രാഹുലും പ്രിയങ്കയുമെത്തി; ആവേശത്തിൽ വയനാട് -VIDEO
text_fieldsകൽപറ്റ: വയനാടിന്റെ ഹൃദയത്തിലേക്ക് രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും ഒരിക്കൽ കൂടി പറന്നിറങ്ങി. കൽപറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ 3.50ഓടെ ഹെലികോപ്റ്ററിൽ ഇറങ്ങിയ ഇരുവരെയും പതിനായിരങ്ങൾ ആർപ്പുവിളികളോടെ സ്വീകരിച്ചു. തുടർന്ന് തുറന്ന വാഹനത്തിൽ കൈനാട്ടി ബൈപ്പാസ് റോഡ് ജങ്ഷനിലൊരുക്കിയ സമ്മേളന നഗരിയിലേക്ക് ആനയിച്ചു
എം.പിയായ ശേഷം പലതവണ രാഹുൽ മണ്ഡലത്തിലെത്തിയിട്ടുണ്ടെങ്കിലും ഇത്തവണ വരുന്നത് ഏറെ വൈകാരിക പശ്ചാത്തലത്തിലാണ്. ലക്ഷക്കണക്കിന് വോട്ടിന്റെ ഭൂരിപക്ഷത്തിൽ വയനാട് ജനത തെരഞ്ഞെടുത്തയച്ച രാഹുൽ ഗാന്ധി എം.പി, നിലവിൽ എം.പിയല്ല. സൂറത്ത് കോടതി വിധിയുടെ പിന്നാലെ ധൃതിപിടിച്ച് പാർലമെന്റിൽനിന്ന് അയോഗ്യനാക്കിയ ശേഷം ആദ്യമായാണ് വയനാടിന്റെ മണ്ണിലെത്തുന്നത്. തങ്ങളുടെ എം.പിയോട് നടത്തിയ രാഷ്ട്രീയപകപോക്കലിനോടുള്ള ജനകീയ പ്രതിരോധം കൂടിയാണ് ഇന്നത്തെ സ്വീകരണം.
രാഹുൽ നയിക്കുന്ന ‘സത്യമേവ ജയതേ’ റോഡ്‌ഷോയിൽ ആയിരങ്ങള്‍ അണിനിരക്കുന്നുണ്ട്. കല്‍പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂൾ മൈതാനത്തുനിന്ന് ആരംഭിച്ച റോഡ്‌ഷോയില്‍ പാര്‍ട്ടി കൊടികള്‍ക്ക് പകരം ദേശീയപതാകയാണ് ഉപയോഗിക്കുന്നത്.
പൊതുസമ്മേളനത്തിന്റെ ഭാഗമായി സാംസ്‌കാരിക, ജനാധിപത്യ പ്രതിരോധം എന്ന പേരിലുള്ള പരിപാടിയും നടക്കും. കേരളത്തിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കാളികളാവും. രാഹുലും പ്രിയങ്കയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംസാരിക്കും.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍, മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം, മോന്‍സ് ജോസഫ് എം.എല്‍.എ, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, സി.പി. ജോണ്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.