രാഹുൽ ഗാന്ധി കാര്യങ്ങൾ കണ്ടത് നല്ലനിലക്ക് -പിണറായി
text_fieldsതിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധത്തെ രാഹുൽ ഗാന്ധി നല്ലനിലക്കാണ് കണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിെൻറ ദേശീയനേതാവെന്ന നിലയിൽ അദ്ദേഹം രാജ്യത്തുള്ള എല്ലാ പ്രതിരോധപ്രവർത്തനങ്ങളും കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നയാളാണ്.
വ്യത്യസ്ത സംസ്ഥാനങ്ങളിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഇവിടത്തെ കാര്യത്തെ വിലയിരുത്തിയാണ് അദ്ദേഹം കേരളത്തെ പ്രകീർത്തിച്ചത്. ഇത് സ്വാഭാവികമായ ഒരു പ്രതികരണമാണ്. അക്കാര്യത്തിൽ കേരളത്തിലെ പ്രതിപക്ഷ നേതാവ് യോജിക്കുന്നുണ്ടോ ഇല്ലേ എന്നത് അവർ തമ്മിലുള്ള കാര്യമാണ്. അതിൽ ഞാൻ അഭിപ്രായം പറയേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് പ്രതിരോധത്തിൽ കേരളത്തിനെതിരായ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധെൻറ പ്രസ്താവന ദൗർഭാഗ്യകരമാണെന്നാണ് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി കൽപറ്റയിൽ അഭിപ്രായപ്പെട്ടത്. കോവിഡ് മഹാമാരിക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പോകേണ്ട സമയത്ത് ഇത്തരം വിമർശനം നടത്തുന്നത് ശരിയല്ല. കേരളത്തിലെ ജനങ്ങളുടെ ആത്മാർഥമായ പ്രവർത്തനങ്ങളിലൂടെ കോവിഡിനെ മറികടക്കുമെന്നും എല്ലാവരും കോവിഡിനെ പരാജയപ്പെടുത്തുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കൂടാതെ, സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയെൻറ രാജി ആവശ്യപ്പെട്ടുള്ള യു.ഡി.എഫ് സമരങ്ങളുമായി ബന്ധപ്പെട്ട് പ്രതികരണം ആരാഞ്ഞപ്പോഴും സൂക്ഷ്മതയോടെയാണ് രാഹുൽ മറുപടി പറഞ്ഞത്. എൻ.ഐ.എ ഉൾപ്പെടെ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ടെന്നും സത്യം പുറത്തുവരട്ടെയെന്നും അഭിപ്രായപ്പെട്ട രാഹുൽ, അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നതായും ആരോപിച്ചിരുന്നു.
'സി.ബി.ഐ ഉൾപ്പെടെ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാഷ്ട്രീയ എതിരാളികളെ സമ്മർദത്തിലാക്കി തങ്ങളുടെ വരുതിയിലാക്കുകയാണ്. വ്യക്തിപരായി എനിക്കും നിരവധി നേതാക്കൾക്കും ഇത് നേരിടേണ്ടിവന്നിട്ടുണ്ട്. ഈ പ്രവണത അപകടകരവും അന്വേഷണ ഏജൻസികളെ തകർക്കലുമാണ്' -രാഹുൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.