സി.പി.എം നേതാക്കന്മാരുടെ ഭാഷ തന്നെ 'മണി വെപ്രാളമാണല്ലോ' -രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsതിരുവനന്തപുരം: സാംസ്കാരിക മന്ത്രി വി.എൻ. വാസവൻ നടത്തിയ ബോഡിഷെയിമിങ് പ്രസ്താവനക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഒരു മനുഷ്യന്റെ ശരീരമൊക്കെ ഇന്നത്തെ കാലത്തും ' തമാശയായി' വാസവനു തോന്നുന്നത് അദ്ദേഹം സി.പി.എം നേതാവായതു കൊണ്ട് മാത്രമാണെന്ന് രാഹുൽ പറഞ്ഞു. അല്ലെങ്കിലും സി.പി.എം നേതാക്കന്മാരുടെ ഭാഷ തന്നെ 'മണി വെപ്രാളമാണല്ലോ' എന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
കോൺഗ്രസിന്‍റെ ഇന്നത്തെ അവസ്ഥ ഇങ്ങനെയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. 'ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്‍റെ പൊക്കത്തിലുണ്ടായിരുന്ന കോൺഗ്രസ് ഇപ്പോൾ മലയാള സിനിമയിലെ ഇന്ദ്രൻസിന്‍റെ വലിപ്പത്തിലെത്തി നിൽക്കുകയാണ്. അത്രയേ ഉള്ളൂ' -എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.
'മിസ്റ്റർ സാംസ്കാരിക മന്ത്രി, ഇടയ്ക്കൊക്കെ നല്ല സിനിമകൾ ഒക്കെ കാണണം. അന്താരാഷ്ട്ര പുരസ്കാരങ്ങൾ വരെ നേടി നാടിന് അഭിമാനമായ ഒരു നടന്റെ ശരീരത്തിന്റെ വീതി അളക്കാതെ, സ്വന്തം നിലവാരവും സംസാരത്തിലെ പൊളിട്ടിക്കൽ കറക്ട്നസ്സില്ലായ്മയും, ബോഡി ഷെയിമിംഗ് കണ്ടന്റുമൊക്കെ സ്വയം അളന്ന് തിരുത്താൻ നോക്ക്' -രാഹുൽ പറഞ്ഞു.
ഗുജറാത്ത്, ഹിമാചൽ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം നേരിട്ട കനത്തതോൽവിയെ കുറിച്ച് ഓർമിപ്പിച്ചാണ് ഫേസ്ബുക് കുറിപ്പ് അവസാനിപ്പിക്കുന്നത്. 'ഒടുവിൽ നടന്ന രണ്ട് സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ ഒന്നിൽ ജയിച്ച് മന്ത്രിസഭ രൂപീകരിച്ച കോൺഗ്രസ്സിനെ നന്നാക്കും മുൻപ്, ഹിമാചലിൽ ആകെയുണ്ടായിരുന്ന കനൽത്തരിക്ക് മുകളിൽ ജനം വെള്ളം ഒഴിച്ച് കെടുത്തിയതിനെ പറ്റിയും, ഗുജറാത്തിൽ ആകെ മത്സരിച്ച 9 സീറ്റിൽ ഒൻപതിലും കെട്ടിവെച്ച കാശ് പോയതിനെ കുറിച്ചുമൊക്കെയൊന്ന് വേവലാതിപ്പെട് സാർ' -രാഹുൽ പരിഹസിച്ചു.
നിയമസഭയിൽ സഹകരണ ഭേദഗതി ബിൽ അവതരിപ്പിച്ച് സംസാരിക്കവെ കോൺഗ്രസിന്‍റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കാൻ ഉദാഹരണമായി മന്ത്രി നടത്തിയ പരാമർശമാണ് പുലിവാലായത്. ഇത് ബോഡി ഷെയ്മിങ്ങാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഭയിൽ ചൂണ്ടിക്കാട്ടി. അതിന് മറുപടി നൽകിയ സ്പീക്കർ എ.എൻ. ഷംസീർ ആ പരാമർശം പിൻവലിക്കാൻ മന്ത്രി കത്ത് നൽകിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ പരാമർശം സഭാരേഖകളിൽനിന്ന് നീക്കം ചെയ്തതായും വ്യക്തമാക്കി. എന്നാൽ, നിയമസഭയിൽ മന്ത്രി ആ പരാമർശം പിൻവലിച്ചതുമില്ല. 'പാർട്ടികൾ ക്ഷീണിച്ച കാര്യം പറഞ്ഞാൽ സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിൽനിന്ന് നിങ്ങൾക്ക് (കോൺഗ്രസിന്) ഭരണം കൈമാറുകയായിരുന്നു. ഇപ്പോൾ എവിടെയെത്തി. കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാതായി. ഹിമാചൽപ്രദേശിൽ അധികാരം കിട്ടിയപ്പോൾ രണ്ടു ചേരിയായി. മുഖ്യമന്ത്രിയുടെ മുന്നിൽ മുദ്രാവാക്യം വിളിക്കുകയാണ്. ഇതാണ് നിങ്ങളുടെ ഗതികേട്' എന്നു പറഞ്ഞാണ് തുടർന്ന് നടന്മാരെ താരതമ്യപ്പെടുത്തി സംസാരിച്ചത്.
അതിനിടെ മന്ത്രിയുടെ പരാമർശത്തിൽ തനിക്ക് വിഷമമോ ബുദ്ധിമുട്ടോ ഇല്ലെന്ന് നടന് ഇന്ദ്രൻസ് പറഞ്ഞു. 'ഇന്ത്യാ രാജ്യത്ത് എല്ലാവർക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. മന്ത്രി അങ്ങനെ പറഞ്ഞതിൽ എനിക്ക് വിഷമമില്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാവുകയുമില്ല. അത് സത്യമല്ലേ? ഞാൻ കുറച്ച് പഴയ ആളാണ്. ഉള്ളത് ഉള്ളതു പോലയല്ലേ പറയേണ്ടത്. ഇതിലെനിക്ക് ബോഡി ഷെയ്മിങ് ഒന്നും തോന്നുന്നില്ല. താനെന്താണെന്ന് തനിക്ക് നല്ല ബോധ്യമുണ്ട്' -അദ്ദേഹം ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
" അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോൺഗ്രസ്സ് ഇപ്പോൾ മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ വലിപ്പത്തിൽ എത്തി "
ഈ വാചകം പറഞ്ഞത് കേരളത്തിന്റെ സംസ്കാരിക വകുപ്പ് മന്ത്രിയാണ്. ഒരു മനുഷ്യന്റെ ശരീരമൊക്കെ ഇന്നത്തെ കാലത്തും ' തമാശയായി' വാസവനു തോന്നുന്നത് അദ്ദേഹം CPM നേതാവായതു കൊണ്ട് മാത്രമാണ്. അല്ലെങ്കിലും CPM നേതാക്കന്മാരുടെ ഭാഷ തന്നെ 'മണി വെപ്രാളമാണല്ലോ ' .
മിസ്റ്റർ സാംസ്കാരിക മന്ത്രി, ഇടയ്ക്കൊക്കെ നല്ല സിനിമകൾ ഒക്കെ കാണണം. അന്താരാഷ്ട്ര പുരസ്കാരങ്ങൾ വരെ നേടി നാടിന് അഭിമാനമായ ഒരു നടന്റെ ശരീരത്തിന്റെ വീതി അളക്കാതെ സ്വന്തം നിലവാരവും , സംസാരത്തിലെ പൊളിട്ടിക്കൽ കറക്ട്നസ്സിലായ്മയും , ബോഡി ഷെയിമിംഗ് കണ്ടന്റുമൊക്കെ സ്വയം അളന്ന് തിരുത്താൻ നോക്ക്.
ഒടുവിൽ നടന്ന രണ്ട് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നിൽ ജയിച്ച് മന്ത്രിസഭ രൂപീകരിച്ച കോൺഗ്രസ്സിനെ നന്നാക്കും മുൻപ്, ഹിമാചലിൽ ആകെയുണ്ടായിരുന്ന കനൽത്തരിക്ക് മുകളിൽ ജനം വെള്ളം ഒഴിച്ച് കെടുത്തിയതിനെ പറ്റിയും , ഗുജറാത്തിൽ ആകെ മത്സരിച്ച 9 സീറ്റിൽ ഒൻപതിലും കെട്ടിവെച്ച കാശ് പോയതിനെ കുറിച്ചുമൊക്കെയൊന്ന് വേവലാതിപ്പെട് സാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.