രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം; കോൺഗ്രസുകാർ ചൂണ്ടിക്കാട്ടുന്നവരെ പൊലീസ് പിടിക്കരുത് -കോടിയേരി
text_fieldsതിരുവനന്തപുരം: രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ് ആക്രമണവുമായി ബന്ധപ്പെട്ട പൊലീസ് നടപടികൾക്കെതിരെ സി.പി.എം. കോൺഗ്രസുകാർ ചൂണ്ടിക്കാട്ടുന്നവരെ പൊലീസ് പിടികൂടാൻ പാടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. ഇക്കാര്യം സർക്കാർ ശ്രദ്ധിക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഒരുകാരണവശാലും നടക്കാൻ പാടില്ലാത്തതാണ് വയനാട്ടിലുണ്ടായത്. ജനങ്ങളിൽനിന്ന് ഒറ്റപ്പെടുത്താനേ ഇതുപകരിക്കൂ. പാർട്ടിയംഗങ്ങൾ ആരെങ്കിലും പ്രശ്നത്തിലിടപെട്ടിട്ടുണ്ടെങ്കിൽ സംഘടന തലത്തിൽ കർശന നടപടിയുണ്ടാകും. രാഹുൽ ഗാന്ധിയുടെ എം.പി ഓഫിസ് ആക്രമണത്തെ സി.പി.എം അപലപിച്ചിട്ടും മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ നടത്തിയ ശ്രമത്തെ തള്ളിപ്പറയാൻ യു.ഡി.എഫ് തയാറല്ല. ആ കേസിൽ ജാമ്യം കിട്ടിയവരെ മാലയിട്ട് സ്വീകരിച്ചു. ഉന്നത നേതാക്കളിടപെട്ടാണ് ഇത് ചെയ്യിച്ചതെന്ന് അവർ പറഞ്ഞു. ഇതോടെ സംഭവം ആസൂത്രിതമെന്ന് വ്യക്തമായി.
വയനാട് സംഭവത്തിന്റെ പേരിൽ സംസ്ഥാനത്തുടനീളം ഇപ്പോൾ അക്രമം അഴിച്ചുവിടുകയാണ്. എന്തും ചെയ്യാമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. പ്രതിപക്ഷനേതാവിന്റെ സമീപനം ശരിയോയെന്ന് അദ്ദേഹം സ്വയം ചിന്തിക്കണം. ചോദ്യങ്ങളോട് പ്രകോപിതനാകുകയല്ല വേണ്ടത്. എസ്.എഫ്.ഐയെ അക്രമകാരികളുടെ പ്രസ്ഥാനമായി ചിത്രീകരിക്കാനാണ് ശ്രമമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.