മതത്തിന്‍റെയും ജാതിയുടെയും പേരിൽ ജന്മനാട്ടിൽ നിന്ന് ഇറക്കിവിടില്ല -രാഹുൽ ഗാന്ധി
text_fieldsകോഴിക്കോട്: ജന്മം നൽകിയ നാട്ടിൽനിന്ന് മതത്തിന്റെയോ ജാതിയുടെയോ പേരിൽ ഒരാളെയും ഇറക്കിവിടാൻ ഇൻഡ്യ സഖ്യം അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി. വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കട തുറക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്യാനെത്തിയ രാഹുൽ, ഇന്ത്യയെ ഫാഷിസത്തിൽനിന്ന് മോചിപ്പിക്കുമെന്ന് ഉറപ്പുനൽകി. പൗരന്മാരെ മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ അനുവദിക്കില്ല. ഭരണഘടന നല്‍കുന്ന മാനദണ്ഡത്തിലാവണം പൗരത്വം നിശ്ചയിക്കേണ്ടത്. ഭരണഘടനയെ ശക്തിപ്പെടുത്തുക എന്നത് കോൺഗ്രസിന്റെ ഉത്തരവാദിത്തമാണ്.
ഇലക്ടറല്‍ ബോണ്ട് വഴി ബി.ജെ.പിക്ക് പണം നല്‍കിയ കമ്പനികള്‍ക്ക് വലിയ കരാറുകളും ആനുകൂല്യങ്ങളുമാണ് ലഭിച്ചത്. മേഘ എൻജിനീയറിങ് കമ്പനി ബി.ജെ.പിക്ക് കോടികള്‍ നല്‍കിയപ്പോള്‍ അധികം വൈകാതെ കോടികളുടെ മുതൽമുടക്കിലുള്ള മുംബൈ-താനെ ഹൈവേ കരാര്‍ ലഭിച്ചു. പണം നൽകിയ കമ്പനികളുടെ പട്ടിക നീളുകയാണ്. ഇലക്ടറല്‍ ബോണ്ട് കൊള്ളയാണ്. ബി.ജെ.പി നടത്തുന്ന പ്രവര്‍ത്തനമെല്ലാം കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 24 വര്‍ഷം കൊണ്ട് ലഭിക്കുന്ന പണമാണ് കോര്‍പറേറ്റുകള്‍ക്ക് നല്‍കിയത്.
സാധാരണക്കാര്‍ക്ക് ഗാരന്റികള്‍ പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് പോരാട്ടം നടത്തുന്നത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തെ വനിതകളെ ശാക്തീകരിക്കും. മഹാലക്ഷ്മിയുടെ പേരില്‍ പദ്ധതി തുടങ്ങി ഒരു വനിതയുടെ പേരില്‍ ഒരു വര്‍ഷം ഒരു ലക്ഷം അവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും. സര്‍ക്കാര്‍ ജോലികളില്‍ 50 ശതമാനം സ്ത്രീകള്‍ക്ക് മാറ്റിവെക്കും. അംഗൻവാടി വര്‍ക്കര്‍മാരായ സാധാരണക്കാര്‍ക്ക് വേതനം ഇരട്ടിയാക്കും. കോര്‍പറേറ്റുകളുടെ വായ്പയാണ് മോദി എഴുതിത്തള്ളുന്നതെങ്കിൽ കോണ്‍ഗ്രസ് പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും കടങ്ങളാവും എഴുതിത്തള്ളുക.
കേരളത്തിന്റെ സവിശേഷതകള്‍ എടുത്തുപറഞ്ഞാണ് രാഹുല്‍ പ്രസംഗം ആരംഭിച്ചത്. ഉച്ചത്തില്‍ സംസാരിക്കുന്ന നാടല്ല കേരളം; എന്നാല്‍ എന്തെങ്കിലും തീരുമാനിച്ചാല്‍ ശബ്ദം പതുക്കെയായാലും അതിന് കരുത്തുണ്ട്. കേരളം സംസാരിച്ച് തുടങ്ങിയാല്‍ ക്രൂരതയും വന്യതയും ഉണ്ടാവില്ല. വെറുപ്പിന്റെ ആശയം കൊണ്ട് ബി.ജെ.പിയും ആര്‍.എസ്.എസും കേരളത്തിലുണ്ടാക്കുന്ന അസ്വസ്ഥതകള്‍ അറിയാം. അവര്‍ ലക്ഷ്യമിടുന്നത് കേരളത്തെ വിഭജിക്കാനും തമ്മിലടിപ്പിക്കാനുമാണ്. ബി.ജെ.പിയും ആര്‍.എസ്.എസും അര്‍ഹിച്ച മറുപടി സംസ്ഥാനം നല്‍കി. സൗദിയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട യുവാവിനെ രക്ഷിക്കാന്‍ ജാതിയും മതവും മറന്ന് മലയാളികള്‍ നടത്തിയ യജ്ഞം മാതൃകാപരമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
തനിക്കെതിരെ സി.ബി.ഐയെയും ഇ.ഡിയെയും ഉപയോഗിക്കുമ്പോൾ കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ട് ഒന്നും സ്വീകരിക്കുന്നില്ല. മോദി ജനാധിപത്യത്തെ തകർക്കുമ്പോൾ മുഖ്യമന്ത്രി തനിക്കെതിരെയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷതവഹിച്ചു. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസന്‍, മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, മുസ്‍ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, യു.ഡി.എഫ് സ്ഥാനാര്‍ഥികളായ എം.കെ. രാഘവന്‍ (കോഴിക്കോട്), ഇ.ടി. മുഹമ്മദ് ബഷീര്‍ (മലപ്പുറം), എം.പി. അബ്ദുസ്സമദ് സമദാനി (പൊന്നാനി), ഷാഫി പറമ്പില്‍ (വടകര), എ.ഐ.സി.സി സെക്രട്ടറിമാരായ പി.സി. വിഷ്ണുനാഥ്, പി.വി. മോഹനന്‍, ഡോ. എം.കെ. മുനീര്‍ എം.എൽ.എ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, കെ.സി. അബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.