‘ശൈലജയുടെ പത്രസമ്മേളനം ഹൈജാക്ക് ചെയ്ത വിജയനെ ഞങ്ങൾ മറക്കില്ല’ -സുധാകരനും സതീശനും തമ്മിലുള്ള തർക്കത്തെ ന്യായീകരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsതിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി വാഗ്വാദത്തിലേർപ്പെട്ടതിനെ ന്യായീകരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ‘ഈ തർക്കം പിണറായിയും ഗോവിന്ദനും ഒന്നിച്ചുള്ള പത്രസമ്മേളനത്തിൽ ആയിരുന്നെങ്കിലോ എന്ന് ചോദിക്കുന്നവർക്ക് അവർ ഇരുവരും ഒരുമിച്ച് നടത്തിയ എത്ര പത്രസമ്മേളനങ്ങൾ അറിയാം’ എന്ന് രാഹുൽ ചോദിക്കുന്നു. ‘പത്രസമ്മേളനത്തിൽ വിജയനാർക്കും സ്പേസ് കൊടുക്കില്ലായെന്ന് മാത്രമല്ല, കോവിഡ് കാലത്ത് ആരോഗ്യമന്ത്രി ശൈലജ നടത്തിയിരുന്ന പത്രസമ്മേളനത്തിന് ടി.ആർ.പി റേറ്റിംഗ് ഉണ്ട് എന്ന് മനസ്സിലാക്കി ആ മാധ്യമ സമ്മേളനം ഹൈജാക്ക് ചെയ്ത വിജയനെ നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ലല്ലോ?’ -രാഹുൽ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ കോട്ടയത്ത് നടന്ന വാർത്തസമ്മേളനത്തിലായിരുന്നു കെ. സുധാകരനും വി.ഡി. സതീശനും തമ്മിൽ തർക്കമുണ്ടായത്. രണ്ട് നേതാക്കളും മൈക്കിനുവേണ്ടി പോരടിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. എന്നാൽ, വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ പ്രതിപക്ഷ നേതാവിനാണെന്ന് താൻ പറയാൻ പോകുകയാണെന്ന് സുധാകരൻ പറഞ്ഞതിനാലാണ് തർക്കം ഉടലെടുത്തത് എന്നായിരുന്നു സതീശന്റെ വിശദീകരണം.
രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ് വായിക്കാം:
‘പിണറായിയും ഗോവിന്ദനും ഒന്നിച്ചുള്ള പത്രസമ്മേളനത്തിൽ ആയിരുന്നെങ്കിലോ’ ഇന്നലെ ചില മാധ്യമ പ്രവർത്തകർ ചോദിക്കുന്നത് കേട്ടു. ‘ആയിരുന്നെങ്കിലോ ലോ ലോ ലോ’ എന്ന് കൗതുകപ്പെടാൻ അവർ ഒരുമിച്ച് നടത്തിയ എത്ര പത്രസമ്മേളനങ്ങൾ നിങ്ങൾക്കറിയാം?
വിജയന്റെ ഏത് പത്രസമ്മേളനത്തിലാണ് മറ്റുള്ളവർക്ക് സ്പേസ് കൊടുത്തിട്ടുള്ളത്?
നിങ്ങൾക്കിപ്പോഴും കോടിയേരി വിളിച്ചിട്ട് വന്ന നിങ്ങളോട് 'കടക്ക് പുറത്ത്' എന്ന് പറഞ്ഞ ശ്രീ. വിജയനോട് വലിയ ആരാധനയും രോമാഞ്ചുമായിരിക്കും, പക്ഷേ അതിന്റെ പേരിൽ ഞങ്ങളുടെ രോമം എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്യണമെന്ന് വാശി പിടിക്കരുത്!
പത്രസമ്മേളനത്തിൽ ശ്രീവിജയനാർക്കും സ്പേസ് കൊടുക്കില്ലായെന്ന് മാത്രമല്ല, കോവിഡ് കാലത്ത് ആരോഗ്യമന്ത്രി ശ്രീമതി ശൈലജ നടത്തിയിരുന്ന പത്രസമ്മേളനത്തിന് TRP റേറ്റിംഗ് ഉണ്ട് എന്ന് മനസ്സിലാക്കി ആ മാധ്യമ സമ്മേളനം ഹൈജാക്ക് ചെയ്ത ശ്രീ വിജയനെ നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ലല്ലോ?
പിന്നീട് മാസങ്ങളോളം പ്രതിദിന വാർത്താസമ്മേളനത്തിൽ 'ഈച്ചയ്ക്ക് പാലും കൊതുകിന് ചോരയും അട്ടയ്ക്ക് ചോറും കൊടുക്കണമെന്ന്' പറഞ്ഞ് ഒരു മണിക്കൂർ PR ടീമിന്റെ പാരായണം നടത്തുമ്പോൾ മിണ്ടാൻ അനുവാദമില്ലാതിരുന്ന ശ്രീമതി ശൈലജയുടെ അവസ്ഥ നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കുമോ?
ശ്വാസം വിടുന്നത് കൊണ്ട് മാത്രം പ്രതിമയല്ലായെന്ന് നാം തിരിച്ചറിഞ്ഞ ആ ശ്രീമതി ശൈലജയെ മന്ത്രിസ്ഥാനത്ത് നിന്ന് വെട്ടിയ കഥയൊക്കെ നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കുമോ?
VS അച്ചുതാനന്ദനെ മുൻനിർത്തി ജയിച്ചിട്ട് വെട്ടിയരിഞ്ഞ് മുഖ്യമന്ത്രി സ്ഥാനം പിടിച്ചെടുത്തതും, രണ്ട് ടേൺ പറഞ്ഞ് തോമസ് ഐസക്കിനെയും, G സുധാകരനെയും, EP ജയരാജനെയുമൊക്കെ ഒറ്റ വെട്ടിന് പല കഷണമാക്കിയതുമായ കോമ്രേഡ്ഷിപ്പ് ഒക്കെ നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല!
മാധ്യമ പ്രവർത്തകർക്ക് മുന്നിലെ പരസ്പര
ആരോപണപ്രത്യാരോപണങ്ങളുടെ പേരിൽ പാർട്ടി സെക്രട്ടറിയായ വിജയനെയും പ്രതിപക്ഷ നേതാവായ അച്യുതാനന്ദനെയും അച്ചടക്കനടപടിയുടെ പേരിൽ പോളിറ്റ് ബ്യൂറോയിൽ നിന്ന് സസ്പെന്റ് ചെയ്തത് നിങ്ങൾ മറന്നാലും ഞങ്ങൾ ഓർമ്മിപ്പിക്കും.
എന്തായാലും ആട്ടിപ്പുറത്താക്കിയാലും, മാപ്രയെന്ന് വിളിച്ച് അധിക്ഷേപിച്ചാലും, വാർത്തകളുടെ പേരിൽ നിങ്ങൾക്കെതിരെ കേസ് എടുത്താലും നിങ്ങൾ കാണിക്കുന്ന വിധേയത്വം 'വിധേയനിൽ' ഭാസ്ക്കര പട്ടേലറോട് തൊമ്മി പോലും കാണിച്ചിട്ടുണ്ടാകില്ല.....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.