‘നിങ്ങളുടെ ഈസ് ഓഫ് ഡൂയിങ്ങിന്റെ ഇരയാണ് ആന്തൂരിലെ സാജനും പത്തനാപുരത്തെ സുഗതനും’; പി. രാജീവിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsകോഴിക്കോട്: ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ കേരളം മുന്നിലെന്ന അവകാശവാദത്തിൽ വ്യവസായ മന്ത്രി പി. രാജീവിന് മറുപടിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സർക്കാറിന്‍റെ ഈസ് ഓഫ് ഡൂയിങ്ങിന്റെ ഇരയാണ് പ്രവാസിയായ ആന്തൂരിലെ സാജനും പത്തനാപുരത്തെ സുഗതനും എന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.
സാജന്‍റെ ഭാര്യയെപറ്റി പാർട്ടി പത്രത്തിൽ എഴുതിയ വൃത്തികെട്ട ഇല്ലാക്കഥകളാണോ ഈസ് ഓഫ് ഡൂയിങ്?. അത് ഈസ് ഓഫ് ഡൂയിങ് അല്ലെന്നും ഡൈയിങ്ങും കില്ലിങ്ങിം ആണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചൂണ്ടിക്കാട്ടി.
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രിയപ്പെട്ട ശ്രീ പി രാജീവ്,
എന്ത് ഈസ് ഓഫ് ഡൂയിങ് ബിസ്സിനെസ്സിനെ പറ്റിയാണ് ഈ ഗരിമ കൊള്ളുന്നത് ?
നിങ്ങളുടെ ഈസ് ഓഫ് ഡൂയിങ്ങിന്റെ ഇരയാണ് ആന്തൂരിലെ സാജൻ. ഓർക്കുന്നുണ്ടോ ആ പാവം പ്രവാസിയെ? ഉള്ളതെല്ലാം കടപ്പെടുത്തി നാട്ടിൽ ഒരു സംഭരഭം തുടങ്ങാൻ വന്നിട്ട് ഒരു മുഴം കയറിൽ തൂങ്ങിയാടിയ ആ മനുഷ്യനെ മറന്നോ?
എന്നിട്ട് നിങ്ങളുടെ ആ മഞ്ഞപത്രത്തിൽ അയാളുടെ ഭാര്യയെ പറ്റി എഴുതിയ വൃത്തികെട്ട ഇല്ലാക്കഥകളാണോ ഈസ് ഓഫ് ഡൂയിങ്ങ്? അത് ഈസ് ഓഫ് doing അല്ല dying ആണ്, Killing ആണ്.
ആരെങ്കിലും ഒരു ഓട്ടോറിക്ഷ ലോൺ എടുത്ത് വാങ്ങിയാൽ പോലും നിങ്ങളുടെ വ്യവസായ വകുപ്പിന്റെ ഒരു ലക്ഷം സംരഭങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്ന അല്പതരത്തെ ചോദ്യം ചെയ്യുന്നില്ല, കാരണം മനുഷ്യന് മനസ്സിൽ ആകാത്ത ഭാഷയിൽ മാർക്സിസം പറഞ്ഞാൽ ഉളുപ്പ് വേണ്ട എന്ന് ആണല്ലോ പാർട്ടി ലൈൻ.. പക്ഷേ ഒരു പാവം ഓട്ടോറിക്ഷ ഡ്രൈവർ ചിത്രലേഖയോടും അവരുടെ ഓട്ടോയോടും ചെയ്ത ക്രൂരത ഏത് ഇൻഡക്സിൽ വരും?
പത്തനാപുരത്ത് പാർട്ടിക്കാർ കൊടി കുത്തിയതിനെ തുടർന്ന് സ്വന്തം വർക്ക് ഷോപ്പിൽ തൂങ്ങി മരിച്ച സുഗതൻ നിങ്ങളുടെ ഈസ് ഓഫ് കില്ലിങ്ങിലെ മറ്റൊരു പേരാണ്…
ഇത്തരം നിരവധി മനുഷ്യരും അവരുടെ രക്തസാക്ഷിത്വങ്ങളും നമ്മുടെ കണ്ണിന് മുന്നിൽ നിൽക്കുമ്പോൾ ദയവ് ചെയ്തു ഇത്തരം വ്യാജ അവകാശവാദങ്ങളിൽ അഭിരമിക്കരുത്…

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.