രാജ്യം ശ്വാസംമുട്ടി മരിക്കാൻ സമ്മതിക്കാത്ത ശ്രീനിവാസിനെ 'തൂക്കിക്കൊല്ലണം' -പ്രതിഷേധവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
text_fieldsരാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ള യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ശ്രീനിവാസ് 'സർക്കാർവിരുദ്ധ' പ്രവർത്തനമാണ് നടത്തുന്നതെന്നും അദ്ദേഹത്തെ ചോദ്യം ചെയ്യുക മാത്രമല്ല, തൂക്കിക്കൊല്ലുകയും വേണമെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
മോദി സർക്കാർ കോവിഡ് കാലത്ത് വിസ്റ്റ പണിയിൽ ശ്രദ്ധിക്കുമ്പോൾ, ശ്രീനിവാസ് കോവിഡ് ബാധിച്ച ആളുകൾക്ക് ഭക്ഷണവും മരുന്നും എത്തിക്കുക എന്ന 'സർക്കാർ വിരുദ്ധ' പ്രവർത്തനമാണ് നടത്തുന്നതെന്ന്, ചോദ്യം ചെയ്യലിനെ പരിഹസിച്ച് രാഹുൽ കുറിച്ചു. സർക്കാറിന്‍റെ പ്രഖ്യാപിത നയമാണ് നിസ്സംഗത. എന്നാൽ ശ്രീനിവാസ് അവർക്ക് ഓക്സിജൻ എത്തിക്കുക എന്ന "രാജ്യദ്രോഹം" ചെയ്യുന്നു.
രാജ്യം ശ്വാസംമുട്ടി മരിക്കുവാൻ സമ്മതിക്കാത്ത ശ്രീനിവാസിനെ തൂക്കിക്കൊല്ലണം, ഗംഗയിലും യമുനയിലും ശവശരീരമായി ഒഴുകി നടക്കുവാൻ അനുവദിക്കാതെ അവർക്ക് മരുന്ന് എത്തിക്കുന്ന ശ്രീനിവാസിനെ തൂക്കിക്കൊല്ലണം എന്നിങ്ങനെ നീളുന്നു രാഹുലിന്‍റെ പോസ്റ്റ്.
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫേസ്ബുക്ക് പോസിറ്റിന്‍റെ പൂർണരൂപം-
യൂത്ത് കോൺഗ്രസ് ദേശിയ അധ്യക്ഷൻ ശ്രീ ബി.വി. ശ്രീനിവാസിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കോവിഡ് കാലത്ത് ശ്രീനിവാസ് ചെയ്യുന്ന സേവനങ്ങളുടെ 'സോഴ്സ്' അറിയണമത്രേ! ശ്രീനിവാസിനെ ചോദ്യം ചെയ്യുക മാത്രമല്ല അയാളെ തൂക്കിക്കൊല്ലുക തന്നെ ചെയ്യണം. കാരണം അയാൾ നടത്തുന്നത് സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളാണ്. മോദി സർക്കാർ കോവിഡ് കാലത്ത് വിസ്റ്റ പണിയിൽ ശ്രദ്ധിക്കുമ്പോൾ, ശ്രീനിവാസ് കോവിഡ് ബാധിച്ച ആളുകൾക്ക് ഭക്ഷണവും മരുന്നും എത്തിക്കുക എന്ന 'സർക്കാർ വിരുദ്ധ' പ്രവർത്തനം നടത്തുന്നു.
മനുഷ്യർ ഓക്സിജൻ കിട്ടാതെ മരണത്തോട് മല്ലടിക്കുമ്പോൾ സർക്കാറിന്‍റെപ്രഖ്യാപിത നയമാണ് നിസ്സംഗത. എന്നാൽ, ശ്രീനിവാസ് അവർക്ക് ഓക്സിജൻ എത്തിക്കുക എന്ന 'രാജ്യദ്രോഹം' ചെയ്യുന്നു. തെരുവിലെ ആയിരങ്ങൾ സർക്കാറിന്‍റെ പട്ടികയിൽ തന്നെയില്ല. അത്തരക്കാർക്ക് ഇയാൾ ഭക്ഷണം എത്തിച്ചു നൽകുക എന്ന 'ക്രൂരത' ചെയ്യുന്നു. അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത കുറ്റങ്ങൾക്ക്, തീർച്ചയായും ഇയാളെ ചോദ്യം ചെയ്തു, തുക്കിക്കൊല്ലണം.
രാജ്യം ശ്വാസം മുട്ടി മരിക്കുവാൻ സമ്മതിക്കാത്ത ശ്രീനിവാസിനെ തുക്കിക്കൊല്ലണം. ഗംഗയിലും യമുനയിലും ശവശരീരമായി ഒഴുകി നടക്കുവാൻ അനുവദിക്കാതെ അവർക്ക് മരുന്ന് എത്തിക്കുന്ന ശ്രീനിവാസിനെ തൂക്കിക്കൊല്ലണം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.