കാലവും ചരിത്രവും മിശിഹായുടേതാണ്, ഒറ്റുകാരന്റേതല്ല -രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsകോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്‍റണി ബി.ജെ.പിയിൽ ചേർന്നതിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. കാലവും ചരിത്രവും മിശിഹായുടേതാണെന്നും ഒറ്റുകാരന്റെത് അല്ലെന്നും രാഹുൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഇന്ന് പെസഹയാണ്... ക്രിസ്തു തന്റെ ശിഷ്യഗണങ്ങളോടൊത്ത് തന്റെ അവസാന അത്താഴം കഴിച്ച ദിനം. അന്ത്യ അത്താഴ സമയത്തും ക്രിസ്തുവിന് ബോധ്യമുണ്ടായിരുന്നു തന്നോടൊപ്പം താലത്തിൽ കൈമുക്കുന്നവൻ ഒറ്റുമെന്ന്. മുപ്പത് വെള്ളിക്കാശിന് ഒറ്റിയവന് ഒടുവിലത് ദേവാലയത്തിലേക്ക് വലിച്ചെറിഞ്ഞ് കെട്ടിത്തൂങ്ങി ചാകേണ്ടി വന്നു. ഇത് ഒറ്റുകാരുടെ മുൻഗാമിയുടെ ചരിത്രമാണ്. ഇന്ന് ഒറ്റുകാരൻ മിശിഹായ്ക്ക് വില പറഞ്ഞുറപ്പിച്ച്, നാളെ ദുഃഖവെള്ളിയിൽ അസാനിക്കാമെന്ന് കരുതിയെങ്കിൽ തെറ്റി, മൂന്നാംപക്കം ഒരു ഉയിർപ്പുണ്ടാകും നിശ്ചയമായും. കാലവും ചരിത്രവും മിശിഹായുടേതാണ്, ഒറ്റുകാരന്റെത് അല്ല -രാഹുൽ കുറിച്ചു.
അനിൽ ആന്‍റണി ബി.ജെ.പിയിൽ ചേർന്നതിനെതിരെ രൂക്ഷപ്രതികരണവുമായി വിവിധ കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്. സ്വന്തം പിതാവിനെ ഒറ്റിക്കൊടുത്ത യൂദാസാണ് അനിൽ ആന്‍റണിയെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പ്രതികരിച്ചത്. അനിൽ ആന്റണി എ.കെ ആന്റണിയുടെ മകൻ എന്നതിനപ്പുറത്ത് കോൺഗ്രസ് പാർട്ടിക്ക് ആരുമല്ലെന്നും സുധാകരൻ പ്രതികരിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം:
ഇന്ന് പെസഹയാണ്...
ക്രിസ്തു തന്റെ ശിഷ്യഗണങ്ങളോടൊത്ത് തന്റെ അവസാന അത്താഴം കഴിച്ച ദിനം.
അന്ത്യ അത്താഴ സമയത്തും ക്രിസ്തുവിന് ബോധ്യമുണ്ടായിരുന്നു തന്നോടൊപ്പം താലത്തിൽ കൈമുക്കുന്നവൻ തന്നെ ഒറ്റുമെന്ന്...
ശിഷ്യ കൂട്ടത്തിന്റെ പണ സൂക്ഷിപ്പുകാരനായിരുന്നു യൂദ ഇസ്കറിയോത്താവ്. ആ ഒറ്റുകാരന് ഒന്നിനുമിവിടെ പഞ്ഞമില്ലായിരുന്നു , മിശിഹായോട് ചേർന്ന് പന്തിയിരിക്കാനും , കാര്യവിചാരകത്വവും അവനുണ്ടായിരുന്നു...
മിശിഹായോടുകൂടെ ഇത്ര കാലം കഴിഞ്ഞിട്ടും ഒറ്റുകാരന് അവന്റെ ചങ്കിടിപ്പിന്റെ താളം മനസ്സിലായില്ല. മുപ്പത് വെള്ളിക്കാശിന് ഒറ്റിയവന് ഒടുവിലത് ദേവാലയത്തിലേക്ക് വലിച്ചെറിഞ്ഞ് കെട്ടിത്തൂങ്ങി ചാകേണ്ടി വന്നു.
പിന്നീട് ലോകം കണ്ടത് കുടല് തുറിച്ച് താഴെക്കിടക്കുന്ന ഒറ്റുകാരനെയാണ്.
ഇത് ഒറ്റുകാരുടെ മുൻഗാമിയുടെ ചരിത്രമാണ്.
ഒരു ഉയിർപ്പ് ഇല്ലായെന്ന് ക്രൂശകരും കരുതുന്നുണ്ടാകും. ഇന്ന് ഒറ്റുകാരൻ മിശിഹായ്ക്ക് വില പറഞ്ഞുറപ്പിച്ച്, നാളെ ദുഃഖവെള്ളിയിൽ അസാനിക്കാമെന്ന് കരുതിയെങ്കിൽ തെറ്റി, മൂന്നാംപക്കം ഒരു ഉയിർപ്പുണ്ടാകും നിശ്ചയമായും... കാലവും ചരിത്രവും മിശിഹായുടേതാണ്, ഒറ്റുകാരന്റെത് അല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.