രാഹുലിന്റെ ഓഫിസ് ആക്രമണം: പൊലീസിന് വീഴ്ച, ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത
text_fieldsതിരുവനന്തപുരം: രാഹുൽ ഗാന്ധി എം.പിയുടെ കൽപറ്റയിലെ ഓഫിസിലുണ്ടായ ആക്രമണം തടയുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്നും എസ്.എഫ്.ഐക്കാർ സ്ഥലത്ത് അഴിഞ്ഞാടിയെന്നും വ്യക്തമാക്കി എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ റിപ്പോർട്ട് സർക്കാറിന് കൈമാറി. സ്ഥലം സന്ദർശിച്ച് മൊഴി രേഖപ്പെടുത്തിയാണ് വിശദ റിപ്പോർട്ട് സമർപ്പിച്ചത്. സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചസംഭവിച്ചെന്ന ആക്ഷേപം അന്വേഷിക്കാനാണ് എ.ഡി.ജി.പിയെ ചുമതലപ്പെടുത്തിയത്.
റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. സംസ്ഥാന ഇന്റലിജൻസ് വിഭാഗം മുൻകൂട്ടി അറിയിച്ചിട്ടും അക്രമം തടയാൻ പൊലീസിന് സാധിച്ചില്ല. എന്നാൽ, ജില്ല സ്പെഷൽ ബ്രാഞ്ച് ഇക്കാര്യമൊന്നും അറിഞ്ഞിട്ടില്ല. ആക്രമത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലയിലും സായുധ ക്യാമ്പുകളിൽ ദ്രുതകർമ സേന അടിയന്തരമായി രൂപവത്കരിക്കണമെന്നും അവർക്കു കലാപകാരികളെ നേരിടാനുള്ള എല്ലാ ഉപകരണവും ലഭ്യമാക്കണമെന്നും റിപ്പോർട്ട് ശിപാർശ ചെയ്തു.
റിപ്പോർട്ടിൽനിന്ന് : കഴിഞ്ഞ 24നാണ് പരിസ്ഥിതിലോല മേഖല വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ചു രാഹുലിന്റെ ഓഫിസിലേക്ക് എസ്.എഫ്.ഐ മാർച്ചും അക്രമവും നടത്തിയത്. മാർച്ചിന് പൊലീസ് അനുമതി തേടിയില്ല. ഏതാനും ദിവസംമുമ്പു തന്നെ വാട്സ്ആപിലൂടെ പ്രവർത്തകർക്ക് ജില്ല നേതാക്കൾ അറിയിപ്പ് നൽകിയിരുന്നു. 12.30നു സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചിനു വിവരം ലഭിച്ചു. ഉടൻ വയനാട് ജില്ല പൊലീസ് മേധാവിയെയും കൽപറ്റ ഡിവൈ.എസ്.പിയെയും അറിയിച്ചു. മൂന്നരയോടെ മാർച്ച് വന്നപ്പോൾ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ 15 പൊലീസുകാരാണ് ഉണ്ടായിരുന്നത്. വനിതകൾ അടക്കം 300ലേറെ എസ്.എഫ്.ഐക്കാർ എത്തിയതോടെ പൊലീസ് നിസ്സഹായരായി. പൊലീസിനെ കൈയേറ്റം ചെയ്ത പ്രവർത്തകർ രണ്ടുവഴികളിലൂടെ ഓഫിസിലേക്ക് കയറി. എന്നാൽ, അക്രമം തടയാൻ പൊലീസ് അവരുടെ പിന്നാലെ ഓഫിസിനുള്ളിലേക്കു പോയില്ല. 3.37 മുതൽ 3.57 വരെയായിരുന്നു എസ്.ഐ.ഐക്കാർ ഓഫിസിനുള്ളിലുണ്ടായിരുന്നത്. അവിടെയുണ്ടായിരുന്ന മൂന്ന് കോൺഗ്രസ് പ്രവർത്തകരെ ഇവർ കൈയേറ്റം ചെയ്തു.
കുറെ ഫയൽ നശിപ്പിച്ച ശേഷം രാഹുൽ ഗാന്ധിയുടെ തകർത്ത ചിത്രം സഹിതം അദ്ദേഹത്തിന്റെ കസേരയിൽ വാഴ വെച്ചു. 19 പേരെ പൊലീസ് കൈയോടെ അറസ്റ്റ് ചെയ്തു. പിന്നീട് പുറത്തു പ്രതിഷേധിച്ച എസ്.എഫ്.ഐക്കാർ പൊലീസ് ബസ് തകർക്കുകയും എട്ട് പൊലീസുകാരെ പരിക്കേൽപ്പിക്കുകയും ചെയ്തു.
എസ്.എഫ്.ഐ പ്രവർത്തകർക്ക് ജാമ്യം
കൽപറ്റ: രാഹുൽ ഗാന്ധിയുടെ എം.പി ഓഫിസ് ആക്രമിച്ച കേസിൽ എസ്.എഫ്.ഐ പ്രവർത്തകർക്ക് ജാമ്യം. അറസ്റ്റിലായ 29 പേർക്കാണ് ജാമ്യം ലഭിച്ചത്. എം.പിയുടെ ഓഫിസില്‍ അതിക്രമിച്ചുകയറി നാശനഷ്ടങ്ങള്‍ വരുത്തിയതിനും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസുകാരെ കൈയേറ്റം ചെയ്തതിനും പ്രത്യേകം രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം ലഭിച്ചത്. ആദ്യ കേസില്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയും രണ്ടാമത്തേതില്‍ ജില്ല കോടതിയുമാണ് ജാമ്യം അനുവദിച്ചത്. എസ്.എഫ്.ഐ ജില്ല പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി, മൂന്ന് വനിത പ്രവർത്തകർ എന്നിവരടക്കം റിമാൻഡിലായിരുന്നു. കേസ് അന്വേഷിക്കുന്നത് മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.