‘ഇത് പിണറായി സർക്കാരിന്റെ വിജയം!, മാളത്തിൽ ഒളിച്ച സകല അടിമകളും പെട്ടെന്നുവന്നു കവിത രചിച്ചാലും’
text_fieldsതിരുവനന്തപുരം: നടിയോട് മോശമായി പെരുമാറിയെന്ന ആരോപണം നേരിട്ട ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ പുറത്താക്കാതെ സർക്കാർ സംരക്ഷിച്ചിട്ടും ഒടുവിൽ പ്രതിഷേധം ശക്തമായതോടെ രാജിവെക്കേണ്ടി വന്നതിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിൽ. ‘ഇത് പിണറായി സർക്കാരിന്റെ വിജയം! ഇതുവരെ മാളത്തിൽ ഒളിച്ച സകല സിപിഎം പ്രതികരണ സിംഹങ്ങളും സി.ഐ.ടി.യു സാംസ്കാരിക-മാധ്യമ വിഭാഗ അടിമകളും പെട്ടെന്നു വന്നു കവിതകൾ രചിച്ചാലും’ എന്നാണ് രാഹുലിന്റെ പരിഹാസം.
‘‘ഇനിയിപ്പോൾ അവരുടെ വരവാണ്!
ഇത് പിണറായി സർക്കാരിന്റെ വിജയം!
ഉപ്പ് തിന്നവർ വെള്ളം കുടിക്കും, കത്തുന്ന സൂര്യന് അഭിവാദ്യങ്ങൾ…
ഇത് വരെ മാളത്തിൽ ഒളിച്ച സകല സിപിഎം പ്രതികരണ സിംഹങ്ങളും സി.ഐ.ടി.യു സാംസ്കാരിക-മാധ്യമ വിഭാഗ അടിമകളും പെട്ടെന്നു വന്നു കവിതകൾ രചിച്ചാലും!!!
പിണറായി ഡാ ഡാ ഡാ ഡാ ……’’ എന്നാണ് കുറിപ്പ്.
ബംഗാളി നടി ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ, രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് ആദ്യം സി.പി.എം സ്വീകരിച്ചിരുന്നത്. പ്രഗൽഭനായ കലാകാരനാണ് രഞ്ജിത്തെന്നും ആരോപണം തെളിയിക്കപ്പെട്ടാൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നാണ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്. ഈ പ്രസ്താവനക്കെതിരെ പ്രതിഷേധം ഉയർന്നതോടെ സജി ചെറിയാൻ നിലപാട് മാറ്റിയിരുന്നു.
പ്രതിപക്ഷത്തിന് പുറമേ ഭരണപക്ഷത്തുള്ള സി.പി.ഐ അടക്കമുള്ള പാർട്ടികളും രഞ്ജിത്ത് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. സിനിമ രംഗത്തുള്ള പലരും രാജി ആവശ്യം ഉയർത്തിയിരുന്നു. ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്ന സിനിമ താരങ്ങളും രാജി ആവശ്യം ഉയർത്തിയതോടെ രഞ്ജിത്ത് കടുത്ത സമ്മർദ്ദത്തിലായിരുന്നു. ഇതോടെയാണ് സർക്കാറിന് മുമ്പാകെ രാജിക്കത്ത് സമർപ്പിക്കാൻ രഞ്ജിത്ത് നിർബന്ധിതനായത്.
പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത് വളകളിൽ തൊടുന്ന ഭാവത്തിൽ കൈയിൽ സ്പർശിച്ചതായും മുടിയിൽ തലോടിയതായും ബംഗാളി നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയിരുന്നു. കഴുത്തിൽ സ്പർശിക്കാൻ ശ്രമിച്ചതോടെ മുറിയിൽ നിന്നിറങ്ങി. ഇതേത്തുടർന്നു സിനിമയിൽ അഭിനയിക്കാതെ പിറ്റേന്നു തന്നെ മടങ്ങി. ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. എന്നാൽ, അതിലേക്കുള്ള സൂചനകൾ നൽകുന്നതായിരുന്നു രഞ്ജിത്തിന്റെ പെരുമാറ്റം. ബംഗാളിലിരുന്നു നിയമനടപടികൾ സ്വീകരിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും ഇടതു സഹയാത്രികയായ ശ്രീലേഖ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.