വയനാട്ടിൽ ഓട്ടോ ഡ്രൈവർ ഷരീഫിനൊപ്പം രാഹുലിന്റെ യാത്ര; ബുദ്ധിമുട്ടുകൾ പരിഹരിക്കാമെന്ന് ഉറപ്പ് VIDEO
text_fieldsകൽപറ്റ: മുഖമൊന്ന് കാണാൻ മണിക്കൂറുകൾ കാത്തുനിന്ന് വളരെ അകലത്തുനിന്ന് മാത്രം കണ്ടിരുന്ന ഒരാൾ തെൻറ ഓട്ടോയിൽ യാത്രചെയ്യുക, കുടുംബ-ജോലിവിവരങ്ങൾ അന്വേഷിക്കുക...അതിെൻറ വിസ്മയത്തിലും സന്തോഷത്തിലുമാണ് ഷരീഫ്. രാഹുൽ ഗാന്ധി എം.പിയാണ് കൽപറ്റ നഗരത്തിലെ ഡ്രൈവർ വി.വി. ഷരീഫിന് വിസ്മയം സമ്മാനിച്ച് ഓട്ടോയിലെ യാത്രക്കാരനായത്. കൽപറ്റ എടപ്പെട്ടി ജീവൻ ജ്യോതി ഓർഫനേജിന് സമീപമാണ് ഷരീഫിെൻറ വീട്.
ഞായറാഴ്ച അനാഥാലയത്തിലെ കുട്ടികൾക്കൊപ്പം ഈസ്റ്റർ ആഘോഷിക്കാൻ രാഹുൽ എത്തിയതറിഞ്ഞ് ഒന്നുകാണാൻ റോഡരികിൽ ഓട്ടോ ഒതുക്കി കാത്തുനിന്നതാണ്. ഓർഫനേജിൽനിന്ന് പുറത്തിറങ്ങിയ എം.പി പെട്ടെന്ന് ഓട്ടോയുടെ അടുത്തേക്ക് വന്ന് ഷരീഫിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് വണ്ടിയിൽ കയറി. കൂടെ കെ.സി. വേണുഗോപാലും കൽപറ്റ മണ്ഡലം സ്ഥാനാർഥി ടി. സിദ്ദീഖും. മുൻസീറ്റിൽ ഷരീഫിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥനും കയറി. എടപ്പെട്ടി മുതൽ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ട് വരെയുള്ള മൂന്ന് കിലോമീറ്റർ സഞ്ചരിക്കുന്നതിനിടെ രാഹുൽ ജോലി, കുടുംബ വിവരങ്ങൾ ചോദിച്ചറിഞ്ഞു.
ഓട്ടോ ഗ്രൗണ്ടിലെത്തിയപ്പോൾ മുൻസീറ്റിൽ വന്നിരുന്ന് കുറച്ച് സമയം സംസാരിച്ച ശേഷമാണ് ഹെലികോപ്ടറിൽ കയറാനായി നീങ്ങിയത്. ആരോഗ്യകാര്യങ്ങൾ, പ്രതിദിനം ലഭിക്കുന്ന വരുമാനം, വണ്ടി അറ്റകുറ്റപ്പണി ചെലവ് എത്രയാകും തുടങ്ങിയ വിവരങ്ങളെല്ലാം രാഹുൽ ആരാഞ്ഞു. ദിനംപ്രതി വർധിക്കുന്ന ഇന്ധനവില കാരണം ജീവിതം മുന്നോട്ട് കൊണ്ടുപോവാൻ പാടുപെടുകയാണെന്ന് രാഹുലിനോട് പറഞ്ഞതായി ഷരീഫ് പറഞ്ഞു. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ന്യായ് പദ്ധതി നടപ്പാക്കുമെന്ന് ഉറപ്പ് നൽകിയാണ് രാഹുൽ സംഭാഷണം അവസാനിപ്പിച്ചത്. കെ.സി. വേണുഗോപാലാണ് സംഭാഷണം പരിഭാഷപ്പെടുത്തിയത്. ഇടപ്പെട്ടി സ്വദേശിയായ ഷരീഫ് നാല് വർഷമായി ഓട്ടോ ഡ്രൈവറാണ്. അതിന് മുമ്പ്കൂലിപ്പണിയായിരുന്നു ഈ നാൽപത്തൊന്നുകാരന്. ഉമ്മയും ഭാര്യയുമടങ്ങുന്നതാണ് കുടുംബം. ഏകമകളെ കല്യാണം കഴിച്ചയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.