ഇന്നെത്തും രാഹുലും പ്രിയങ്കയും; വരവേൽക്കാനൊരുങ്ങി വയനാട്, ‘സത്യമേവ ജയതേ’ റോഡ്ഷോയിൽ ആയിരങ്ങള്‍ അണിനിരക്കും
text_fieldsകൽപറ്റ: എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടശേഷം ആദ്യമായി രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച വയനാട്ടിലെത്തുന്നു. വയനാട് ലോക്സഭ മണ്ഡലത്തിലെ വോട്ടർമാരെ കാണാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും അദ്ദേഹത്തോടൊപ്പമുണ്ടാകും. ആയിരങ്ങള്‍ അണിനിരക്കുന്ന റോഡ്ഷോ ഉച്ചക്കുശേഷം മൂന്നുമണിയോടെ കല്പറ്റ എസ്.കെ. എം.ജെ ഹൈസ്കൂൾ മൈതാനത്തുനിന്ന് ആരംഭിക്കും. റോഡ്ഷോയില്‍ പാര്‍ട്ടി കൊടികള്‍ക്ക് പകരം ദേശീയപതാകയായിരിക്കും ഉപയോഗിക്കുക.
സത്യമേവ ജയതേ എന്ന പേരില്‍ നടക്കുന്ന റോഡ്ഷോയിലേക്ക് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തിച്ചേരും. പൊതുസമ്മേളനത്തിന്റെ ഭാഗമായി സാംസ്കാരിക, ജനാധിപത്യ പ്രതിരോധം എന്ന പേരിലുള്ള പരിപാടിയും നടക്കും. ഇതില്‍ കേരളത്തിലെ പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കാളികളാവും. രാഹുലും പ്രിയങ്കയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംസാരിക്കും.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം, മോന്‍സ് ജോസഫ് എം.എല്‍.എ, എന്‍.കെ. പ്രേമചന്ദ്രന് എം.പി, സി.പി. ജോണ്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി ചൊവ്വാഴ്ച കല്പറ്റയില് വാഹനഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
വയനാട്ടിലുണ്ടാകും; അഭിപ്രായം പറയില്ല -കെ. മുരളീധരൻ
കണ്ണൂർ: വയനാട്ടിലെ കെ.പി.സി.സിയുടെ പരിപാടിയില്‍ താന്‍ പങ്കെടുക്കുമെന്ന് കെ. മുരളീധരന് എം.പി. കെ.പി.സി.സിയുടെ ചലോ വയനാട്, വി.ആര് വിത്ത് രാഹുൽ ഗാന്ധി എന്നീ മുദ്രാവാക്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ താനുണ്ടാകുമെന്നും വയനാട്ടിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് അഭിപ്രായം പറയില്ലെന്ന് മുരളീധരൻ വ്യക്തമാക്കി. വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധിയുടെ പരിപാടിയില്‍നിന്ന് മുരളീധരന് വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.