വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട്ടിൽ ആശ്വാസവുമായി രാഹുൽ ഗാന്ധിയെത്തി
text_fieldsകൽപറ്റ: വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ചാലിഗദ്ദയിലെ അജീഷിന്റെയും കുറുവാ ദ്വീപിൽ വച്ച് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനംവകുപ്പ് താൽക്കാലിക ജീവനക്കാരൻ പാക്കത്തെ പോളിന്‍റെയും വീടുകൾ സന്ദർശിച്ചു. വന്യജീവി ആക്രമണം നിയന്ത്രിക്കാനുള്ള അടിയന്തര തയ്യാറെടുപ്പ് സംബന്ധിച്ച് രാഹുൽ ഗാന്ധി ജില്ല കലക്ടറുമായി ചർച്ച ചെയ്യും.
എല്ലാ സഹായങ്ങളും ചെയ്യാമെന്ന് രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്തെന്ന് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകൾ അൽന പറഞ്ഞു. മൃഗങ്ങൾ നാട്ടിൽ ഇറങ്ങാതിരിക്കാൻ നടപടിയെടുക്കണം എന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടതായും കുടുംബം പറഞ്ഞു.
വന്യജീവി ആക്രമണത്തിൽ വനംവകുപ്പ് താൽക്കാലിക ജീവനക്കാരൻ പോൾ മരിച്ചത് വേണ്ടത്ര ചികിത്സ കിട്ടാതെയാണെന്ന് കുടുംബം ആരോപിച്ചു. മാനന്തവാടി മെഡിക്കൽ കോളജിൽ വേണ്ട ചികിത്സ ലഭിച്ചിരുന്നില്ലെന്ന് പോളിന്റെ ഭാര്യ ഷാലി പറഞ്ഞു. മൃതദേഹം വീട്ടിലെത്തിക്കാൻ വൈകിയതിലും കുടംബം അതൃപ്തി അറിയിച്ചു. ചികിത്സ കിട്ടാതെ ഇനി ഒരാളും മരിക്കേണ്ടി വരരുതെന്ന് പോളിന്റെ മകൾ സോന പറഞ്ഞു. മാനന്തവാടി മെഡിക്കൽ കോളജിൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഒരുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മുഡകൊല്ലിയിലെ പ്രജീഷിന്‍റെ വീടും രാഹുൽ സന്ദർശിച്ചു. ഇതിനു ശേഷം കൽപറ്റ ഗസ്റ്റ ഹൗസിൽ നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുത്ത ശേഷമാവും രാഹുൽ ഗാന്ധി അലഹബാദിലേക്ക് മടങ്ങുക. ഭാരത് ജോഡോ ന്യായ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിയാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയത്.
കാട്ടാനയാക്രമണത്തിൽ കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരനായിരുന്ന പോൾ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇന്നലെ പുൽപ്പള്ളിയിൽ വലിയ പ്രതിഷേധമുയർന്നിരുന്നു. നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. 17 ദിവസത്തിനിടെ വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് പോൾ. കാട്ടാനയുടെ ആക്രമണത്തിൽ ജനുവരി 29ന് തോൽപെട്ടി നരിക്കല്ലിൽ കാപ്പിത്തോട്ടത്തിൽ കാവൽക്കാരനായിരുന്ന ലക്ഷ്മണൻ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 10ന് മാനന്തവാടി ചാലിഗദ്ദയിൽ അയൽവാസിയുടെ വീട്ടുമുറ്റത്തുവെച്ച് പനച്ചിയിൽ അജീഷ് എന്നയാളും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.