ഓഫിസ് ആക്രമണം: എസ്.എഫ്.ഐ ജില്ല പ്രസിഡന്‍റും സെക്രട്ടറിയും ഉൾപ്പെടെ 25 പേർ റിമാൻഡിൽ
text_fieldsകല്‍പറ്റ: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫിസ് അടിച്ചുതകര്‍ക്കുകയും ഓഫിസ് സ്റ്റാഫിനെ മര്‍ദിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ 25 എസ്.എഫ്.ഐ പ്രവർത്തകർ റിമാൻഡിൽ. എസ്.എഫ്.ഐ വയനാട് ജില്ല പ്രസിഡന്‍റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച കൽപറ്റ മുൻസിഫ് കോടതിയിൽ ഹാജരാക്കിയ ഇവരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. മൂന്നു പേരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 30 ആയി. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്.
മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രനാണ് അന്വേഷണ ചുമതല. കമ്പളക്കാട് സി.ഐ ഉൾപ്പെടെ 24 പേരാണ് അന്വേഷണ സംഘത്തിലുള്ളത്. എം.പി ഓഫിസിനും പൊലീസിനും നേരെ നടന്ന ആക്രമണമാണ് സംഘം അന്വേഷിക്കുന്നത്. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിൽ ഉദ്യോഗസ്ഥതലത്തിലുണ്ടായ വീഴ്ചയും അന്വേഷിക്കുന്നുണ്ട്.
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പരിസ്ഥിതിലോല വിഷയത്തില്‍ രാഹുല്‍ ഗാന്ധി എം.പി ഇടപെടുന്നില്ലെന്നാരോപിച്ചാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൽപറ്റയിലെ എം.പി ഓഫിസ് അടിച്ചുതകർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.