രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം; എ.ഡി.ജി.പി അന്വേഷണം തുടങ്ങി
text_fieldsകൽപറ്റ: രാഹുൽ ഗാന്ധിയുടെ കൽപറ്റയിലെ എം.പി ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചുതകർത്ത സംഭവത്തിൽ ഉന്നതതല അന്വേഷണം തുടങ്ങി. സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാൻ എ.ഡി.ജി.പി മനോജ് എബ്രഹാം വയനാട്ടിലെത്തി. അന്വേഷണ സംഘവുമായി ജില്ല പൊലീസ് മേധാവിയുടെ ഓഫിസില്‍ കൂടിക്കാഴ്ച്ച നടത്തിയ എ.ഡി.ജി.പി, കൽപറ്റയിലെ എം.പി ഓഫിസും പരിസരവും തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ സന്ദർശിച്ചു. രണ്ടുദിവസം ജില്ലയില്‍ ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തി ഉടന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് എ.ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു. സംഭവസ്ഥലത്തെ ദൃശ്യങ്ങള്‍ പരമാവധി ശേഖരിച്ചിട്ടുണ്ട്.
സാക്ഷികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. ഗാന്ധിചിത്രം തകര്‍ന്നതുള്‍പ്പെടെ അന്വേഷണത്തിന്റ ഭാഗമാക്കും. സംഭവത്തിൽ പൊലീസിന്റെ വീഴ്ച്ച പരിശോധിക്കുമെന്നും എ.ഡി.ജി.പി പറഞ്ഞു. എസ്.എഫ്.ഐ പ്രവർത്തകർ എം.പി ഓഫിസ് ആക്രമിച്ച കേസ് അന്വേഷിക്കുന്നത് മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്.
കമ്പളക്കാട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.എ. സന്തോഷ് കുമാറിനാണ് അന്വേഷണ ചുമതല. തിങ്കളാഴ്ചയും കേസിൽ പുതുതായി ആരെയെങ്കിലും കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്തിട്ടോ ഇല്ല. എസ്.എഫ്.ഐ ജില്ല പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി, മൂന്ന് വനിത പ്രവർത്തകർ എന്നിവരടക്കം 29 എസ്.എഫ്.ഐ പ്രവർത്തകർ നേരത്തെ റിമാൻഡിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.