലുത്തിയെങ്കിലും നിര്‍ഭാഗ്യവശാല്‍ നടപടികളൊന്നുമുണ്ടായില്ലെന്നും രാഹുല്‍ പറഞ്ഞു. കേന്ദ്രത്തിലും കേരളത്തിലും നമ്മുടെ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. വയനാടിന്റെ വലുതും ചെറുതുമായ പ്രശ്നങ്ങള്‍ പാര്‍ലമെന്റിനകത്തും പുറത്തും ഉന്നയിച്ചു കൊണ്ടേയിരിക്കും. വയനാടിന്റെ എം.പിയാകുകയെന്നത് ഏറ്റവും വലിയ ബഹുമതിയായാണ് കാണുന്നത്. എം.പിയായതിനു ശേഷം വയനാട് നേരിട്ട നിരവധി പ്രതിസന്ധികള്‍ കാണാന്‍ സാധിച്ചു. പ്രളയത്തില്‍ പലര്‍ക്കും കുടുംബാംഗങ്ങളെയും വീടും ഉള്‍പ്പെടെ നഷ്ടപ്പെട്ടു. ആ സമയത്തെല്ലാം വയനാട്ടുകാരുടെ ഒരുമയും ഐക്യവുമാണ് കാണാനായതെന്നും രാഹുല്‍ പറഞ്ഞു. വയനാട്ടിലെ ജനങ്ങള്‍ കുടുംബാംഗമായാണ് കക്ഷിരാഷ്ട്രീയ ഭേദമന്യേ തെരഞ്ഞെടുത്തത്. സ്വന്തം സഹോദരിയെ സ്നേഹിക്കുന്നതുപോലെ വയനാട്ടിലെ ഓരോ വീടുകളിലും തനിക്ക് സഹോദരിയും സഹോദരന്മാരുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം
കൽപറ്റ: ഈ തെരഞ്ഞെടുപ്പ് ജനാധിപത്യവും, ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടമാണെന്ന് രാഹുല്‍ഗാന്ധി. വയനാട് ലോക്സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ശേഷം മരവയല്‍ കോളനിയില്‍ പ്രകടനപത്രിക പരിചയപ്പെടുത്താനെത്തിയപ്പോള് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ജനാധിപത്യത്തെയും, ഭരണഘടനയേയും നശിപ്പിക്കാനുള്ള നീക്കം നടക്കുകയാണ്. ഇതാരാണ് ചെയ്യുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ഈ പോരോട്ടത്തില്‍ ഒരു വശത്ത് കോണ്‍ഗ്രസും ഇൻഡ്യ മുന്നണിയുമാണെങ്കില്‍ മറുവശത്ത് മോദിയും, അമിത്ഷായും, ബി.ജെ.പിയും ആര്.എസ്.എസുമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.