'വന്യജീവി ആക്രമണത്തിൽ സംസ്ഥാന സർക്കാർ ഇടപെടണം, മാനന്തവാടി മെഡിക്കൽ കോളജിന്‍റെ പരിമിതികൾ പരിഹരിക്കണം'
text_fieldsകൽപറ്റയിൽ: വന്യജീവി ആക്രമണത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വയനാട് എം.പി രാഹുൽ ഗാന്ധി. വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് വേഗത്തിൽ ധനസഹായം ലഭ്യമാക്കണമെന്നും രാഹുൽ പറഞ്ഞു. അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വിഷയത്തിൽ കേരളം- തമിഴ്നാട്- കർണാടക സംസ്ഥാനങ്ങളുടെ സഹകരണം പ്രധാനമാണ്. വയനാട്ടിൽ റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ എണ്ണം കൂട്ടണം. അവർക്ക് ആവശ്യമായ സംവിധാനങ്ങൾ നൽകണം. മാനന്തവാടി മെഡിക്കൽ കോളജിന്റെ അവസ്ഥ ഗൗരവമുള്ളതാണ്. മെഡിക്കൽ കോളജിന്‍റെ പരിമിതികൾ അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. സൗകര്യങ്ങൾ ഒരുക്കുന്നത് നീണ്ടുപോകുകയാണ്. സംസ്ഥാന സർക്കാർ ഇതിൽ അടിയന്തരമായി ഇടപെടണം. മുഖ്യമന്ത്രിയുമായി സംസാരിക്കാൻ ശ്രമിച്ചു സാധിച്ചില്ല, വീണ്ടും ശ്രമിക്കും. വന്യജീവി ആക്രമണത്തിൽ പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കണം'- രാഹുൽ പറഞ്ഞു.
വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ രാഹുൽ ഗാന്ധി സന്ദർശിച്ചു. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോൾ ഉൾപ്പെടെയുള്ളവരുടെ ബന്ധുക്കളുമായി രാഹുൽ സംസാരിച്ചു. സാധ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് രാഹുൽ ഗാന്ധി ഉറപ്പ് നൽകി. വാരണാസിയിൽ നിന്ന് ഭാരത് ജോഡോ ന്യായ് യാത്ര താൽക്കാലികമായി നിർത്തിവെച്ചാണ് രാഹുൽ ഗാന്ധി എം.പി വയനാട്ടിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.