'എല്ലാവർക്കും നമസ്കാരം, നന്ദി...' തീരദേശത്തെ നെഞ്ചേറ്റി രാഹുൽ
text_fieldsകൊല്ലം: മത്സ്യത്തൊഴിലാളികളോടൊപ്പം സഞ്ചരിച്ചും അവരിൽ ഒരാളായി മാറി പ്രശ്നങ്ങൾ കേട്ടും പരിഹാര മാർഗങ്ങൾ നിർദേശിച്ചും രാഹുൽ ഗാന്ധി കൊല്ലം തീരദേശത്തിെൻറ ഹൃദയം കവർന്നു. മേഖലയിലെ പ്രശ്നങ്ങൾ കേൾക്കാനെത്തിയ രാഹുൽ ഗാന്ധി അപ്രതീക്ഷിതമായി മത്സ്യത്തൊഴിലാളികൾക്കൊപ്പം ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോയി.
കടലിൽ തൊഴിലാളികളുടെ അധ്വാനവും ബുദ്ധിമുട്ടുമെല്ലാം നേരിട്ട് മനസ്സിലാക്കിയ ശേഷമാണ് തങ്കശ്ശേരിയിൽ സജ്ജമാക്കിയ വേദിയിലെത്തിയത്. മത്സ്യതൊഴിലാളികളെ അഭിസംബോധന ചെയ്ത് തുടങ്ങിയ പ്രസംഗം അവരുടെ ജീവിതത്തിലൂടെ കടന്നുപോയി.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ദ്രോഹനടപടികളും അദ്ദേഹം പരാമർശിച്ചു. പ്രസംഗശേഷം തൊഴിലാളികളുമായി സംവാദത്തിലേർപ്പെട്ടു. കടലിൽ പോകുന്ന ബോട്ടിെൻറ ഇന്ധനത്തിന് റോഡ് സെസ് പിൻവലിക്കണം, മത്സ്യലേലത്തിലെ പ്രശ്നം പരിഹരിക്കണം, ഇൻഷുറൻസ് സുരക്ഷ ഉറപ്പാക്കണം തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് സദസ്സിൽ നിന്നുയർന്നത്.
എല്ലാ ശ്രദ്ധാപൂർവം കേട്ട രാഹുൽ ഗാന്ധി ശ്വാശ്വത പരിഹാരമാണ് ഉണ്ടാവേണ്ടതെന്ന് പറഞ്ഞു. കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി പ്രത്യേക മന്ത്രാലയം ഉണ്ടാവുമെന്ന പ്രഖ്യാപനം നിറഞ്ഞ കൈയടിയോടെ സദസ്സ് ഏറ്റെടുത്തു. ഓരോ തൊഴിലാളികളും പരിഹരിക്കപ്പെടേണ്ട വിഷയങ്ങൾ എഴുതി നൽകാനും അദ്ദേഹം നിർദേശിച്ചു. 'എല്ലാവർക്കും നമസ്കാരം, നന്ദി...' എന്നു മലയാളത്തിൽ പറഞ്ഞാണ് സംവാദം അവസാനിപ്പിച്ചത്.
പ്രവർത്തകരുടെയും ജനങ്ങളുടെയും ആവേശത്തിലൂടെയാണ് രാഹുൽ വന്നതും പോയതും. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിെൻറ വിവാദ നടപടികളിൽ ഇൗ സന്ദർശനത്തിലൂടെ രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കാനായെന്നാണ് വിലയിരുത്തൽ. തീരമേഖല കേന്ദ്രീകരിച്ച് യു.ഡി.എഫ് നേതൃത്വത്തിൽ പ്രചാരണ ജാഥകളും തുടങ്ങാനിരിക്കുകയാണ്. നിലവിലെ സാഹചര്യം പരമാവധി മുതലാക്കാനാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ.
വള്ളങ്ങൾ കൊണ്ടുള്ള വേദി
തങ്കശ്ശേരി ബസ് ടെർമിനലിൽ മത്സ്യതൊഴിലാളികളുടെ മൂന്ന് വള്ളങ്ങൾ കൊണ്ടൊരുക്കിയ വേദിയാണ് രാഹുലിനെ വരവേറ്റത്. പരമ്പരാഗത മത്സ്യതൊഴിലാളികൾ, ബോട്ട് തൊഴിലാളികൾ, ഹാർബർ തൊഴിലാളികൾ ഉൾെപ്പടെ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് ക്ഷണിക്കപ്പെട്ട 1000 പേർക്കായിരുന്നു പ്രവേശനം.
ഉന്തിനും തള്ളിനും കുറവില്ല
രാഹുൽ ഗാന്ധി സംസാരിക്കുമ്പോൾ പതിവുപോലെ നേതാക്കളുടെ ഉന്തും തള്ളും തങ്കശ്ശേരിയിലുമുണ്ടായി. മുൻനിരയിൽ എല്ലാവരും കാണത്തക്കവിധം നിൽക്കാൻ നേതാക്കൾ മത്സരിച്ചപ്പോൾ അദ്ദേഹം അൽപം പ്രയാസപ്പെട്ടു. വേദിയിലേക്കും വരുമ്പോഴും പോകുമ്പോഴും നേതാക്കൾ അരികിലേക്ക് എത്താൻ തിരക്കു കൂട്ടുകയായിരുന്നു.
രാവിലെ സംവാദം തുടങ്ങി സദസ്സിലേക്ക് ഇറങ്ങിയപ്പോഴും നേതാക്കളും അണികളും ഇടിച്ചുകയറിയതോടെ തിരികെ വേദിയിലേക്ക് അദ്ദേഹം കയറി. ഓരോ ചോദ്യത്തിനും വേദിയിൽ നിന്നാണ് അദ്ദേഹം മറുപടി നൽകിയത്.
കടലിൽ പോകുന്നവരെന്തിനാ സർ റോഡ് സെസ് കൊടുക്കുന്നത്...?
കൊല്ലം: കടലിൽ പോകുന്ന ബോട്ടിന് ഇന്ധനം നിറയ്ക്കുമ്പോൾ 18 രൂപ റോഡ് സെസ് ഇൗടാക്കുന്നു. ഇതൊഴിവാക്കാൻ എന്തെങ്കിലും ചെയ്യാനാകുമോ? രാഹുൽ ഗാന്ധി മത്സ്യത്തൊഴിലാളികളുമായി സംവദിക്കവേ സദസ്സിൽനിന്ന് ഉയർന്ന ചോദ്യമാണിത്. പ്രശ്നം പരിഹരിക്കാനുള്ള മാർഗം പ്രകടനപത്രികയിൽ ഉൾപ്പെടുത്താമെന്നും ഇത്തരത്തിലുള്ള നിർദേശങ്ങൾ എഴുതി നൽകണമെന്നും രാഹുൽ നിർദേശിച്ചു.
മത്സ്യത്തൊഴിലാളി സമൂഹത്തിനുവേണ്ടി എന്താണ് ചെയ്യുകയെന്ന ചോദ്യത്തിന് കർഷകരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഏറെ പ്രവർത്തിക്കുന്നു എന്നായിരുന്നു മറുപടി. കർഷകർ ഭൂമിയിൽ കൃഷി ചെയ്യുന്നതുപോലെ കടലിൽ ചെയ്യുന്നവരാണ് മത്സ്യത്തൊഴിലാളികൾ. അന്താരാഷ്ട്ര തലത്തിൽ ഇന്ധനവില കുറയുമ്പോഴും ഇന്ത്യയിൽ വില വർധിക്കുകയാണ്. സാധാരണക്കാരുടെ പോക്കറ്റിൽ നിന്നെടുത്ത് മൂന്നോ നാലോ പേർക്ക് നൽകുകയാണ് കേന്ദ്രം.
ആ പണം നിങ്ങൾക്ക് തിരിച്ചുനൽകാനാണ് ലക്ഷ്യമിടുന്നത്. കേരള സർക്കാറിെൻറ ട്രോളർ പ്രശ്നത്തെക്കുറിച്ച് കൂടുതൽ പഠിക്കാനും ആഗ്രഹമുണ്ട്. മത്സരക്ഷമതക്കൊപ്പം നീതിയും ഉറപ്പാക്കുകയാണ് ലക്ഷ്യം. എല്ലാവരും തുല്യമായി പ്രവർത്തിക്കാനുള്ള അവസരം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.