രാഹുലിനായി ആർപ്പ് വിളിച്ചും കൈ വീശിയും ജനം; 'ഭാരത് ജോഡോ യാത്ര'യുടെ കൊല്ലത്തെ പര്യടനം തുടങ്ങി
text_fieldsകൊല്ലം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ എട്ടാം ദിവസത്തെ പര്യടനം കൊല്ലം ജില്ലയിൽ തുടങ്ങി. ഒരു ദിവസത്തെ അവധിക്ക് ശേഷമാണ് ജില്ലയിലെ പര്യടനം പുനരാരംഭിച്ചത്. യാത്രയെ വരവേൽക്കാൻ റോഡിന്‍റെ ഇരുവശങ്ങളിലും വൻ ജനപങ്കാളിത്തമാണുള്ളത്.
ജനങ്ങൾ ആർപ്പ് വിളിച്ചും കൈ ഉയർത്തി വീശിയും രാഹുലിന് വരവേൽപ്പ് നൽകുന്നുണ്ട്. യാത്രയുടെ ഇടവേളകളിൽ കശുവണ്ടി തൊഴിലാളികൾ, സംരംഭകർ, തൊഴിലാളി നേതാക്കൾ, ആർ.എസ്.പി, ഫോർവേഡ് ബ്ലോക്ക് നേതാക്കൾ എന്നിവരുമായി രാഹുൽ ഗാന്ധി സംവദിക്കും.
രാവിലെ ഏഴിന് കൊല്ലം പോളയത്തോട് ജങ്ഷനിൽ നിന്ന് ആരംഭിച്ച പദയാത്ര ഉച്ചക്ക് 11ന് നീണ്ടകര ശിവം ബീച്ച് റിസോർട്ടിൽ പ്രഭാത വിശ്രമത്തിനായി നിർത്തും. തുടർന്ന് വൈകീട്ട് നാലിന് ചവറ പാലത്ത് നിന്ന് പുനരാരംഭിക്കുന്ന യാത്ര വൈകിട്ട് ഏഴിന് കരുനാഗപ്പള്ളി ലാലാജി ജങ്ഷനിൽ സമാപിക്കും. കരുനാഗപ്പള്ളി ശ്രീധരീയം കൺവെൻഷൻ സെന്‍ററിലാണ് രാഹുൽ ഗാന്ധിയുടെയും സംഘാംഗങ്ങളുടെയും രാത്രി വിശ്രമം.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 18 ദിവസമാണ് കേരളത്തിൽ പര്യടനം നടത്തുക. സംസ്ഥാനത്തെ ഏഴ് ജില്ലകളിലൂടെയാണ് യാത്ര കടന്നു പോകുന്നത്. 29ന് മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ വഴി കര്‍ണാടകത്തില്‍ പ്രവേശിക്കും.
തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയപാത വഴിയും തുടര്‍ന്ന് നിലമ്പൂര്‍ വരെ സംസ്ഥാനപാത വഴിയുമായിരിക്കും പദയാത്ര. ഇതര ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും. വിവിധ ജില്ലകളിലൂടെ യാത്ര കടന്നു പോകുന്ന ദിവസങ്ങൾ: കൊല്ലം -14, 15, 16. ആലപ്പുഴ -17, 18, 19, 20. എറണാകുളം -21, 22. തൃശൂർ -23, 24, 25. പാലക്കാട് -26, 27. മലപ്പുറം -28, 29.
കഴിഞ്ഞ എട്ട് വർഷത്തിനിടെ രാജ്യം എല്ലാ മേഖലയിലും വലിയ വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് ഏറ്റവും വലിയ രാഷ്ട്രീയദൗത്യം ഏറ്റെടുത്ത് പദയാത്ര നടത്താൻ കോൺഗ്രസ് തീരുമാനിച്ചത്. മൂന്നൂറ് സ്ഥിരാംഗങ്ങളാണ് യാത്രയെ അനുഗമിക്കുന്നത്. എ.ഐ.സി.സി നിശ്ചയിക്കുന്ന 100 സ്ഥിരാംഗങ്ങള്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 150 ദിവസങ്ങളായി 3571 കി.മീറ്റര്‍ രാഹുല്‍ ഗാന്ധിയോടൊപ്പം പദയാത്രയില്‍ അണിചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.