രാഹുൽ ഇഫക്ട് സ്വപ്നം കണ്ട് കോൺഗ്രസ്; അസ്വസ്ഥരായി സി.പി.എം
text_fieldsതിരുവനന്തപുരം: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കി വയനാട് എം.പി സ്ഥാനം തിരികെ നൽകിയ സുപ്രീംകോടതി വിധി സംസ്ഥാന കോൺഗ്രസിനും ഉണർവേകും. രാഹുലിനെ മുൻനിർത്തി ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് പോകാനുള്ള സാഹചര്യം കോൺഗ്രസിന് പുതിയ ഊർജം പകരും. വയനാട്ടിൽ രാഹുലിന്റെ രണ്ടാം വരവിൽ എൽ.ഡി.എഫും സി.പി.എമ്മും അസ്വസ്ഥരുമാണ്.
രാഹുലിന്റെ അയോഗ്യത നീക്കിയ സുപ്രീംകോടതി വിധിയോടുള്ള സി.പി.എം പ്രതികരണത്തിൽ അത്ര ആവേശമില്ലാത്തത് ശ്രദ്ധേയം. രാഹുലിനെ അയോഗ്യനാക്കിയപ്പോൾ കോൺഗ്രസിനെക്കാൾ ആവേശപൂർവം ആദ്യ പ്രതികരണം നടത്തിയത് മുതിർന്ന സി.പി.എം നേതാക്കളായിരുന്നു. കഴിഞ്ഞ ലോക്സഭ പോരിൽ ഒരു സീറ്റിലൊതുങ്ങിയ തോൽവി ആവർത്തിക്കാതിരിക്കാൻ ന്യൂനപക്ഷ വോട്ട് പരമാവധി നേടാൻ സാധ്യമായതൊക്കെ പരീക്ഷിക്കുകയാണ് സി.പി.എം. ഏക സിവിൽ കോഡിൽ പ്രതിഷേധവുമായി ആദ്യമിറങ്ങിയത് ഉദാഹരണം.
കഴിഞ്ഞ ലോക്സഭയിൽ കേരളത്തിൽ 19 സീറ്റെന്ന നേട്ടത്തിലേക്ക് യു.ഡി.എഫ് കുതിച്ചത് രാഹുലിന്റെ വയനാടൻ കുടിയേറ്റത്തിന്റെ ആവേശത്തിലാണ്. വയനാടിന്റെ ജനപ്രതിനിധിയെന്ന നിലയിലുള്ള നാലുവർഷം കൊണ്ട് മലയാളി മനസ്സിൽ ഇടംനേടാൻ രാഹുലിന് കഴിഞ്ഞു. ഒരിക്കൽകൂടി രാഹുൽ വയനാട്ടിൽ ജനവിധി തേടാനിറങ്ങിയാൽ തീർച്ചയായും അതിന്റെ പ്രതിഫലനം കേരളത്തിലുടനീളം ഉണ്ടാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
2024ൽ കേരളത്തിൽ 20 സീറ്റും നേടുമെന്ന് കെ.പി.സി.സി നേതൃത്വം അവകാശപ്പെടുന്നത് ഈ കണക്കുകൂട്ടലിലാണ്. ഭാരത് ജോഡോ യാത്രക്കുശേഷം രാഹുലിന്റെ പ്രതിച്ഛായ ഗണ്യമായി മെച്ചപ്പെട്ടെന്ന് നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. തുടർഭരണത്തിന്റെ പത്താം വർഷത്തിലും ബി.ജെ.പിയിലും എൻ.ഡി.എയിലും ഒന്നാമനായി തുടരുകയാണ് നരേന്ദ്ര മോദി. 2024ൽ ബി.ജെ.പിയെ വീഴ്ത്താൻ പ്രതിപക്ഷത്തിന് കഴിയുമോയെന്നത് ഉത്തരമില്ലാത്ത ചോദ്യമായി നിലനിൽക്കുമ്പോഴും സംഘ്പരിവാർ രാഷ്ട്രീയത്തെ ധീരമായി നേരിടുന്ന നേതാക്കളിൽ രാഹുലാണ് മുന്നിൽ.
കർണാടകയിലെ മിന്നും ജയം പ്രതിപക്ഷ സഖ്യത്തിൽ കോൺഗ്രസിന്റെ സ്വാധീനം വർധിപ്പിക്കുകയും ചെയ്തു. പൊതുതെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അകലെ നിൽക്കുമ്പോൾ മോദി - രാഹുൽ പോര് എന്ന നിലയിലേക്കാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചലനങ്ങൾ. ഈ ഘട്ടത്തിൽ മോദിക്കും ബി.ജെ.പിക്കും തന്നെയാണ് മേൽക്കൈയെങ്കിലും ശക്തമായ പോരാട്ടം എന്ന സാഹചര്യം രൂപപ്പെടുന്നുണ്ട്.
കേന്ദ്രത്തിൽ കടുത്ത മത്സരമെന്ന സാഹചര്യം വരുന്നത് കേരളത്തിൽ കോൺഗ്രസിനാണ് ഗുണം ചെയ്യുക.ഇടതു, വലതു മുന്നണികളിൽനിന്ന് ജയിക്കുന്ന 20 പേരും ലോക്സഭയിൽ ബി.ജെ.പിക്ക് എതിരായ വോട്ടാണെങ്കിലും ബി.ജെ.പി ഇതര സർക്കാറുണ്ടാകണമെങ്കിൽ കോൺഗ്രസിന് കൂടുതൽ സീറ്റ് ലഭിക്കണമെന്നാണ് ന്യൂനപക്ഷങ്ങൾ പൊതുവെ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.