രാഹുൽ ഗാന്ധി കരിപ്പൂരിൽ; നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
text_fieldsകരിപ്പൂർ: രണ്ടു ദിവസത്തെ പരിപാടികൾക്കായി നിലമ്പൂർ മണ്ഡലത്തിലെത്തിയ രാഹുൽ ഗാന്ധി എം.പിയുമായി കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾ കൂടിക്കാഴ്ച നടത്തി. കരിപ്പൂർ വിമാനത്താവളത്തിനുള്ളിൽ വെച്ച് കോൺഗ്രസ്, യു.ഡി.എഫ് നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ നിയമസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടന്നതായാണ് റിപ്പോർട്ട്.
രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. സീറ്റ് വിഭജനം ചർച്ചയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ, എം.എം. ഹസൻ, മുസ് ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ് അടക്കമുള്ളവർ രാഹുൽ ഗാന്ധിയെ സ്വീകരിച്ചു.
വയനാട് പാർലമെൻറ് മണ്ഡലത്തിന്‍റെ ഭാഗമായ വണ്ടൂരിലും നിലമ്പൂരിലുമുള്ള വിവിധ ഉദ്ഘാടന പരിപാടികൾക്ക് ശേഷം അദ്ദേഹം ഇന്നു തന്നെ കൽപറ്റയിലേക്ക് തിരിക്കും.
രാവിലെ പാണക്കാട്ടെത്തിയ ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു മണിക്കൂറോളം പാണക്കാട് ചെലവഴിച്ച നേതാക്കൾ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തു. സൗഹൃദ സന്ദർശനത്തിന്‍റെ ഭാഗമായിരുന്നു വരവെന്നും മറ്റു ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും ഹൈദരലി തങ്ങൾ പറഞ്ഞു.
രാഷ്ട്രീയ വിഷയങ്ങളും മറ്റും സംസാരിച്ചുവെന്നും സീറ്റു വിഭജനം പോലുള്ള വിഷയങ്ങളൊന്നും ചർച്ചയിൽ വന്നിട്ടില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമ പ്രവർത്തകരെ അറിയിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്യുക. കോൺഗ്രസ് നേതാക്കളുടെ യാത്രക്കിടെ അത് നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.