രാഹുലിനെ അയോഗ്യനാക്കൽ: കരുതലോടെ കോൺഗ്രസും സി.പി.എമ്മും
text_fieldsതിരുവനന്തപുരം: ലോക്സഭാംഗത്വത്തിൽനിന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കുമ്പോഴും സംസ്ഥാനത്ത് വ്യത്യസ്ത മുന്നണികൾക്ക് നേതൃത്വം നൽകുന്ന കോൺഗ്രസും സി.പി.എമ്മും നടത്തുന്നത് കരുതലോടെ നീക്കങ്ങൾ. രാഹുലിന് അനുകൂലമായി ഉയരുന്ന വികാരം സംസ്ഥാനത്ത് കോൺഗ്രസിന് രാഷ്ട്രീയനേട്ടമാകാതിരിക്കാനാണ് സി.പി.എം ശ്രമം. അതേസമയം, പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടി ഉയര്‍ത്തിക്കാട്ടി സി.പി.എം സ്വീകരിച്ചത് ഇരട്ടത്താപ്പ് ആണെന്ന വിമര്‍ശനവുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം യു.ഡി.എഫ് അനുകൂല തരംഗത്തിന് ഇടയാക്കിയിരുന്നു. അടുത്തവർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇപ്പോൾ രാഹുലിനെതിരെ ഉണ്ടായിട്ടുള്ള അയോഗ്യത നടപടി സംസ്ഥാനത്തും കോൺഗ്രസിനും യു.ഡി.എഫിനും രാഷ്ട്രീയമേൽക്കൈ നേടിക്കൊടുക്കുന്ന സാഹചര്യം സൃഷ്ടിച്ചേക്കാമെന്ന് സി.പി.എം കണക്കുകൂട്ടുന്നു. ഈ പശ്ചാത്തലത്തിലാണ് രാഹുൽ വിഷയത്തിൽ കടുത്ത ഭാഷയിൽ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യംതന്നെ രംഗത്തെത്തിയത്.
അതിനുപിന്നാലെ മറ്റ് ഇടതുനേതാക്കളും രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം ബി.ജെ.പിയെ പേരെടുത്ത് വിമർശിക്കാൻ തയാറായില്ലെന്ന ആരോപണവും ഇതോടൊപ്പം അവർ ഉയർത്തി. രാഹുലിനെതിരായ കേന്ദ്രസർക്കാർ നീക്കം ന്യൂനപക്ഷ വോട്ട് ബാങ്കുകളിൽ ഉണ്ടാക്കിയേക്കാവുന്ന കോൺഗ്രസ് അനുകൂല സമീപനത്തെ തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് വ്യക്തമാണ്.
എന്നാൽ, രാഹുൽ വിഷയത്തിൽ പ്രതിഷേധിച്ചവർക്കെതിരായ പൊലീസ് ലാത്തിച്ചാർജും നിയമനടപടികളും ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ തിരിച്ചടി. കേന്ദ്ര സര്‍ക്കാറിനെയും ബി.ജെ.പിയെയും പ്രീതിപ്പെടുത്താന്‍ പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്ത്തുന്നെന്നാണ് അവരുടെ ആരോപണം. രാഹുൽ വിഷയത്തിൽ കേരളത്തിൽ കോൺഗ്രസ് നടത്തുന്ന സമരത്തിന് പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്ന ആരോപണമാണ് സി.പി.എം കേന്ദ്രങ്ങൾ ഉയർത്തുന്നത്. സംസ്ഥാനത്ത് അക്രമസമരങ്ങള്‍ നടത്തി ക്രമസമാധാനം തകർത്തെന്ന് വരുത്തി കേന്ദ്ര ഇടപെടലിനുള്ള ശ്രമമാണിതെന്നാണ് അവരുടെ ആരോപണം. സംസ്ഥാന സര്‍ക്കാറിനെ ആക്രമിക്കാനാണ് ഈ ഘട്ടത്തിലും കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന വിമര്‍ശനവും ഉയർത്തുന്നു. സംസ്ഥാനത്തെ രാഷ്ട്രീയാധിപത്യം ഉറപ്പിക്കുകയാണ് ഇരുകൂട്ടരും നടത്തുന്ന വാക്പോരിന് പിന്നിലെന്ന് വ്യക്തം.
സി.പി.എമ്മിന് ഇരട്ട അജണ്ട -സതീശൻ
കൊച്ചി: കേരളത്തിലെ സി.പി.എമ്മിന് ബി.ജെ.പിയെ സന്തോഷിപ്പിക്കാനുള്ള ഇരട്ട അജണ്ടയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയും സി.പി.എമ്മും രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രസ്താവിക്കുമ്പോള്‍തന്നെ, പ്രതിഷേധിച്ച കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി വേട്ടയാടുകയാണ്. ഇവരുടെ തല അടിച്ച് പൊളിച്ചതും പൊലീസ് ക്യാമ്പില്‍ കൊണ്ടുപോയി മര്‍ദിച്ചതും ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണ്. കേസുകളില്‍നിന്ന് രക്ഷപ്പെടാനാണ് ബി.ജെ.പി നേതൃത്വവുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണയില്‍ എത്തിയത്. കേരളത്തിലെ സി.പി.എം പിന്തുണ സോഷ്യല്‍ മീഡിയയില്‍ മാത്രമേയുള്ളൂ. ദേശീയതലത്തില്‍ അങ്ങനെയാണെന്ന അഭിപ്രായമില്ല. - അദ്ദേഹം പറഞ്ഞു.
അക്രമം ബി.ജെ.പിയെ സഹായിക്കാൻ -മന്ത്രി പി. രാജീവ്
കൊച്ചി: രാഹുൽ വിഷയത്തിൽ കോൺഗ്രസ് കേരളത്തിൽ നടത്തുന്ന അക്രമസമരങ്ങൾ ബി.ജെ.പിയെ സഹായിക്കാനാണെന്ന് മന്ത്രി പി. രാജീവ്. വിശാലമായ ഐക്യത്തോടെ പ്രതിപക്ഷമാകെ കോടതിയെ സമീപിക്കുകയും രാഷ്ട്രപതിയെ കാണുകയും ചെയ്യുമ്പോൾ കേരളത്തിൽ തൽക്കാല നേട്ടം ഉണ്ടാക്കാൻ ശ്രമിക്കുകയാണോ ചെയ്യേണ്ടതെന്ന് അവർ ആലോചിക്കണം- മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.