‘ആ ‘കാഫിറാരാണ്’ എന്ന് കണ്ടുപിടിച്ച ശേഷമേ പോരാട്ടം നിർത്തൂ’, ചോദ്യശരങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsകാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ യൂത്ത് ലീഗ് നേതാവ് ഖാസിമല്ലായെന്ന് കേരള പൊലീസ് തന്നെ പറയുന്നതിൽ സന്തോഷമുണ്ടെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. യു.ഡി.എഫ് അല്ല ആ വ്യാജ പ്രചാരണത്തിന് പിന്നിലെന്ന് കേരള പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നതിൽ സന്തോഷമുള്ളപ്പോഴും ആ ‘കാഫിറാരാണ്’ എന്ന് കണ്ടുപിടിച്ച് പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവന്ന് നിർത്തിയിട്ടേ തങ്ങൾ പോരാട്ടം അവസാനിപ്പിക്കൂവെന്നും രാഹുൽ പറയുന്നു. അതൊരു വെല്ലുവിളിയല്ല, ഈ നാടിന്റെ നന്മയ്ക്കുവേണ്ടിയുള്ള തങ്ങളുടെ കടമയാണെന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ രാഹുൽ പറഞ്ഞു.
സ്ക്രീൻ ഷോട്ടിന് പിന്നിൽ യു.ഡി.എഫ് അല്ല എന്ന് തെളിഞ്ഞതോടെ ആറു ചോദ്യങ്ങളും രാഹുൽ ഉന്നയിക്കുന്നുണ്ട്. കാഫിർ പ്രചാരണം നടത്തിയത് യു.ഡി.എഫ് അല്ലെങ്കിൽ പിന്നെ എന്തിനാണ് തികഞ്ഞ മതേതരവാദിയായ ഷാഫി പറമ്പിൽ എന്ന ചെറുപ്പക്കാരനെ നിങ്ങൾ വർഗീയ ചാപ്പ കുത്താൻ ശ്രമിച്ചത്?, എന്തിനാണ് കെ.കെ. ശൈലജയെന്ന ഇടതുപക്ഷ സ്ഥാനാർഥി തെരഞ്ഞെടുപ്പ് ദിവസം തന്നെ ഈ സ്ക്രീൻ ഷോട്ടിന് പിന്നിൽ ഷാഫി പറമ്പിലിന്റെ അറിവുണ്ട് എന്ന ഹീനമായ ആരോപണം ഉന്നയിച്ചത്?, മുസ്‍ലിം നാമധാരിയായ ഒരു ചെറുപ്പക്കാരൻ വർഗീയ വാദിയായിരിക്കണമെന്ന മുൻവിധി കലർന്ന ഇസ്ലാമോഫോബിയ തന്നെയാണോ എൽ.ഡി.എഫിനെയും നയിക്കുന്നത്? തുടങ്ങിയ ചോദ്യങ്ങളാണ് രാഹുൽ ഉന്നയിച്ചത്.
പോസ്റ്റിന്റെ പൂർണരൂപം
കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ യൂത്ത് ലീഗ് നേതാവ് ഖാസിമല്ലായെന്ന് പോലീസ് അന്വേഷണ റിപ്പോർട്ട്....യു.ഡി.എഫ് അല്ല ആ വ്യാജ പ്രചാരണത്തിന് പിന്നിലെന്ന് കേരള പോലീസ് തന്നെ പറയുമ്പോൾ സന്തോഷമുണ്ട്. ആ സന്തോഷത്തിനിടയിലും ചില ചോദ്യങ്ങൾ ചോദിക്കട്ടെ?
1. കാഫിർ പ്രചാരണം നടത്തിയത് യു.ഡി.എഫ് അല്ലായെങ്കിൽ പിന്നെ എന്തിനാണ് മനുഷ്യർക്കിഷ്ടമുള്ള ജനകിയ അടിത്തറയുള്ള തികഞ്ഞ മതേതരവാദിയായ ഷാഫി പറമ്പിൽ എന്ന ചെറുപ്പക്കാരനെ നിങ്ങൾ വർഗ്ഗീയ ചാപ്പ കുത്താൻ ശ്രമിച്ചത്?
2. യു.ഡി.എഫ് അല്ല ഈ പ്രചാരണത്തിനു പിന്നിൽ എന്ന് ബോധ്യമുണ്ടായിട്ടും പിന്നെയുമെന്തിനാണ് ശ്രീമതി കെ.കെ. ശൈലജയെന്ന ബഹുമാന്യ ഇടതുപക്ഷ സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ് ദിവസം തന്നെ ഈ സ്ക്രീൻ ഷോട്ടിന് പിന്നിൽ ഷാഫി പറമ്പിലിന്റെ അറിവുണ്ട് എന്ന ഹീനമായ ആരോപണം ഉന്നയിച്ചത്?
3. മുസ്ലീം നാമധാരിയായ ഒരു ചെറുപ്പക്കാരൻ വർഗ്ഗീയ വാദിയായിരിക്കണമെന്ന മുൻവിധി കലർന്ന ഇസ്ലാമോഫോബിയ തന്നെയാണോ എൽ.ഡി.എഫിനെയും നയിക്കുന്നത്?
4. നിങ്ങളുടെ വ്യാജ പ്രചാരണം സത്യമാണെന്ന് വിശ്വസിച്ച് വാദിച്ച സാധുക്കളായ സാധാരണ പാർട്ടിപ്രവർത്തകരോട് എങ്കിലും നിങ്ങൾ മാപ്പ് പറയുമോ?
5. ശ്രീമതി കെ.കെ. ശൈലജയുടെ വ്യാജ ആരോപണത്തെ ക്യാരി ചെയ്ത് ശ്രീ ഷാഫി പറമ്പിലിനെ സംശയത്തിന്റെ നിഴലിൽ നിർത്തിയ ശൈലജ ഭക്തരായ ചില മാധ്യമപ്രവർത്തകർ മാപ്പ് പറയുമോ?
ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ,
6. കാഫിർ പ്രചാരണത്തിനു പിന്നിൽ യു.ഡി.എഫ് അല്ലായെങ്കിൽ പിന്നെയാരാണത് ചെയ്ത് ഈ നാടിനെ വർഗ്ഗീയമായി കീറി മുറിച്ച് മുറിവേല്പ്പിക്കാൻ ശ്രമിച്ചത്?
ഒരു കാര്യം തീർത്ത് പറയാം, ആ 'കാഫിറാരാണ്' എന്ന് കണ്ടുപിടിച്ച് പൊതുസമൂഹത്തിന് മുന്നിൽ കൊണ്ട് വന്ന് നിർത്തിയിട്ടെ ഞങ്ങൾ ഈ പോരാട്ടം അവസാനിപ്പിക്കു. അതൊരു വെല്ലുവിളിയല്ല, ഈ നാടിന്റെ നന്മയ്ക്കുവേണ്ടിയുള്ള ഞങ്ങളുടെ കടമയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.