Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഭാരത് ജോഡോ യാത്ര'ക്ക്...

'ഭാരത് ജോഡോ യാത്ര'ക്ക് വൻ വരവേൽപ്പ്; എറണാകുളം ജില്ലയിൽ പര്യടനം തുടങ്ങി

text_fields
bookmark_border
Rahul Gandhi, bharat jodo yatra
cancel

എറണാകുളം: രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര'യുടെ എറണാകുളം ജില്ലയിലെ പര്യടനം തുടങ്ങി. രാവിലെ കുമ്പളം ടോൽ പ്ലാസ ജങ്ഷനിൽ നിന്നാണ് പദയാത്ര ആരംഭിച്ചത്. പദയാത്ര ഉച്ചക്ക് 11ന് ഇടപ്പള്ളി സെന്‍റ് ജോർജ് പള്ളിയിൽ പ്രഭാത വിശ്രമത്തിനായി യാത്ര നിർത്തും.

തുടർന്ന് വൈകീട്ട് നാലിന് ഇടപ്പള്ളി ജങ്ഷനിൽ നിന്ന് പുനരാരംഭിക്കുന്ന യാത്ര വൈകിട്ട് ആലുവ തൊട്ടക്കാട്ടുകര ജങ്ഷനിൽ സമാപിക്കും. ആലുവ മണപ്പുറത്താണ് രാത്രി വിശ്രമം. യാത്രക്കിടെ ഐ.ടി മേഖലയിലെ വിദഗ്ധർ, ട്രാൻസ്ജെഡറുകൾ അടക്കം സമൂഹത്തിന്‍റെ വിവിധ മേഖലയിലുള്ളവരുമായി രാഹുൽ കൂടിക്കാഴ്ച നടത്തും.

സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്നാരംഭിച്ച ഭാരത് ജോഡോ യാത്ര ഇന്ന് പതിനാലാം ദിവസത്തിലേക്ക് കടന്നു. സംസ്ഥാനത്തെ ഏഴ് ജില്ലകളിലൂടെ 18 ദിവസമാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പര്യടനം നടത്തുക. 29ന് മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ വഴി കര്‍ണാടകത്തില്‍ പ്രവേശിക്കും.


തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയപാത വഴിയും തുടര്‍ന്ന് നിലമ്പൂര്‍ വരെ സംസ്ഥാനപാത വഴിയുമായിരിക്കും പദയാത്ര. ഇതര ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും. വിവിധ ജില്ലകളിലൂടെ യാത്ര കടന്നു പോകുന്ന ദിവസങ്ങൾ: എറണാകുളം -21, 22. തൃശൂർ -23, 24, 25. പാലക്കാട് -26, 27. മലപ്പുറം -28, 29.


കഴിഞ്ഞ എട്ട് വർഷത്തിനിടെ രാജ്യം എല്ലാ മേഖലയിലും വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പദയാത്ര നടത്താൻ കോൺഗ്രസ് തീരുമാനിച്ചത്. മൂന്നൂറ് സ്ഥിരാംഗങ്ങൾ 150 ദിവസങ്ങളായി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 3571 കിലോമീറ്റര്‍ രാഹുല്‍ ഗാന്ധിയോടൊപ്പം പദയാത്രയില്‍ അണിചേരും.

മുട്ടം മുതൽ കറുകുറ്റി വരെ കര്‍ശന ഗതാഗത നിയന്ത്രണം

ആലുവ: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി 21, 22 തീയതികളിൽ മുട്ടം മുതൽ കറുകുറ്റി വരെ കര്‍ശന ഗതാഗത നിയന്ത്രണം. കണ്ടയ്നർ ലോറി ഉൾപ്പടെയുള്ള ഭാരവാഹനങ്ങൾ നിരോധിച്ചു. പാർക്കിങും അനുവദനീയമല്ല. 21ന് ഉച്ചക്ക് 12 മണിക്ക് ശേഷം എറണാകുളം ഭാഗത്ത് നിന്ന് തൃശൂരിലേക്ക് പോകുന്ന വാഹനങ്ങൾ ഇടപ്പള്ളി വഴി തിരിഞ്ഞ് പോകണം.

തൃശ്ശൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ അങ്കമാലി കാലടി പെരുമ്പാവൂർ വഴി ഉപയോഗിക്കണം. 22ന് രാവിലെ അഞ്ചുമുതൽ വൈകീട്ട് അഞ്ചുവരെ മുട്ടം മുതൽ കറുകുറ്റി വരെ ഗതാഗത നിയന്ത്രണമുണ്ടാകും. ഈ ദിവസം ആലുവയിലൂടെ വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങൾ മഹിളാലയം തുരുത്ത് പാലം വഴി പോകേണ്ടതാണ്.

അങ്കമാലി ഭാഗത്ത് നിന്നും വരുന്നവർ നായത്തോടു കൂടി പോകണം. രണ്ട് ദിവസങ്ങളിലും ഗതാഗത നിയന്ത്രണങ്ങൾ ഉള്ളതിനാൽ എയർപോർട്ടിലേക്ക് യാത്ര ചെയ്യുന്നവർ നേരത്തെ എത്തിച്ചേരണം. ജോഡോ യാത്രക്ക് വരുന്ന വാഹനങ്ങൾ ആളുകളെ ഇറക്കിയതിനുശേഷം ആലുവ മണപ്പുറത്ത് പാർക്ക് ചെയ്യേണ്ടതാണ്.

ഗതാഗത നിയന്ത്രണം, വിമാന യാത്രക്കാർ നേരത്തെ പുറപ്പെടണം

നെടുമ്പാശേരി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണമേർപ്പെടുത്തുന്നതിനാൽ നാളെയും മറ്റന്നാളും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വരുന്നവർ നേരത്തെ പുറപ്പെടണമെന്ന് ജില്ല പൊലീസ് മേധാവി വിവേക് കുമാർ അറിയിച്ചു.

  • 21, 22 തീയതികളില്‍ ദേശീയ പാതയുടെ പടിഞ്ഞാറ് വശത്തുള്ള ട്രാക്ക് ഭാരത് ജോഡോ യാത്രക്കായി നീക്കിവെക്കും. ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ കിഴക്ക് ഭാഗത്തെ ട്രാക്കിലൂടെ പോകണം
  • എറണാകുളം ഭാഗത്തു നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന കണ്ടയ്നർ ലോറി, ഹെവി വെഹിക്കിൾസ് തുടങ്ങിയ ദീര്‍ഘദൂര വാഹനങ്ങളും മറ്റും ഇടപ്പള്ളിയില്‍ നിന്നും തിരിഞ്ഞ് ചേരാനല്ലൂര്‍-വരാപ്പുഴ – നോര്‍ത്ത് പറവൂര്‍ വഴി (ദേശീയപാത-544 ) കൊടുങ്ങല്ലൂര്‍ -തൃശൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണ്.
  • തൃശൂര്‍/അങ്കമാലിയില്‍ നിന്നും തെക്ക് ഭാഗത്തേക്ക് വരുന്ന കണ്ടയ്നർ ഉള്‍പ്പടെയുള്ള എല്ലാ ഭാരവാഹനങ്ങളും അങ്കമാലി സിഗ്നല്‍ ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് കാലടി, പെരുമ്പാവൂര്‍ വഴി തെക്കോട്ട് പോകേണ്ടതാണ്.
  • ഭാരത് ജോഡോ യാത്രക്ക് വരുന്ന ആളുകളെ ഇറക്കിയ ശേഷം എല്ലാ വാഹനങ്ങളും ആലുവ മണപ്പുറത്ത് പാര്‍ക്ക് ചെയ്യണം.
  • 20ന് വൈകീട്ട് മുതല്‍ തൃശൂരില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് വരുന്ന കണ്ടയ്നർ ഉള്‍പ്പടെയുള്ള എല്ലാ ഭാരവാഹനങ്ങളും കറുകുറ്റി ഭാഗത്ത് മറ്റു വാഹനങ്ങള്‍ക്ക് തടസ്സം ഉണ്ടാക്കാത്ത രീതിയില്‍ സൗകര്യപ്രദമായ സ്ഥലത്ത് പാര്‍ക്ക് ചെയ്യണം.
  • 21 ന് വൈകീട്ട് അഞ്ചുമണിക്ക് ശേഷം യു.സി കോളജ് ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ല. ഈ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ആലങ്ങാട്-മാളികംപീടിക - തടിക്കക്കടവ് പാലം-ചെങ്ങമനാട് വഴി അത്താണിയില്‍ എത്തി യാത്ര തുടരാവുന്നതാണെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresscongresscongressbharat jodo yatraRahul Gandhi
News Summary - Rahul Gandhi's 'Bharat Jodo Yatra' tour started in Ernakulam district
Next Story