‘നുണ പറഞ്ഞെങ്കിലും ടീച്ചറെന്നേ വിളിക്കൂ, നമ്മുടെ ടീച്ചറുടെ പൊയ്മുഖം ജനം അറിയട്ടെ’; കെ.കെ ശൈലജക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsമോർഫ് ചെയ്ത വിഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്നും മുഖം വെട്ടിയൊട്ടിച്ചുള്ള പോസ്റ്റർ പ്രചരിക്കുന്നുവെന്നാണ് വാർത്താ സമ്മേളനത്തിൽ പറഞ്ഞതെന്നുമുള്ള വിശദീകരണവുമായി വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജ എത്തിയതിന് പിന്നാലെ അവർക്കെതിരെ പരിഹാസവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ.
‘തനിക്കെതിരെ അശ്ലീല പ്രചാരണം ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണ് നടക്കുന്നതെന്നാരോപിച്ച് കെ.കെ ശൈലജ ടീച്ചർ ചോദിച്ചത് ഷാഫി പറമ്പിലിന് ഉമ്മയില്ലേയെന്നാണ്. ഷാഫി പറമ്പിലിന് ഉമ്മയുണ്ട്, പക്ഷേ ആ ഉമ്മ ഇങ്ങനെ കള്ളം പറയില്ല. പച്ചക്കള്ളമാണ് നാല് വോട്ടിന് വേണ്ടി താങ്കൾ പറയുന്നത്. നുണ പറഞ്ഞ് ഒരു തെരഞ്ഞെടുപ്പിൽ സഹതാപം സൃഷ്ടിക്കാൻ താങ്കൾ ശ്രമിച്ചു. പച്ചക്കള്ളം പറഞ്ഞെങ്കിലും ടീച്ചറെന്നേ ഞങ്ങൾ വിളിക്കൂ’ -രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
കള്ളമാണെന്നറിഞ്ഞിട്ടും അതെറ്റെടുത്ത് ചർച്ച നടത്തിയ സി.ഐ.ടി.യു മാധ്യമ തൊഴിലാളികളും ലേഖനം എഴുതിയ സി.ഐ.ടി.യു എഴുത്തുകാരും നീണ്ട കുറിപ്പെഴുതിയ സി.ഐ.ടി.യു സൈബർ ബുദ്ധിജീവികളും തെറി പറഞ്ഞ സോഷ്യൽ മീഡിയ സി.ഐ.ടി.യു കൃമികീടങ്ങളും സ്ഥാനാർഥിക്കും ഞാനുൾപ്പടെയുള്ളവർക്കുമെതിരെ വാർത്തയെഴുതിയ സി.ഐ.ടി.യു ദേശാഭിമാനിക്കാരും ഇപ്പോഴും ഇതൊക്കെ വിശ്വസിച്ച് വീട് വീടാന്തരം കയറുന്ന പാർട്ടി പ്രവർത്തകരുമൊക്കെ തുടരുക, നമ്മുടെ ടീച്ചറുടെ പൊയ്മുഖം ജനം അറിയട്ടെയെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
'ഷാഫി പറമ്പിലിന് ഉമ്മയില്ലേ?'. തനിക്കെതിരെ അശ്ലീല പ്രചാരണം ഷാഫി പറമ്പിലിന്റെ നേതൃത്വതിലാണ് നടക്കുന്നതെന്ന് ആരോപിച്ച് ശ്രീമതി കെ.കെ ശൈലജ ടീച്ചർ ചോദിച്ച ചോദ്യമാണിത്. അതേ ടീച്ചറേ, ഷാഫി പറമ്പിലിന് ഉമ്മയുണ്ട്, പക്ഷേ ആ ഉമ്മ ഇങ്ങനെ കള്ളം പറയില്ല. മോർഫ് ചെയ്ത വിഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല പോലും...പച്ചക്കള്ളമാണ് നാല് വോട്ടിന് വേണ്ടി താങ്കൾ പറയുന്നത്. പച്ചക്കള്ളം പറഞ്ഞെങ്കിലും ടീച്ചറെന്നേ ഞങ്ങൾ വിളിക്കൂ... നുണ പറഞ്ഞ് ഒരു തെരഞ്ഞെടുപ്പിൽ സഹതാപം സൃഷ്ടിക്കാൻ താങ്കൾ ശ്രമിച്ചു.
നുണ പറഞ്ഞെങ്കിലും ഞങ്ങൾ ടീച്ചറെന്നേ ഞങ്ങൾ വിളിക്കൂ... ടീച്ചർ പറഞ്ഞ കള്ളം കള്ളമാണെന്ന് അറിഞ്ഞിട്ടും അത് ഏറ്റെടുത്ത് ചർച്ച നടത്തിയ സി.ഐ.ടി.യു മാധ്യമ തൊഴിലാളികൾ, ലേഖനം എഴുതിയ സി.ഐ.ടി.യു എഴുത്തുകാർ, നീണ്ട കുറിപ്പ് എഴുതിയ സി.ഐ.ടി.യു സൈബർ ബുദ്ധിജീവികൾ, തെറി പറഞ്ഞ സോഷ്യൽ മീഡിയ സി.ഐ.ടി.യു കൃമികീടങ്ങൾ, എന്നും സ്ഥാനാർഥിക്കും എനിക്കുൾപ്പടെ എതിരെ വാർത്ത എഴുതിയ സി.ഐ.ടി.യു ദേശാഭിമാനിക്കാർ, ഇപ്പോഴും ഇതൊക്കെ വിശ്വസിച്ച് വീട് വീടാന്തരം കയറുന്ന പാർട്ടി പ്രവർത്തകർ... നിങ്ങൾ ഇതൊക്കെ തുടരുക. നമ്മുടെ ടീച്ചറുടെ പൊയ്മുഖം ജനം അറിയട്ടെ...കള്ളവും നുണയും ജനം തിരിച്ചറിയും ടീച്ചറെ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.