സംഘപരിവാർ പല്ലിളിച്ചിരിക്കുമ്പോൾ മതനിരാസ പാർട്ടി ക്ലാസിനുള്ള സമയമല്ലിത് -‘കക്കുകളി’ക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsതിരുവനന്തപുരം: വിവാദ നാടകമായ കക്കുകളിക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ക്രിസ്തുമത വിരുദ്ധതയാണ് നാടകത്തിലൂടെ ഒളിച്ചു കടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ജീവനോടെ ചുട്ടെരിക്കാൻ മടിക്കാത്ത സംഘപരിവാർ പല്ലിളിച്ചിരിക്കുമ്പോൾ മതനിരാസത്തിന്റെ പാർട്ടി ക്ലാസ് നൽകേണ്ട സമയമല്ലിത്. നാടിന് വഴിവിളക്കായ നിരവധി സന്യാസികളെ സംഭാവന ചെയ്ത ഒരു സമൂഹം വേട്ടയാടപ്പെടുന്ന കാലത്ത് അവരുടെ ചോര കുടിക്കുന്ന രീതി ആശാസ്യമല്ല -രാഹുൽ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘മതവും മതവിശ്വാസികളും നിത്യേന വേട്ടയാടപ്പെടുന്ന കാലത്ത് അതിന് വഴിമരുന്നിടുന്ന നാടകത്തിനെ സി.പി.എം സ്പോൺസർ ചെയ്യുന്നത് ഒട്ടും നല്ലതല്ല. കമ്മ്യൂണിസത്തെ വെള്ളപൂശാൻ നിങ്ങൾ ക്രിസ്തു മതത്തെയല്ല കരിവീഴ്ത്തേണ്ടത്. മതങ്ങൾക്ക് നേരെയുള്ള നിരന്തര അക്രമങ്ങൾ മതേതര രാജ്യത്തെ മുറിവേല്പ്പിക്കുകയേയുള്ളൂ. മനുഷ്യനെ മാനവികതയിലേക്കും മതാതീത ലോകത്തേക്കും നയിക്കേണ്ടത് അന്ധമായി എതിർത്തും അപഹസിച്ചുമല്ല, ഈ കാലം ഒറ്റപ്പെട്ട മനുഷ്യരെ ചേർത്ത് നിർത്തേണ്ട കാലമാണ്’ -രാഹുൽ ചൂണ്ടിക്കാട്ടി.
കുറിപ്പിന്റെ പൂർണരൂപം:
ഫ്രാൻസിസ് നൊറോണയുടെ രചനയെ ആസ്പദമാക്കിയുള്ള കക്കുകളി പുരോഗമനത്തിന്റെ മേലങ്കി അണിഞ്ഞ് നടത്തുന്ന ആവിഷ്കാര സ്വാതന്ത്ര്യമല്ല പകരം ക്രിസ്ത്യൻ മിഷണറിമാരും സന്യാസം സ്വീകരിച്ചവരും പുരോഹിതരും വേട്ടയാടപ്പെടുന്ന കാലത്ത് കക്കുകളി നാടകത്തിലൂടെ ഒളിച്ചു കടത്തപ്പെടുന്നതും ക്രിസ്തുമത വിരുദ്ധത തന്നെയാണ്.
കേരളീയ നവോത്ഥാനത്തിന് ഊർജ്ജം പകർന്നത് മിഷനറിമാരും ക്രിസ്ത്യൻ സഭ സമൂഹവും വിദ്യാഭ്യാസ രംഗത്ത് നടത്തിയ ഇടപെടലും അവർ സ്ഥാപിച്ച എണ്ണമറ്റ കലാലയങ്ങളിൽ നിന്നും പഠിച്ചിറങ്ങിയവരാണെന്നും മറന്നു കൊണ്ടാവരുത് മതരാഹിത്യത്തിന്റെ പുതു പാത തുറക്കാൻ.
സുക്കോളച്ചനെപ്പോലെ നാടിന് വഴിവിളക്കും സേവനം കൊണ്ട് തിളക്കമായവരുമായ നിരവധി സന്യാസികളെ സംഭാവന ചെയ്ത ഒരു സമൂഹത്തിനെ അവർ വേട്ടയാടപ്പെടുന്ന കാലത്ത് അവരുടെ ചോര കുടിക്കുന്ന രീതി ആശാസ്യമല്ല.
മതവും മതവിശ്വാസികളും നിത്യേന വേട്ടയാടപ്പെടുന്ന കാലത്ത് അതിന് വഴിമരുന്നിടുന്ന നാടകത്തിനെ സി.പി.എം സ്പോൺസർ ചെയ്യുന്നത് ഒട്ടും നല്ലതല്ല.
സന്യാസം എന്നത് കക്കുകളി നാടകത്തിലൂടെ നിങ്ങൾ വരച്ചിടുന്നതല്ല, സന്യാസം എന്ന് പറയുമ്പോൾ മദർ തരേസ അടക്കമുള്ള മുഖങ്ങളാണ് ഞങ്ങളുടെയൊക്കെ മനസ്സിൽ തെളിയുന്നത്. ആ തെളിച്ചമുള്ള മുഖങ്ങൾക്ക് നിഴൽ വിഴ്ത്താൻ ഒരു നാടകത്തിനും കഴിയില്ല...
കമ്മ്യൂണിസത്തെ വെള്ളപൂശാൻ നിങ്ങൾ ക്രിസ്തു മതത്തെയല്ല കരിവീഴ്ത്തേണ്ടത് .... മതങ്ങൾക്ക് നേരെയുള്ള നിരന്തര അക്രമങ്ങൾ മതേതര രാജ്യത്തെ മുറിവേല്പ്പിക്കുകയേയുള്ളൂ ...
മനുഷ്യനെ മാനവികതയിലേക്കും മതാതീത ലോകത്തേക്കും നയിക്കേണ്ടത് അന്ധമായി എതിർത്തും അപഹസിച്ചുമല്ല, ഈ കാലം ഒറ്റപ്പെട്ട മനുഷ്യരെ ചേർത്ത് നിർത്തേണ്ട കാലമാണ്, ജീവനോടെ ചുട്ടെരിക്കാൻ മടിക്കാത്ത സംഘപരിവാർ പല്ലിളിച്ചിരിക്കുമ്പോൾ മതനിരാസത്തിന്റെ പാർട്ടി ക്ലാസ് നൽകേണ്ട സമയമല്ലിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.