വയനാട് സ്വന്തം വീടുപോലെയെന്ന് രാഹുൽ ഗാന്ധി
text_fieldsകോഴിക്കോട്: വയനാട് തനിക്ക് സ്വന്തം വീടുപോലെയാണെന്ന് രാഹുൽ ഗാന്ധി എം.പി. ഓരോ തവണ കേരളത്തിലേക്ക് വരുമ്പോഴും സ്വന്തം വീട്ടിലേക്ക് വരുന്നതുപോലെയാണ് അനുഭവം. ഇവിടേക്ക് വരുന്നതിനെ ഞാൻ അതിയായി ഇഷ്ടപ്പെടുന്നു. തന്‍റെ ഇവിടേക്കുള്ള വരവ് ഒരു ജോലിയുടെ ഭാഗമല്ലെന്നും സ്വന്തം കുടുംബത്തിലേക്ക് വരുന്നതുപോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട്ടിൽ വീണ്ടും മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് ‘സീതിഹാജി, നിലപാടുകളുടെ നേതാവ്’ പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് രാഹുൽ ഗാന്ധിയുടെ വാക്കുകൾ.
ഇക്കാലത്ത് രാഷ്ട്രീയക്കാർ അതിസമർഥരാണ്. ലളിതജീവിതം നയിക്കുന്നവരാണെന്ന് പുറമെ അഭിനയിച്ച് ആഡംബര ജീവിതം നയിക്കുന്നവരും കൂട്ടത്തിലുണ്ട്. ഇത്തരക്കാരുടെ യഥാർഥ അവസ്ഥ കണ്ടുപിടിക്കാൻ പുതിയ സാങ്കേതികവിദ്യ സ്വായത്തമാക്കേണ്ട സാഹചര്യമാണ്. താൻ മക്കളിലൂടെയാണ് രാഷ്ട്രീയ നേതാക്കളുടെ യഥാർഥ മുഖം മനസ്സിലാക്കാറുള്ളത്. നിഷ്കളങ്കരായ അവർക്കൊന്നും ഒളിച്ചുവെക്കാനാകില്ല. സീതി ഹാജിയെ കണ്ടിട്ടില്ലെങ്കിലും മകൻ പി.കെ. ബഷീറിലൂടെ സീതി ഹാജിയെ താൻ നന്നായി മനസ്സിലാക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കടവ് റിസോർട്ടിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി പുസ്തകം ഏറ്റുവാങ്ങി. കെ.സി. വേണുഗോപാൽ എം.പി, എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, കെ. മുരളീധരൻ എം.പി, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, എം.പി. അബ്ദുസ്സമദ് സമദാനി എം.പി, പി.കെ. ബഷീർ എം.എൽ.എ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.