രാഹുൽ ഗാന്ധിയുടെ കൽപറ്റ ഓഫിസിലെ ഫോണും ഇന്‍റർനെറ്റും വിച്ഛേദിച്ചു
text_fieldsകൽപറ്റ: ലോക്സഭ അംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ കൽപറ്റയിലെ ഓഫിസിലെ സൗജന്യ ഫോൺ കണക്ഷൻ ബി.എസ്.എൻ.എൽ വിച്ഛേദിക്കുകയും ഇന്‍റർനെറ്റ് റദ്ദാക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകീട്ടോടെയാണ് കൽപറ്റ കൈനാട്ടിയിലെ ഓഫിസിലെ 04936 209988 എന്ന ലാൻഡ് ഫോൺ നമ്പറും ഇതോടൊപ്പമുള്ള ഇന്‍റർനെറ്റ് കണക്ഷനും വിച്ഛേദിച്ചത്.
ബി.എസ്.എൽ.എല്ലിന്‍റെ ഡൽഹി ഓഫിസിൽനിന്നുള്ള നിർദേശത്തെ തുടർന്നാണ് നടപടിയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഓഫിസിൽ വിളിച്ച് ബി.എസ്.എൻ.എൽ അധികൃതർ കണക്ഷൻ ഒഴിവാക്കുമെന്ന് ചൊവ്വാഴ്ച അറിയിച്ചിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച ഉത്തരവോ, നോട്ടീസോ ഒന്നും നൽകാതെയാണ് ഇത്തരമൊരു നടപടി. എം.പിമാർക്ക് ലഭിക്കുന്ന സൗജന്യ ഇന്‍റർനെറ്റ് കണക്ഷനും ലാൻഡ്ഫോണുമാണിത്.
രാഹുൽ ഗാന്ധിയെ തൽസ്ഥാനത്തുനിന്നു അയോഗ്യനാക്കിയതോടെ ബി.എസ്.എൻ.എല്ലിനെ ഉപയോഗിച്ചുകൊണ്ട് കേന്ദ്രത്തിന്‍റെ പകപോക്കലാണിതെന്നാണ് ആരോപണം. മാന നഷ്ടക്കേസില്‍ സൂററ്റ് കോടതി രാഹുല്‍ഗാന്ധിയെ രണ്ടുവര്‍ഷം തടവിനു ശിക്ഷിച്ചതിനു പിന്നാലെ മാര്‍ച്ച് 24നാണ് ലോക്‌സഭ സെക്രട്ടേറിയറ്റ് അദ്ദേഹത്തെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്.
കേസില്‍ മേല്‍ക്കോടതിയില്‍ നല്‍കിയ അപ്പീല്‍ 13ന് പരിഗണിക്കാനിരിക്കെയാണ് ഇപ്പോഴത്തെ നടപടി. ഇന്റർനെറ്റ് ഇല്ലാതായതോടെ കൽപറ്റയിലെ ഓഫിസിന്റെ പ്രവർത്തനം പ്രതിസന്ധിയിലായി. സാധാരണ ഉപഭോക്താവ് ആവശ്യപ്പെടുകയോ ബിൽ അടക്കാതിരിക്കുകയോ ചെയ്‌താലാണ് കണക്ഷൻ ബി.എസ്.എൻ.എൽ റദ്ദാക്കുന്നത്. എന്നാൽ, രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ചുരുങ്ങിയ ദിവസം പിന്നിടുമ്പോഴാണ് തിടുക്കപ്പെട്ട് ഫോണും ഇന്‍റർനെറ്റും റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.