രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം വെട്ടിലായി സർക്കാറും സി.പി.എമ്മും
text_fieldsതിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എം.പി ഓഫിസ് അടിച്ചുതകർത്ത എസ്.എഫ്.ഐ അക്രമം ദേശീയതലത്തിൽ തന്നെ സി.പി.എമ്മിനെ വെട്ടിലാക്കി. സംസ്ഥാനത്തെ ഭരണകക്ഷിയായ ഇടത് മുന്നണിക്കും സർക്കാറിനും കനത്ത തിരിച്ചടി സൃഷ്ടിക്കുകയും ചെയ്തു. ദേശീയ തലത്തിൽ രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ വേട്ടയാടുന്ന ഘട്ടത്തിൽ കൂടിയാണ് അദ്ദേഹത്തിെൻറ ഓഫിസ് അടിച്ചുതകർത്ത് പ്രതികരിച്ചതെന്നതും ശ്രദ്ധേയമാണ്.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും മുഖ്യമന്ത്രി പിണറായി വിജയനും ഇടത് മുന്നണി കൺവീനർക്കും എസ്.എഫ്.ഐ അക്രമത്തെ തള്ളിപ്പറയേണ്ട സ്ഥിതിയുമുണ്ടായി. ദേശീയതലത്തിൽ യോജിച്ചുനീങ്ങുന്ന കോൺഗ്രസിനും സി.പി.എമ്മിനും ഇടയിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നത് കൂടിയാണിത്.
നിയമസഭ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് എസ്.എഫ്.ഐ അതിക്രമത്തിന് തുനിഞ്ഞത്. ഇക്കാര്യത്തിൽ പൊലീസ് കൈക്കൊണ്ട നിർജീവ സമീപനവും കടുത്ത വിമർശനം വിളിച്ചുവരുത്തിയിട്ടുണ്ട്. വയനാട് സംഭവത്തിന് പിന്നാലെ സംസ്ഥാനമൊട്ടാകെ കോൺഗ്രസ് സി.പി.എമ്മിനെതിരെ കടുത്ത പ്രക്ഷോഭം ആരംഭിച്ചു. വിമാനത്താവള വിഷയത്തിൽ ഉടലെടുത്ത രാഷ്ട്രീയ സംഘർഷം ശാന്തതയിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് കോൺഗ്രസും സി.പി.എമ്മും തമ്മിൽ പുതിയ പോർമുഖം തുറന്നത്.
എസ്.എഫ്.ഐ സാധാരണ ഉന്നയിക്കാത്ത വിഷയത്തിെൻറ പേരിലാണ് ഇപ്പോഴത്തെ അക്രമ സമരം. ഇക്കാര്യത്തിൽ അവരുടെ സംസ്ഥാന-കേന്ദ്ര ഘടകങ്ങൾ നിലപാട് പറഞ്ഞിട്ടുമില്ല. ബഫർ സോൺ പോലെയുള്ള വിഷയം പാർട്ടികളും മുന്നണികളും കർഷക സംഘടനകളും നേരിട്ടാണ് കൈകാര്യം ചെയ്തിരുന്നത്. സംസ്ഥാനത്ത് മറ്റൊരു ജില്ലയിലും ബഫർ സോൺ വിഷയത്തിൽ എസ്.എഫ്.ഐ ഇതുവരെ സമരം ചെയ്തിട്ടുമില്ല. വെള്ളിയാഴ്ചത്തെ സമരം വയനാട് മാത്രമാണ് നടന്നത്. വിഷയത്തിൽ രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് നേരത്തെ കത്ത് നൽകിയിരുന്നതുമാണ്. ബഫർ സോൺ വിഷയത്തിൽ ഉത്തരവാദിത്തത്തിൽനിന്ന് കൈകഴുകാൻ ഇടത് മുന്നണി ഹർത്താൽ നടത്തുകയും ചെയ്തിരുന്നു.
ആലോചനയില്ലാതെ എടുത്തുചാടിയുള്ള സമരമാണെന്നും ശരിയായില്ലെന്നുമാണ് സി.പി.എമ്മിെൻറയും വിലയിരുത്തൽ. അത്തരം സമരം തീരുമാനിച്ചിരുന്നില്ലെന്നും അവർ വിശദീകരിക്കുന്നു. ഒരുവിധത്തിലും ന്യായീകരിക്കാൻ കഴിയാതെ വന്നതോടെയാണ് സി.പി.എം അക്രമത്തെ തള്ളിപ്പറഞ്ഞത്.
കർശന നടപടി ഉണ്ടാകുമെന്ന നിലപാടിലാണ് പാർട്ടിയും സർക്കാറും. രാഹുൽ ഗാന്ധിയെ ബി.ജെ.പി സർക്കാർ വേട്ടയാടുമ്പോൾ അവരെ സന്തോഷിപ്പിക്കുന്ന സമീപനമാണ് കേരളത്തിൽ സ്വീകരിക്കുന്നതെന്ന ആക്ഷേപമാണ് കോൺഗ്രസ് ഉയർത്തുന്നത്. ബി.ജെ.പിയുടെ ഇഷ്ടക്കാരായി മാറാനുള്ള ശ്രമമാണ് നടത്തുന്നതെന്നും 2019 ഒക്ടോബറിൽ മന്ത്രിസഭ യോഗം ചേർന്ന് ഒരു കിലോമീറ്റർ ദൂരത്തിൽ ബഫർ സോണായി അംഗീകരിക്കാൻ തീരുമാനിച്ചിരുന്നുവെന്നും നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.