‘ഒരു മനുഷ്യൻ പരസ്യമായി അപമാനിക്കപ്പെട്ടിട്ടും ആസ്വദിച്ചവർ പച്ചാളം ഭാസിക്ക് വെല്ലുവിളിയാണ്’ -ആസിഫ് അലിയെ അപമാനിച്ചതിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsകൊച്ചി: 'മനോരഥങ്ങൾ' ആന്തോളജി സീരിസിന്റെ ട്രെയിലർ റിലീസിനിടെ നടൻ ആസിഫ് അലിയെ അപമാനിക്കുന്ന തരത്തിൽ സംഗീത സംവിധായകന്‍ രമേശ് നാരായണൻ പെരുമാറിയതിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. 'ഉദയനാണ് താരം' എന്ന സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച സരോജ് കുമാർ എന്ന കഥാപാത്രം ചെയ്യുന്നത് പോലുള്ള അൽപത്തരമാണ് രമേശ് നാരായണൻ കാണിച്ചതെന്ന് രാഹുൽ വിമർശിച്ചു.
ഒരു മനുഷ്യൻ പരസ്യമായി അപമാനിക്കപ്പെട്ടിട്ടും ഒരു വാക്ക് കൊണ്ട് പോലും എതിർക്കാതെ ആ അല്പത്തരത്തെ ആസ്വദിച്ച ആ കൂട്ടത്തിലുണ്ടായിരുന്നവർ സരോജിനെ പ്രോത്സാഹിപ്പിച്ച പച്ചാളം ഭാസിക്കൊരു വെല്ലുവിളിയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക് കുറിപ്പിൽ പരിഹസിച്ചു.
എം.ടി. വാസുദേവൻ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന 'മനോരഥങ്ങൾ' ആന്തോളജി സീരിസിന്റെ ട്രെയിലർ കൊച്ചിയിൽ നടന്ന ചടങ്ങിൽ റിലീസ് ചെയ്യുന്നതിനിടെയായിരുന്നു വിവാദ സംഭവം. പരിപാടിയിൽ സംഗീത സംവിധായകന്‍ രമേശ് നാരായണന് നടൻ ആസിഫ് അലി ആയിരുന്നു പുരസ്കാരം നൽകുന്നത്. എന്നാൽ, ആസിഫ് അലിയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങാൻ രമേശ് നാരായണൻ വിമുഖത കാണിച്ചു. ആസിഫ് അലി വേദിയില്‍ എത്തിയപ്പോള്‍ ഒന്ന് മുഖത്തുനോക്കുകപോലും ചെയ്യാതെ അദ്ദേഹത്തിൽനിന്ന് പുരസ്‌കാരം കൈപ്പറ്റിയ രമേശ്, പിന്നീട് വേദിയിൽ ഇല്ലാതിരുന്ന ജയരാജനെ വിളിപ്പിച്ച് തനിക്ക് പുരസ്കാരം നൽകാൻ ആവശ്യപ്പെടുകയായിരുന്നു. അതുപ്രകാരം ജയരാജന്‍ സ്റ്റേജിലെത്തി പുരസ്‌കാരം നൽകുകയും അത് ഏറ്റുവാങ്ങി രമേശ് നാരായണന് ചിരിച്ചുകൊണ്ട് ചിത്രങ്ങൾക്ക് പോസ് ചെയ്യുകയും ചെയ്തു. ജയരാജിനെ കെട്ടിപ്പിടിക്കുകയും ഹസ്തദാനം ചെയ്യുകയും ചെയ്ത രമേശ്, ആസിഫ് അലിയോട് സംസാരിക്കുന്നതോ ഹസ്തദാനം ചെയ്യുന്നതോ വിഡിയോയിൽ ഇല്ല.
പരിമിതികൾ ഏറെയുണ്ടായിട്ടും കഠിനാദ്ധ്വാനത്തിലൂടെ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി നിലനില്ക്കുന്ന ഒരു നടനെ 'സീനിയോറിറ്റി കോംപ്ലക്സിലൂടെ' റദ്ദ് ചെയ്യാൻ ശ്രമിച്ചാൽ ഇല്ലാതാകില്ലെന്ന് രാഹുൽ മാങ്കൂട്ടത്തൽ ചൂണ്ടിക്കാട്ടി. രാഹുലിന്റെ കുറിപ്പിന്റെ പൂർണരൂപം:
'എന്നെ തല്ലാൻ ജൂനിയർ ആർട്ടിസ്റ്റുമാർ പറ്റില്ല, എന്നെ തല്ലാൻ അമരീഷ് പൂരി വരട്ടെ' എന്ന ഒരു സരോജ് കുമാർ ഡയലോഗുണ്ട് 'ഉദയനാണ് താരം' എന്ന സിനിമയിൽ.
ആ ഡയലോഗ് റോഷൻ ആൻഡ്രൂസ് തന്റെ സഹപ്രവർത്തകരിൽ നിന്ന് കണ്ടെത്തിയതാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത്തരം ഒരു അനുഭവത്തിന് ആസിഫ് അലി ഇരയാകേണ്ടി വന്നു. സിനിമ പശ്ചാത്തലമില്ലാതെ, പരിമിതികൾ ഏറെയുണ്ടായിട്ടും കഠിനാദ്ധ്വാനത്തിലൂടെ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി നിലനില്ക്കുന്ന ഒരു നടനെ 'സീനിയോറിറ്റി കോംപ്ലക്സിലൂടെ' റദ്ദ് ചെയ്യാൻ ശ്രമിച്ചാൽ ഇല്ലാതെയാകില്ല ആ ചെറുപ്പക്കാരൻ.
ഒരു മനുഷ്യൻ പരസ്യമായി അപമാനിക്കപ്പെട്ടിട്ടും ഒരു വാക്ക് കൊണ്ട് പോലും എതിർക്കാതെ ആ അല്പത്തരത്തെ ആസ്വദിച്ച ആ കൂട്ടത്തിലുണ്ടായിരുന്നവർ സരോജിനെ പ്രോത്സാഹിപ്പിച്ച പച്ചാളം ഭാസിക്കൊരു വെല്ലുവിളിയാണ്....’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.